ഖാമനെയ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര പിന്തുണ തേടി റെസ പഹ്‌ലവി

ഖാമനെയ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര പിന്തുണ തേടി റെസ പഹ്‌ലവി


വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനെയ് ഇറാനിയന്‍ ജനതയ്ക്കെതിരെ കൂട്ടക്കൊല നടത്തിയതായി ആരോപിച്ച് നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി അന്താരാഷ്ട്ര സമൂഹത്തോട് ഇടപെടല്‍ ആവശ്യപ്പെട്ടു. ഇറാനിലെ അധികാരികളുടെ ക്രൂര അടിച്ചമര്‍ത്തലില്‍ 48 മണിക്കൂറിനുള്ളില്‍ 12,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നും ഓരോ സെക്കന്‍ഡിലും ഒരാള്‍ വീതം കൊല ചെയ്യപ്പെട്ടുവെന്നും പഹ്ലവി ആരോപിച്ചു. വന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍ തകര്‍ന്നുവീഴും എന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ഇറാന്‍ വീഴുമെന്നും അത് ഉണ്ടാകുമോ എന്നല്ല എപ്പോഴാണ് എന്നതാണ് ചോദ്യമെന്നും വാഷിങ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റെസ പഹ്ലവി പറഞ്ഞു.

അവസാന ഷായായിരുന്ന മുഹമ്മദ് റെസ ഷായുടെ മകനായ പഹ്ലവി ഇറാനിലെ ഭരണകൂടം രക്തരൂക്ഷിതമാണെന്നും ഇറാനിയന്‍ ജനങ്ങള്‍ക്ക് അടിയന്തരമായ അന്താരാഷ്ട്ര സഹായം ആവശ്യമാണെന്നും പറഞ്ഞു. ഇറാനിലുള്ളത് നിയമാനുസൃത സര്‍ക്കാര്‍ അല്ലെന്നും അഞ്ച് അയല്‍രാജ്യങ്ങളില്‍ അതിക്രമണം നടത്തിയതും ഇപ്പോള്‍ ഹിസ്ബുല്ല, ഇറാഖി മിലീഷ്യകള്‍, മറ്റ് കൂലിപ്പടയാളികള്‍ എന്നിവരുടെ സഹായത്തോടെ ഇറാനിലേക്കുതന്നെ കടന്നുകയറുന്ന 'ശത്രുതാപരമായ അധിനിവേശ ശക്തി'യാണെന്നും ആരോപിച്ചു.

ഇറാനെ ജനാധിപത്യത്തിലേക്ക് നയിക്കുന്ന മാറ്റത്തിന്റെ നേതാവായി താനാണ് ഏറ്റവും അനുയോജ്യനെന്ന് പഹ്ലവി അവകാശപ്പെട്ടു. വിദേശത്തും രാജ്യത്തിനുള്ളിലും കഴിയുന്ന ലക്ഷക്കണക്കിന് ഇറാനികള്‍ ഭൗമപരിധിയുടെ അഖണ്ഡത, മതവും ഭരണകൂടവും വേര്‍തിരിക്കല്‍ തുടങ്ങിയ അടിസ്ഥാന തത്വങ്ങളില്‍ ഐക്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തിനായി തനിക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിന് ഇറാനികള്‍ നാല് പ്രധാന തത്വങ്ങളില്‍ ഒന്നിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഭൗമപരിധിയുടെ അഖണ്ഡത, മതവും ഭരണവും വേര്‍തിരിക്കല്‍, വ്യക്തിഗത സ്വാതന്ത്ര്യവും എല്ലാ പൗരന്മാര്‍ക്കും തുല്യതയും, ജനാധിപത്യ ഭരണരൂപം തീരുമാനിക്കാന്‍ ഇറാനിയന്‍ പൗരന്മാര്‍ക്കുള്ള അവകാശം എന്നിവയാണതെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍- ഇറാഖ് യുദ്ധകാലത്ത് യുദ്ധവിമാന പൈലറ്റായി സന്നദ്ധ സേവനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയ പഹ്ലവി, നാടുകടത്തപ്പെട്ട ജീവിതത്തിനിടയിലും രാജ്യത്തോടുള്ള പ്രതിബദ്ധത താന്‍ നിലനിര്‍ത്തിയതായും വ്യക്തമാക്കി. ഇറാന്‍ ഭരണകൂടത്തിനെതിരായ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയാണെന്നും താന്‍ ഇറാനിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇറാനില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ അധികാരികളുടെ കടുത്ത അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ശമിക്കുന്നതായി സൂചനകളുള്ള പശ്ചാത്തലത്തിലാണ് വാഷിങ്ടണില്‍ പഹ്ലവി പ്രസ്താവന നടത്തിയത്. ട്രംപ് ഭരണകൂടം ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ടെഹ്റാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. യു എസ് സൈനിക നടപടി ഉള്‍പ്പെടെ എല്ലാ വഴികളും തുറന്നിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതോടൊപ്പം സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധകരെ കൊലപ്പെടുത്തല്‍ തുടരുകയാണെങ്കില്‍ സൈനിക ആക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പുകളും ശക്തമാക്കിയിട്ടുണ്ട്.

1979ലെ ഇസ്ലാമിക് വിപ്ലവത്തില്‍ പാശ്ചാത്യ അനുകൂലിയായ തന്റെ പിതാവ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം റെസ പഹ്ലവി അമേരിക്കയില്‍ പ്രവാസ ജീവിതം നയിച്ചുവരികയാണ്.