ശീതകൊടുങ്കാറ്റിൽ ടേക്ക് ഓഫിനിടെ 8 യാത്രക്കാരുമായി സ്വകാര്യ ജെറ്റ് തകർന്നു

ശീതകൊടുങ്കാറ്റിൽ ടേക്ക് ഓഫിനിടെ 8 യാത്രക്കാരുമായി സ്വകാര്യ ജെറ്റ് തകർന്നു


ന്യൂയോർക്ക്: ബാംഗർ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ എട്ട് പേരുമായി സ്വകാര്യ വിമാനം തകർന്നു. സംഭവത്തെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനവും ഫെഡറൽ തലത്തിലുള്ള അന്വേഷണവും ആരംഭിച്ചു.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചതു പ്രകാരം ബോംബാർഡിയർ ചാലഞ്ചർ 600 എന്ന വിമാനമാണ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനിടെ തകർന്നുവീണത്. 

അമേരിക്കയിലെ ശക്തമായ ശീതകാല കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലാണ് അപകടം ഉണ്ടായത്. ഇതോടെ രാജ്യത്തുടനീളമുള്ള വ്യോമഗതാഗതത്തെ കനത്ത രീതിയിൽ ബാധിച്ചു. അപകടത്തെ തുടർന്ന് ബാംഗർ വിമാനത്താവളം അടച്ചുപൂട്ടുകയും അടിയന്തര സേവന സംഘങ്ങളെ സ്ഥലത്ത് വിന്യസിക്കുകയും ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു.

അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. അപകടത്തിൽപ്പെട്ട വിമാനം സാധാരണയായി 9 മുതൽ 11 യാത്രക്കാരെ വരെ കൊണ്ടുപോകാൻ കഴിയുന്ന ബിസിനസ് ജെറ്റാണ്.

ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് വിമാനം തകർന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചെങ്കിലും അപകടത്തിന് കാരണമായ സാങ്കേതിക തകരാറുകളോ മറ്റ് സാഹചര്യങ്ങളോ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.