പാക് ഭീകര-സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന

പാക് ഭീകര-സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന


ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിലെയും പാക് അധിനിവേശ പ്രദേശങ്ങളിലെയും സൈനിക, ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന. നീതി നടപ്പാക്കി എന്ന അടിക്കുറിപ്പോടെയാണ് കരസേനയുടെ വെസ്റ്റേൺ കമാൻഡ് എക്‌സിലൂടെ വിഡിയോ പുറത്തുവിട്ടത്. ആസൂത്രണം ചെയ്തു, പരിശീലിപ്പിച്ചു, നടപ്പിലാക്കി എന്നും കരസേന എക്‌സിൽ കുറിച്ചിട്ടുണ്ട്.

മേയ് ഒമ്പതാം തീയതി മുതൽ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സേന പങ്കുവെച്ചിട്ടുള്ളത്. പ്രതികാരമല്ലെന്നും കനത്ത തിരിച്ചടിയിലൂടെ ശത്രുക്കൾക്ക് കൃത്യമായ മറുപടി നൽകുകയാണ് ലക്ഷ്യമിട്ടതെന്നും വിഡിയോയിൽ സൈനികർ വ്യക്തമാക്കുന്നുണ്ട്.


പാക് കേന്ദ്രങ്ങൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ കരസേന മുമ്പും പുറത്തുവിട്ടിരുന്നു. എന്നാൽ, ഇത്രയും കൃത്യതയും വ്യക്തതയുമുള്ളത് ആക്രമണ ദൃശ്യങ്ങൾ സേന പുറത്തുവിടുന്നത് ആദ്യമായാണ്.

ശനിയാഴ്ച വെസ്റ്റേൺ കമാൻഡിന്റെ കീഴിലുള്ള പ്രദേശങ്ങൾ സന്ദർശിച്ച കമാൻഡർ ല്ര്രഫനന്റ് ജനറൽ മനോജ് കുമാർ കഠ്യാർ സൈനികർക്ക് മനോവീര്യം പകർന്നിരുന്നു. കൂടാതെ, പ്രദേശത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കമാൻഡർ നിർദേശം നൽകുകയും ചെയ്തു.