'സ്ലീപ്പി ഡോൺ' വീണ്ടും ചർച്ചയിൽ; പൊതുപരിപാടികളിൽ ട്രംപ് ഉറങ്ങിയെന്ന തരത്തിൽ 23 സംഭവങ്ങൾ വൈറൽ

'സ്ലീപ്പി ഡോൺ' വീണ്ടും ചർച്ചയിൽ; പൊതുപരിപാടികളിൽ ട്രംപ് ഉറങ്ങിയെന്ന തരത്തിൽ 23 സംഭവങ്ങൾ വൈറൽ


വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സാമൂഹികമാധ്യമങ്ങളിൽ സജീവമാകുന്നു. പൊതുപരിപാടികൾക്കിടെ ട്രംപ് ഉറങ്ങിപ്പോയെന്ന തരത്തിൽ പ്രചരിക്കുന്ന നിരവധി വിഡിയോകളും ദൃശ്യങ്ങളുമാണ് പുതിയ വിവാദത്തിന് കാരണം. 2025 മുതൽ 2026 ജൂലൈ വരെ വിവിധ ചടങ്ങുകളിലും ഔദ്യോഗിക പരിപാടികളിലും ട്രംപ് ഉറക്കത്തിലേക്ക് വഴുതിവീഴുന്നതുപോലെ തോന്നുന്ന 23 സംഭവങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

2025 ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാരച്ചടങ്ങിനിടെയാണ് ഇത്തരമൊരു ദൃശ്യം ആദ്യമായി വലിയ ചർച്ചയായത്. തുടർന്ന് സൗദി അറേബ്യ സന്ദർശനം, പെൻസിൽവാനിയയിലെ എനർജി ആൻഡ് ഇന്നവേഷൻ ഉച്ചകോടി, മന്ത്രിസഭാ യോഗം, റുവാണ്ട-കോംഗോ കരാർ ഒപ്പിടൽ ചടങ്ങ്, വിവിധ വാർത്താസമ്മേളനങ്ങൾ, ഔദ്യോഗിക ഉത്തരവുകളിൽ ഒപ്പിടുന്ന ചടങ്ങുകൾ എന്നിവയുൾപ്പെടെ പല വേദികളിലും ട്രംപ് കണ്ണടച്ച് ഇരിക്കുന്നതോ തല കുനിയുന്നതോ ആയ ദൃശ്യങ്ങൾ പ്രചരിച്ചു.

2026ലും സമാനമായ ആരോപണങ്ങൾ തുടർന്നു. വെനസ്വേലയുമായി ബന്ധപ്പെട്ട സൈനിക വിശദീകരണ യോഗം, സ്‌കൂൾ ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങ്, കാലാവസ്ഥാ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വാർത്താസമ്മേളനം, സ്‌മോൾ ബിസിനസ് ഉച്ചകോടി, മെമ്മോറിയൽ ഡേ ചടങ്ങ്, കൽക്കരി വ്യവസായ പരിപാടി, എൻബിഎ ഫൈനൽ മത്സരം, വാണിജ്യ മത്സ്യബന്ധന പ്രഖ്യാപനച്ചടങ്ങ്, വൈറ്റ് ഹൗസിൽ നടന്ന യു.എഫ്.സി. പരിപാടി, മതസ്വാതന്ത്ര്യ കമ്മിഷൻ യോഗം, അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷം, ഫിഫ ലോകകപ്പ് ഫൈനൽ എന്നിവിടങ്ങളിലുമാണ് ട്രംപ് ഉറങ്ങിപ്പോയെന്ന തരത്തിലുള്ള ദൃശ്യങ്ങൾ വ്യാപകമായി പങ്കുവെക്കപ്പെട്ടത്.

സൗദി സന്ദർശനത്തിനിടെ പ്രചരിച്ച വിഡിയോകൾക്ക് പിന്നാലെ ട്രംപിനെ പരിഹസിച്ച് സാമൂഹികമാധ്യമങ്ങളിൽ 'സ്ലീപ്പി ഡോൺ' എന്ന വിശേഷണവും വീണ്ടും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. മുൻ പ്രസിഡന്റ് ജോ ബൈഡനെ വിമർശിക്കാൻ ട്രംപ് തന്നെ മുമ്പ് ഉപയോഗിച്ചിരുന്ന 'സ്ലീപ്പി ജോ' എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ വിശേഷണം.

അതേസമയം, ഇത്തരം വിഡിയോകളിൽ പലതും തെറ്റായ വ്യാഖ്യാനങ്ങളാണെന്നും ട്രംപ് ഉറങ്ങിയെന്നതിന് വ്യക്തമായ തെളിവില്ലെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. ചില സന്ദർഭങ്ങളിൽ ട്രംപിന്റെ കണ്ണുകൾ തുറന്നിരുന്നുവെന്ന് വൈറ്റ് ഹൗസും വിശദീകരിച്ചിരുന്നു.

2025ൽ ട്രംപ് രണ്ട് തവണ എംആർഐ പരിശോധനയ്ക്ക് വിധേയനായതായും അദ്ദേഹത്തിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി (Chronic Venous Insufficiency) സ്ഥിരീകരിച്ചതായും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ ആരോഗ്യപ്രശ്‌നവും പൊതുപരിപാടികളിൽ പ്രചരിച്ച ദൃശ്യങ്ങളും തമ്മിൽ ബന്ധമുണ്ടെന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.