കാനഡയില്‍ നിന്ന് യു എസിലേക്ക് ഇന്ത്യക്കാരെ അനധികൃതമായി കടത്തുന്നതില്‍ കള്ളപ്പണ ഇടപാട് അന്വേഷണം

കാനഡയില്‍ നിന്ന് യു എസിലേക്ക് ഇന്ത്യക്കാരെ അനധികൃതമായി കടത്തുന്നതില്‍ കള്ളപ്പണ ഇടപാട് അന്വേഷണം


ന്യൂഡല്‍ഹി: കാനഡയില്‍ നിന്ന് യു എസിലേക്ക് ഇന്ത്യക്കാരെ അനധികൃതമായി കടത്തുന്ന സംഭവത്തില്‍ കനേഡിയന്‍ കോളജുകളുടേയും ഇന്ത്യന്‍ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തേയും കള്ളപ്പണം വെളുപ്പിക്കലിനേയും കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. 2022 ജനുവരി 19ന് കാനഡ- യു എസ് അതിര്‍ത്തി അനധികൃതമായി കടക്കാന്‍ ശ്രമിക്കവെ കൊടുംതണുപ്പില്‍ മരിച്ച നാലംഗ ഗുജറാത്തി കുടുംബവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കള്ളപ്പണക്കേസും പരിഗണിക്കുന്നത്. 

നാലംഗ ഗുജറാത്തി കുടുംബത്തിന്റെ മരണത്തില്‍ മുഖ്യപ്രതിയായ ഭവേഷ് അശോക്ഭായി പട്ടേലിനും മറ്റു ചിലര്‍ക്കും എതിരെ അഹമ്മദാബാദ് പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലാണ് കള്ളപ്പണം ഇടപാടിനെ കുറിച്ച് പരാതിയുള്ളത്. 

അനധികൃത അതിര്‍ത്തി കടത്തലില്‍ വന്‍ റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. യു എസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തി കാനഡയിലുള്ള കോളജുകളിലും സര്‍വകലാശാലകളിലും പ്രവേശനം നടത്തുന്നതാണ് ആദ്യഘട്ടം. തുടര്‍ന്ന് സ്റ്റുഡന്റ് വിസയില്‍ കാനഡയിലെത്തുന്ന ഇവരെ കോളജുകളില്‍ ചേരുന്നതിന് പകരം നിയമവിരുദ്ധമായി യു എസിലേക്ക് കടത്തുകയാണ് ചെയ്യുന്നതെന്നാണ് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. 

ഇത്തരത്തില്‍ യു എസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും 60 ലക്ഷം രൂപ വരെയാണ് വാങ്ങുന്നതെന്നാണ് വിവരം. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട് മുംബൈ, നാഗ്പൂര്‍, ഗാന്ധിനഗര്‍, വഡോദര എന്നിവിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിട്ടുണ്ട്.