ഗാസ: ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറും ഗാസയിലെ സൈനികത്തലവനുമായ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഗാസയില്‍ കഴിഞ്ഞയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നതെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു. മൃതദേഹം ഖാന്‍ യൂനിസിലെ തുരങ്കത്തില്‍ നിന്നു കണ്ടെടുത്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതിനു പിന്നാലെയാണ് ഹമാസ് നേതാവ് കൊല്ലപ്പെട്ടത്. ഒക്ടോബറില്‍ ഇസ്രായേലി സൈന്യം വധിച്ച ഹമാസ് കമാന്‍ഡര്‍ യഹിയ സിന്‍വാറിന്റെ ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍.
ഗാസ മുനമ്പില്‍ ഞായറാഴ്ചയും ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി നടത്തിയ വ്യോമാക്രമണണങ്ങളില്‍ 103 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതെന്നു കരുതുന്നു. റഫയിലെ ഹമാസ് നേതാവായ മുഹമ്മദ് ഷബാനയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചനകളുണ്ട്.
ഗാസയിലെ യൂറോപ്യന്‍ ഹോസ്പിറ്റല്‍ താവളമാക്കിയാണ് മുഹമ്മദ് സിന്‍വാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിവരം ലഭിച്ച ഇസ്രായേല്‍ ചൊവ്വാഴ്ച മുതല്‍ ഇവിടെ ആക്രമണം കടുപ്പിച്ചിരുന്നു.
മുഹമ്മദ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ ജൂലൈയിലാണ് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ ചുമതല മുഹമ്മദ് സിന്‍വാര്‍ ഏറ്റെടുത്തത്.