പ്രകൃതിദുരന്തങ്ങള്‍ പെരുകുന്നു ; നിങ്ങള്‍ക്ക് മതിയായ ഭവന ഇന്‍ഷുറന്‍സുണ്ടോ?

പ്രകൃതിദുരന്തങ്ങള്‍ പെരുകുന്നു ; നിങ്ങള്‍ക്ക് മതിയായ ഭവന ഇന്‍ഷുറന്‍സുണ്ടോ?


ആറ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ പരക്കെ നാശം വിതച്ച ഹെലിന്‍ ചുഴലിക്കാറ്റില്‍ 130ലേറെപ്പേര്‍ മരിക്കുകയും നൂറുകണക്കിന് വീടുകള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തു. വീടുകള്‍ക്ക് നാശം സംഭവിച്ചവര്‍ നഷ്ടപരിഹാരത്തിനായി നാളെ ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിക്കുമ്പോള്‍ ഒരുപക്ഷെ അവരെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയായിരിക്കും.

ഭൂരിപക്ഷം കേസുകളിലും ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന നഷ്ടപരിഹാരം അവര്‍ക്ക് തങ്ങളുടെ വീടുകള്‍ പുതുക്കിപ്പണിയുന്നതിന് തികഞ്ഞെന്ന് വരില്ല. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? കാരണം ലളിതം: തീപിടുത്തം മൂലമോ ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളില്‍ നിന്നോ തങ്ങളുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍, അവയുടെ പുനര്‍നിര്‍മ്മാണത്തിന് മതിയായ കവറേജ്  ഭൂരിപക്ഷം ഉടമകളും വാങ്ങുന്നില്ല എന്നതാണത്. 

ഹെലിന്‍ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടത്തിന്റെ തോത് മാത്രം പരിഗണിച്ചാല്‍ നാം എത്ര വലിയ ഒരു ബാധ്യതയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസിലാകും. ബുധനാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഓഫീസ് ഓഫ് ഇന്‍ഷുറന്‍സ് റെഗുലേഷന്‍ ഫ്‌ലോറിഡ  ഓഫീസില്‍ ലഭിച്ച ഇന്‍ഷുറന്‍സ് ക്ളെയിമുകളുടെ എണ്ണം 79,360 ആണ്. ക്ലെയിം ചെയ്യപ്പെട്ടിട്ടുള്ള തുകയാകട്ടെ 777 മില്യണ്‍ ഡോളറും. 

അമേരിക്കന്‍ പ്രോപ്പര്‍ട്ടി കാഷ്വാലിറ്റി ഇന്‍ഷുറന്‍സ് അസോസിയേഷന്‍ 2022ല്‍ നടത്തിയ ഒരു സര്‍വേ കാട്ടിയത് തങ്ങളുടെ വീടുകള്‍ ഇന്‍ഷ്വര്‍ ചെയ്ത ഭൂരിഭാഗം ഉടമകളും വ്യവസ്ഥ ചെയ്ത  കവറേജ് പണപ്പെരുപ്പത്തിനും വര്‍ധിച്ച കെട്ടിടനിര്‍മ്മാണ ചെലവുകള്‍ക്കും അനുസൃതമായി  ഉയര്‍ന്നതാണെന്ന് ഉറപ്പുവരുത്തിയിട്ടില്ലെന്നാണ്. 

ഈ സര്‍വേ പ്രകാരം ഇന്‍ഷ്വര്‍ ചെയ്ത ഭവന ഉടമകളില്‍ 30% മാത്രമേ കെട്ടിട പുനര്‍നിര്‍മ്മാണത്തിന്റെ വര്‍ദ്ധിച്ചു വരുന്ന ചെലവ് നികത്താന്‍ അവരുടെ കവറേജ് വര്‍ദ്ധിപ്പിച്ചിട്ടുള്ളൂ, പകുതിയില്‍ താഴെ (40%) പേര്‍ നവീകരണമോ പുനര്‍നിര്‍മ്മാണമോ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് ഈ പോരായ്മ തിരിച്ചറിഞ്ഞതും അവരുടെ ഇന്‍ഷുറന്‍സ് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തുള്ളൂ.

റിയല്‍ എസ്റ്റേറ്റ് ഡേറ്റാ സ്ഥാപനമായ കോര്‍ ലോജിക് നടത്തിയിട്ടുള്ള പഠനമനുസരിച്ച് 2019നും 2023നും ഇടയില്‍ രാജ്യവ്യാപകമായി നിര്‍മ്മാണ സാമഗ്രികളുടെയും തൊഴിലാളികളുടെയും ചെലവ് യഥാക്രമം 40% ഉം 16% ഉം വര്‍ദ്ധിച്ചു. എന്നാല്‍, മഹാഭൂരിപക്ഷം വീട്ടുടമസ്ഥരും ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള ഇന്‍ഷുറന്‍സ് കവറേജ് ഉറപ്പാക്കിയിട്ടില്ല എന്നാണ്.  

2022 സെപ്റ്റംബറില്‍ കാറ്റഗറി 4 കൊടുങ്കാറ്റായി ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത്  ആഞ്ഞടിച്ച ഇയാന്‍ ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ അവിടെയുള്ള വീട്ടുടമകളില്‍ വലിയൊരു ശതമാനവും തങ്ങളുടെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ മതിയായ ഇന്‍ഷുറന്‍സ്  കവറേജ് ഇല്ലാത്തതിനാല്‍ അവരുടെ തകര്‍ന്ന വീടുകള്‍ വില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയിലെത്തി.  

തങ്ങളുടെ വീട് അതിന്റെ വിപണി മൂല്യത്തിന് (സാധാരണയായി അവര്‍ നല്‍കിയ വിലയ്ക്ക്) ഇന്‍ഷ്വര്‍ ചെയ്യുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ അത് ഒരു അബദ്ധധാരണയാണ്. കാരണം, ആ തുക വീട് പുനര്‍നിര്‍മിക്കുന്നതിനുള്ള യഥാര്‍ത്ഥ ചെലവിനേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കാം. ഇവിടെ വേണ്ടത് റീപ്ലേസ്മെന്റ് കോസ്റ്റ് ഇന്‍ഷുറന്‍സ് എസ്റ്റിമേറ്റിന്റെ  ഭാഗമാക്കുക എന്നതാണ്.

റീപ്ലേസ്മെന്റ് കോസ്റ്റ് കണ്ടെത്താന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ കമ്പ്യൂട്ടര്‍ മോഡലുകള്‍ ഉപയോഗിക്കുന്നു. തുടര്‍ന്ന് അതിനനുസരിച്ച് പോളിസി പരിധികള്‍ സജ്ജീകരിക്കുന്നു. എന്നാല്‍, ഇറക്കുമതി ചെയ്ത വീട്ടുടമ ഏറ്റവും വിലമതിക്കുന്ന കാബിനറ്റോ മാര്‍ബിള്‍ കൗണ്ടര്‍ടോപ്പുകളോ അല്ലെങ്കില്‍ മറ്റ് വിലപിടിപ്പുള്ള ആധുനിക വീട്ടുപകരണങ്ങളോ ഒക്കെ വീണ്ടും ഉണ്ടാകണമെങ്കില്‍ വേണ്ടി വരാവുന്ന അധികച്ചിലവ് ആ മോഡലുകള്‍ പ്രതിഫലിപ്പിച്ചേക്കില്ല എന്നതാണ് സത്യം.

ഇന്‍ഷുറന്‍സ് പോളിസികളില്‍ ഇന്‍ഫ്‌ലേഷന്‍-ഗാര്‍ഡ് സംരക്ഷണം ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അത് എല്ലാ വര്‍ഷവും കവറേജ് സ്വയമേവ വര്‍ദ്ധിപ്പിക്കും. ആ വര്‍ദ്ധനവ് സാധാരണയായി പ്രതിവര്‍ഷം 7% മുതല്‍ 10% വരെയാണ്. എന്നാല്‍, അത് പുനര്‍നിര്‍മ്മാണ ചെലവിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വീട് പുതുക്കിപ്പണിയുന്നതിന് പലപ്പോഴും മതിയാകില്ല.

പ്രധാന കാര്യം ഇതാണ്: ഇന്നത്തെ ചെലവില്‍ നിങ്ങളുടെ വീട് പുനര്‍നിര്‍മിക്കുന്നതിനും ഫര്‍ണിച്ചറുകള്‍, വസ്ത്രങ്ങള്‍ എന്നിവ പോലുള്ള നിങ്ങളുടെ സ്വകാര്യ സ്വത്ത് പുനസ്ഥാപിക്കുന്നതിനും നിങ്ങളുടെ പോളിസി മതിയായ പണം നല്‍കുന്നില്ലെങ്കില്‍, നിങ്ങള്‍ 'അണ്ടര്‍ ഇന്‍ഷ്വേര്‍ഡ്' ആണെന്ന് ഉറപ്പിക്കാം. 

അത് സംഭവിക്കാതിരിക്കണമെങ്കില്‍  വീട്ടുടമസ്ഥര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അവരുടെ ഇന്‍ഷുറന്‍സ് ഏജന്റിനെ കണ്ട് കവറേജ് പരിധികള്‍ അപ്ഡേറ്റ് ചെയ്യാനും ആ വര്‍ഷം  പുനര്‍നിര്‍മ്മാണമെന്തെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അവരെ അത് സംബന്ധിച്ച് അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഏത് പുനര്‍നിര്‍മ്മാണവും പിന്നീടുള്ള പുതുക്കിപ്പണിയിലന്റെ ചെലവ് വര്‍ദ്ധിപ്പിക്കും.

മിക്ക ഹോം ഓണര്‍ ഇന്‍ഷുറന്‍സ് പോളിസികളിലും വീട്ടുടമകള്‍ വാങ്ങിക്കൂട്ടിയിട്ടുള്ള വസ്തുക്കള്‍ക്ക് റീപ്ലേസ്മെന്റ് കോസ്റ്റ് കവറേജ് ഉള്‍പ്പെടുന്നുവെങ്കിലും അത് ആ  താമസസ്ഥലത്തിന് ബാധകമായേക്കില്ല. ഉയര്‍ന്ന മൂല്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ സ്റ്റാന്‍ഡേര്‍ഡ് പോളിസികളില്‍ താമസസ്ഥലത്തിന് ഗ്യാരണ്ടീഡ് റീപ്ലേസ്മെന്റ് കോസ്റ്റ് കവറേജ് ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രീമിയം കൂടുതലാണെങ്കിലും പോളിസികള്‍ കൂടുതല്‍ സമഗ്രമാണ്. 

ഈ തരത്തിലുള്ള പോളിസികള്‍ ഒരു വീട് പുനര്‍നിര്‍മിക്കുന്നതിനുള്ള ചെലവ് പോളിസി പരിധി കവിയുന്നുവെങ്കില്‍ പോലും പൂര്‍ണമായി പരിരക്ഷിക്കും. ഗ്യാരണ്ടീഡ് റീപ്ലേസ്മെന്റ്-കോസ്റ്റ് കവറേജ് ഇല്ലാത്തവര്‍ക്ക് വിപുലീകൃത റീപ്ലേസ്മെന്റ് കോസ്റ്റ് കവറേജ് ചേര്‍ക്കുന്നതിന് അവരുടെ പോളിസിക്ക് ഒരു അധിക എന്‍ഡോഴ്സ്മെന്റ് വാങ്ങാം. ഇത് ഒരു അധിക സംരക്ഷണം നല്‍കും.

സാധാരണഗതിയില്‍ ബന്ധപ്പെട്ട ഭവനത്തിന്റെ വിലയുടെ 25% അല്ലെങ്കില്‍ 50% അധിക കവറേജ് ഇതുവഴി ഉറപ്പാക്കാം. തൊഴിലാളികളുടെയോ സാമഗ്രികളുടെയോ ക്ഷാമവും പുനര്‍നിര്‍മ്മാണത്തിനുള്ള ചെലവ് കുതിച്ചുയരുന്നതുമായ ഒരു ദുരന്തമോ ഉണ്ടായാല്‍ ഈ കവറേജ് വളരെ പ്രധാനമാണ്.

നിങ്ങള്‍ ഒരു കോണ്ടോമിനിയത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങുകയാണെങ്കില്‍, അപകടങ്ങളോ പ്രകൃതി ദുരന്തങ്ങളോ മൂലം നഷ്ടമുണ്ടായാല്‍ അത് പുനര്‍നിര്‍മ്മിക്കാനുള്ള നിങ്ങളുടെ ഉത്തരവാദിത്തത്തിന്റെ പരിധി നിര്‍ണ്ണയിക്കാന്‍ അസോസിയേഷന്റെ ഭരണ രേഖകള്‍ അവലോകനം ചെയ്യുന്നത് ഉറപ്പാക്കുക. സാധാരണഗതിയില്‍, യൂണിറ്റ് ഉടമകള്‍ക്ക് അവരുടെ യൂണിറ്റുകളുടെ ഇന്റീരിയര്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ഉത്തരവാദിത്തമുണ്ട്, അതേസമയം കോണ്ടോമിനിയം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള അധികാരം അസോസിയേഷനാണ്. അസോസിയേഷന് മതിയായ ഇന്‍ഷുറന്‍സും കരുതലും ഉണ്ടെന്ന് ഉറപ്പുവരുത്തുക.