മിനിയാപോളിസ്: ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത രണ്ടാമത്തെ വെടിവെപ്പ് സംഭവത്തിന് പിന്നാലെ മിനിയാപോളിസില്‍ സംഘര്‍ഷം തുടരുന്നു. ബുധനാഴ്ച നടന്ന സംഭവത്തില്‍ ട്രാഫിക് പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ ഫെഡറല്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനെ തുടര്‍ന്ന് വെടിവെച്ചതായാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) അറിയിച്ചത്.
ജനുവരി 7ന് 37 വയസ്സുള്ള റിനീ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ട സംഭവവും ഇപ്പോഴും വിവാദമാണ്. ഐസിഇ ഉദ്യോഗസ്ഥരെ ഇടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് ഫെഡറല്‍ അധികൃതര്‍ അവകാശപ്പെടുമ്പോള്‍, പ്രാദേശിക ഭരണകൂടം ഈ വാദം ചോദ്യം ചെയ്യുന്നു. ഇതിന് പിന്നാലെ മിനിയാപോളിസ് മേയര്‍ ജേക്കബ് ഫ്രേയും മിന്നസോട്ട ഗവര്‍ണര്‍ ടിം വാള്‍സും ഫെഡറല്‍ നിയമപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയോയെന്ന് പരിശോധിക്കാന്‍ ഫെഡറല്‍ അന്വേഷണം ആരംഭിച്ചതായി യു.എസ്. ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതിനെതിരെ ഗവര്‍ണര്‍ വാള്‍സ് പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് നീതിന്യായ സംവിധാനത്തെ ആയുധമാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. റിനീ ഗുഡ് വെടിവെപ്പില്‍ പങ്കെടുത്ത ഫെഡറല്‍ ഏജന്റിനെതിരേ അന്വേഷണം ഇല്ലെന്നതും വാള്‍സ് ചൂണ്ടിക്കാട്ടി.
അതേസമയം, ഐസിഇയുടെ ഇടപെടലിനെതിരെ ഡെമോക്രാറ്റിക് നേതാക്കള്‍ ശക്തമായി പ്രതികരിച്ചു. 'ഐസിഇ തെരുവുകളില്‍ നിന്ന് പിന്മാറണം; ഭയവും കലാപവുമാണ് ഉണ്ടാകുന്നത്' എന്ന് സെനറ്റര്‍ എമി ക്ലോബുചാര്‍ പറഞ്ഞു. ഐസിഇ പിന്മാറിയാല്‍ നഗരത്തില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന് മേയര്‍ ഫ്രേയും വ്യക്തമാക്കി.
പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇന്‍സറക്ഷന്‍ ആക്ട് പ്രയോഗിക്കുമോയെന്ന ചോദ്യത്തിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു. ആവശ്യമായാല്‍ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
