ന്യൂഡല്‍ഹി/ കൊളംബൊ: ട്വന്റി20 ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനും നെതര്‍ലന്‍ഡ്‌സും കൊമ്പുകോര്‍ക്കും. രണ്ടു തവണ ചാംപ്യന്‍മാരായ വെസ്റ്റിന്‍ഡീസ് സ്‌കോട്ട്‌ലന്‍ഡിനെയും നിലവിലെ ജേതാക്കളായ ഇന്ത്യ യു എസ് എയെയും നേരിടും.
ഐ സി സി ടൂര്‍ണമെന്റുകളില്‍ എക്കാലത്തും മികച്ച റെക്കോഡ് കാത്തുസൂക്ഷിക്കുന്ന ഓസ്‌ട്രേലിയ ഏതു ടീമിനും വെല്ലുവിളി സൃഷ്ടിക്കും.
കഴിഞ്ഞ തവണ ഫൈനലില്‍ ഇന്ത്യയ്ക്ക് മുന്നില്‍ കൈവിട്ട കിരീടം ഇക്കുറിയെങ്കിലും കൈപ്പിടിയിലാക്കാന്‍ മോഹിക്കുന്ന ദക്ഷിണാഫ്രിക്കയും സെമി ഫൈനലില്‍ കടക്കാന്‍ ഏറെ സാധ്യതയുള്ള ടീമാണ്.
ട്വന്റി20ക്ക് ആവശ്യമായ ചേരുവകള്‍ അടങ്ങിയ ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ് ടീമുകളെയും എഴുതിത്തള്ളാനാവില്ല.
എന്നാല്‍ ക്രിക്കറ്റ് ആരാധകരുടെ ഹരമായ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം ട്വന്റി20 ലോകകപ്പിന് നഷ്ടമായേക്കും. ലോകകപ്പില്‍ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യയുമായുള്ള ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്നു പാകിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗ്ലാദേശിന് പകരക്കാരായി സ്‌കോട്ട്‌ലന്റാണ് എത്തിയിരിക്കുന്നത്. ഇറ്റലി ലോകകപ്പില്‍ അരങ്ങേറുമ്പോള്‍ ഒരു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം കാനഡയും കളത്തിലിറങ്ങുന്നുണ്ട്.
ഇന്ന് രാത്രി ഏഴു മണിക്ക് മുംബൈയിലാണ് ഇന്ത്യ- യു എസ് എ മത്സരം. 12ന് രാത്രി ഏഴു മണിക്ക് ഡല്‍ഹിയില്‍ നമീബിയയുമായും 15ന് രാത്രി ഏഴു മണിക്ക് കൊളംബോയില്‍ പാകിസ്ഥാനുമായും 18ന് രാത്രി ഏഴു മണിക്ക് അഹമ്മദാബാദില്‍ നെതര്‍ലാന്റ്‌സുമായുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
