ന്യൂയോര്‍ക്ക്: ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയാണ് ഹമാസ് 2023 ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ചതെന്ന് ഗാസയില്‍ നടന്ന ഉന്നതതല യോഗത്തിന്റെ മിനിറ്റ്സ്. ഒരു തുരങ്കത്തില്‍ നിന്നാണ് ഇസ്രായേല്‍ സൈന്യം ഈ മിനിറ്റ്‌സ് കണ്ടെത്തിയതെന്നാണ് പറയുന്നത്.
പാലസ്തീന്‍ ലക്ഷ്യത്തെ അരികുവത്ക്കരിക്കാന്‍ സാധ്യതയുള്ള ചര്‍ച്ചകള്‍ തകര്‍ക്കാന്‍ ഒരു 'അസാധാരണമായ പ്രവൃത്തി' ആവശ്യമാണെന്ന് ഹമാസിന്റെ ഗാസ മേധാവി യഹ്യ സിന്‍വാര്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ അവലോകനം ചെയ്ത രേഖയിലുള്ളതായി റിപ്പോര്‍ട്ട് പറയുന്നു.
ഹമാസിന്റെ നീക്കങ്ങള്‍ ഇസ്രായേലി സൈനിക നീക്കം ശക്തമാകാന്‍ കാരണമാവുകയും ഗാസ ആരോഗ്യ അധികൃതര്‍ പറയുന്നതനുസരിച്ച് 53,000-ത്തിലധികം പാലസ്തീനികളെ കൊന്നൊടുക്കുന്നതിലേക്കും പ്രദേശം നാശത്തിലാവുകയും ചെയ്തു. അതോടെ അറബ് ലോകത്തും പുറത്തും രോഷം ആളിക്കത്തുകയും ഇസ്രായേല്‍- സൗദി ചര്‍ച്ചകളിലൂടെ സാധാരണവത്ക്കരണ പുരോഗതി നിര്‍ത്തിവെക്കുകയും ചെയ്തു.
ചൊവ്വാഴ്ച റിയാദ് സന്ദര്‍ശിച്ച പ്രസിഡന്റ് ട്രംപ് ഇക്കാര്യം വ്യക്തമാക്കുകയും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ സൗദി അറേബ്യയോട് ആവശ്യപ്പെടുകയും ചെയ്തു.
2023 ഒക്ടോബര്‍ 2ന് ഗാസയില്‍ നടന്ന ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ യോഗത്തില്‍ നിന്നുള്ള മിനിറ്റ്‌സില്‍ 'സൗദി- സയണിസ്റ്റ് സാധാരണവത്ക്കരണ കരാര്‍ ഗണ്യമായി പുരോഗമിക്കുന്നു എന്നതില്‍ സംശയമില്ല' എന്ന് സിന്‍വാര്‍ പറഞ്ഞതായി ഉദ്ധരിച്ചിട്ടുണ്ട്. ഇത്തരം കരാര്‍ 'ഭൂരിപക്ഷം അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ക്കും പാത പിന്തുടരാനുള്ള വാതില്‍ തുറക്കും' എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇസ്രായേലിനെ പൂര്‍ണ്ണമായും നശിപ്പിക്കാനും ജോര്‍ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയില്‍ പാലസ്തീന്‍ രാഷ്ട്രത്തിനും ആഹ്വാനം ചെയ്ത സിന്‍വാറിനും ഹമാസിനും ഇത് അസ്വീകാര്യമായിരുന്നു. രണ്ട് വര്‍ഷമായി ആസൂത്രണ ഘട്ടത്തിലായിരുന്ന ഒരു ആക്രമണം അഴിച്ചുവിടേണ്ട സമയമാണിതെന്ന് സിന്‍വാര്‍ പറഞ്ഞു. ഇതിന് ഇസ്രായേലിനെതിരായ പ്രതിരോധ അച്ചുതണ്ടില്‍ ഉള്‍പ്പെടുന്ന ഇറാനിയന്‍ പിന്തുണയുള്ള മറ്റ് ശക്തികളില്‍ നിന്ന് സഹായം ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.
എന്നാല്‍ രേഖയുടെ ആധികാരികതയെക്കുറിച്ചോ അതിന്റെ ഉള്ളടക്കത്തെക്കുറിച്ചോ ഉള്ള ചോദ്യങ്ങളോട് ഹമാസ് പ്രതികരിച്ചിട്ടില്ല.
ജേണല്‍ അവലോകനം ചെയ്ത രേഖകള്‍ പ്രകാരം ഇസ്രായേലും സൗദി അറേബ്യയും തമ്മില്‍ യു എസ് മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളുടെ പുരോഗതി ഹമാസ് നേതാക്കള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതായി കാണിക്കുന്നു. മൂന്ന് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ അഭിപ്രായവ്യത്യാസങ്ങള്‍ കുറയുകയാണെന്ന് 2023ല്‍ പറഞ്ഞിരുന്നു.
ഹമാസിന്റെയും ഹിസ്ബുള്ളയുടെയും മുതിര്‍ന്ന അംഗങ്ങളെ ഉദ്ധരിച്ച് ജേണല്‍ ആക്രമണവുമായി ബന്ധപ്പെട്ട മറ്റൊരു കൂടിക്കാഴ്ച ആ വര്‍ഷം ഒക്ടോബര്‍ 2ന് നടന്നതായി റിപ്പോര്‍ട്ട് ചെയ്തു. ബെയ്‌റൂട്ടില്‍ ഹമാസിന്റെ പ്രതിനിധികളും ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു. ആസൂത്രിത ആക്രമണത്തിന് ഇറാന്‍ അംഗീകാരം നല്‍കിയതായി വ്യക്തമാക്കി.
ആക്രമണത്തിന്റെ വിശദാംശങ്ങള്‍, വ്യാപ്തി, തിയ്യതി എന്നിവ ഗാസയിലെ ഹമാസിന്റെ സൈനിക വിഭാഗം രഹസ്യമായി സൂക്ഷിച്ചിരുന്നുവെന്ന് ഹമാസിന്റെയും ഹിസ്ബുള്ളയുടെയും മറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇറാനിലെയും ഹിസ്ബുള്ളയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 2021ലെ വേനല്‍ക്കാലം മുതല്‍ ഹമാസുമായി ആക്രമണ ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്തുവരികയായിരുന്നു. ഒക്ടോബര്‍ 7ന് മുമ്പുള്ള ആഴ്ചകളില്‍ യുദ്ധ പരിശീലനം ഉള്‍പ്പെടെ ഇറാന്‍ ഹമാസിന് ആയുധങ്ങള്‍, ധനസഹായം, പരിശീലനം എന്നിവ ദീര്‍ഘകാലത്തേക്ക് നല്‍കിയതായും നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഇസ്രായേലുമായി നേരിട്ടുള്ള പൂര്‍ണ്ണമായ യുദ്ധത്തില്‍ കലാശിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ടെഹ്റാനും ഹിസ്ബുള്ളയും ഹമാസിനോട് വ്യക്തമാക്കിയതായി ഇസ്രായേല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒക്ടോബര്‍ 7ലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ നേരിട്ട് ഉള്‍പ്പെട്ട നിരവധി വ്യക്തികള്‍ ഇപ്പോള്‍ മരണപ്പെട്ടു. കഴിഞ്ഞ ഒക്ടോബറില്‍ ഗാസയില്‍ ഇസ്രായേല്‍ സൈന്യം സിന്‍വാറിനെ കൊലപ്പെടുത്തി. ഒക്ടോബര്‍ 2ലെ രാഷ്ട്രീയ ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ചിലര്‍ ഉള്‍പ്പെടെ ഗാസയിലെ ഹമാസിന്റെ മറ്റ് ഉന്നത നേതാക്കളും കൊല്ലപ്പെട്ടു.
സിന്‍വാറിനൊപ്പം പ്രസ്ഥാനത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്ന ഇസ്മായില്‍ ഹനിയെ ഉള്‍പ്പെടെ പ്രവാസത്തിലുള്ള മുന്‍നിര ഹമാസ് നേതാക്കളെയും ഇസ്രായേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. സിന്‍വാറിന്റെ സഹോദരനും ഹമാസിന്റെ സൈനിക പ്രവര്‍ത്തനങ്ങളുടെ തലവനുമായ മുഹമ്മദിനെ ലക്ഷ്യം വെച്ച് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയെങ്കിലും അദ്ദേഹം കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇസ്രായേല്‍ സൈന്യം കണ്ടെത്തി ജേണല്‍ അവലോകനം ചെയ്ത മറ്റ് ആഭ്യന്തര ഹമാസ് രേഖകളില്‍ സൗദി- ഇസ്രായേല്‍ സാധാരണവത്ക്കരണം കൂടുതല്‍ ദുഷ്‌കരമാക്കുന്നതിന് വെസ്റ്റ് ബാങ്കിലും ജറുസലേമിലും സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന 2023 സെപ്റ്റംബറിലെ ഒരു റിപ്പോര്‍ട്ടും ഉള്‍പ്പെടുന്നു.
പാലസ്തീന്‍ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള സൗദിയുടെ പ്രസ്താവനകളില്‍ റിപ്പോര്‍ട്ട് അവിശ്വാസം പ്രകടിപ്പിക്കുകയും ഹമാസിനെ നിര്‍വീര്യമാക്കുന്നതിനും സാധാരണവത്ക്കരണത്തിനെതിരെ പോരാടുന്നത് തടയുന്നതിനുമുള്ള 'ദുര്‍ബലവും പരിമിതവുമായ നടപടികള്‍' എന്ന് അവയെ വിശേഷിപ്പിക്കുകയും ചെയ്തു.
ഇറാനിയന്‍ പിന്തുണയുള്ള ഹമാസുമായുള്ള സൗദി ബന്ധം എതിരാളികളായ പാലസ്തീന്‍ വിഭാഗമായ ഫത്തയില്‍ നിന്ന് ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തതു മുതല്‍ പിറകോട്ടു പോയിരുന്നു.