ന്യൂഡല്‍ഹി: വാടക കൊലയാളിയെ ഉപയോഗിച്ച് തങ്ങളുടെ ഒരു പൗരനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന അമേരിക്കയുടെ ആരോപണം ഭാഗികമായി അംഗീകരിച്ച് ഇന്ത്യ. ഈ വിഷയത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേസിനെക്കുറിച്ച അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച പാനല്‍ ശുപാര്‍ശചെയ്തു.
അമേരിക്കയിലുള്ള സിഖ് വിഘടനവാദി ഗുര്‍പന്ത് സിംഗ് പന്നൂണെ തങ്ങളുടെ മണ്ണില്‍വെച്ച് വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തില്‍ സംഘര്‍ഷമുണ്ടാക്കിയ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച പാനലാണ് ആരോപണം ഭാഗികമായി സ്ഥിരീകരിച്ചത്. കുറ്റക്കാര്‍ക്കെതിരെ വേഗത്തില്‍ 'നിയമനടപടി' ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ന്യൂഡല്‍ഹി ബുധനാഴ്ച പറഞ്ഞു.
2023 ലെ കേസ് വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ സമാനമായ ആരോപണം കാനഡയും ഉന്നയിക്കുകയും ഇന്ത്യ അവ അതിശക്തമായി നിരസിക്കുകയും കാനഡയുടെ ാരോപണങ്ങളെ അവഗണിക്കുകയും ചെയ്തു. എന്നാല്‍ അമേരിക്കയുടെ ആരോപണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം തികച്ചും വ്യത്യസ്തമാണ്.
'സമിതി അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ഒരു വ്യക്തിക്കെതിരെ നിയമനടപടി ശുപാര്‍ശ ചെയ്യുകയും ചെയ്തുവെന്നും ഇന്ത്യയുടെ വിവര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 'നീതി വേഗത്തില്‍ പൂര്‍ത്തിയാക്കണം' എന്നതാണ് രാജ്യത്തിന്റെ നിലപാടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെയും യുഎസിന്റെയും സുരക്ഷാ താല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തിയ ചില സംഘടിത ക്രിമിനല്‍ ഗ്രൂപ്പുകള്‍, തീവ്രവാദ സംഘടനകള്‍, മയക്കുമരുന്ന് വില്‍പ്പനക്കാര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ 2023ലാണ് ഇന്ത്യ പ്രത്യേക സമിതി രൂപീകരിച്ചത്.
അതേസമയം കൊലപാതക ഗൂഢാലോചനയെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കുകയോ പ്രസ്താവനയില്‍ വ്യക്തിയുടെ പേര് പറയുകയോ അവരുടെ ദേശീയത പോലും പ്രസ്താവിക്കുകയോ ചെയ്തിട്ടില്ല.
എന്നാല്‍, ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്ത്യക്കാരായ നിഖില്‍ ഗുപ്ത, വികാസ് യാദവ് എന്നിവര്‍ക്കെതിരെയാണ് അമേരിക്ക നിയമ നടപടിയെടുത്തത്.
2024ല്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് അമേരിക്കയിലേക്ക് നാടുകടത്തിയ നിഖില്‍ ഗുപ്ത കൊലപാതക ഗൂഢാലോചനയില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ചിരുന്നു.
എഫ്ബിഐയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയില്‍ ഒളിവില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ 40 കാരനായ വികാസ് യാദവിനെതിരെ 2024 ഒക്ടോബറില്‍ വാടകയ്ക്ക് കൊലപാതകം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഗുപ്തയും യാദവും ന്യൂയോര്‍ക്കില്‍ താമസിക്കുന്ന യുഎസ്, കനേഡിയന്‍ പൗരനായ ഗുര്‍പത്വന്ത് സിംഗ് പന്നൂണിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായാണ് ആരോപണം.
ഇന്ത്യയില്‍ സിഖുകാര്‍ക്കായി ഒരു സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കാന്‍ ആരംഭിച്ച വിഘടനവാദി പ്രസ്ഥാനമായ ഖാലിസ്ഥാന് വേണ്ടി പ്രചാരണം നടത്തുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന ഗ്രൂപ്പുമായി ബന്ധമുള്ളയാളാണ് ഇന്ത്യ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള പന്നൂണ്‍.
2023ല്‍ വാന്‍കൂവറിന് സമീപം ഒരു സിഖ് വിഘടനവാദി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധം വഷളായ കാനഡയോടുള്ള രൂക്ഷമായ പ്രതികരണത്തെ അപേക്ഷിച്ച് നിശബ്ദമായിരുന്നു അമേരിക്കയോടുള്ള ഇന്ത്യയുടെ പ്രതികരണം.
പ്രമുഖ ഖാലിസ്ഥാന്‍ പ്രചാരകനായ 45 കാരനായ കനേഡിയന്‍ പൗരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഒട്ടാവ.
തീവ്രവാദ കുറ്റകൃത്യങ്ങള്‍ക്കും കൊലപാതക ഗൂഢാലോചന നടത്തിയതിനും ഇന്ത്യന്‍ അധികാരികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന 45 കാരനായ നിജ്ജറിനെ അദ്ദേഹം ഭാരവാഹിയായ സിഖ് ക്ഷേത്രത്തിന് പുറത്ത് മുഖംമൂടി ധരിച്ച തോക്കുധാരികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു.
ഇതിനെ ചൊല്ലി ഇരു രാജ്യങ്ങളും നിരവധി നയതന്ത്രജ്ഞരെ പരസ്പരം പുറത്താക്കിയതോടെ നയതന്ത്രബന്ധങ്ങള്‍ വഷളായി. ഒട്ടാവയുടെ ആരോപണങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്.
പന്നൂന്‍ വധഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സമ്മതിച്ച് ഇന്ത്യ; കുറ്റക്കാര്‍ക്കതിരെ നിയമ നടപടി വേഗത്തിലാക്കും