സ്പിരിറ്റ് എയര്‍ലൈന്‍സിനെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ; യുണൈറ്റഡും അമേരിക്കന്‍ എയര്‍ലൈന്‍സും ലയിക്കേണ്ട: ട്രംപ്

സ്പിരിറ്റ് എയര്‍ലൈന്‍സിനെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ; യുണൈറ്റഡും അമേരിക്കന്‍ എയര്‍ലൈന്‍സും ലയിക്കേണ്ട: ട്രംപ്


വാഷിംഗ്ടണ്‍: യുണൈറ്റഡ് എയര്‍ലൈന്‍സും അമേരിക്കന്‍ എയര്‍ലൈന്‍സും തമ്മിലുള്ള ലയനത്തെ എതിര്‍ക്കുമ്പോഴും മറ്റ് എയര്‍ലൈന്‍ കരാറുകളില്‍ തനിക്ക് തുറന്ന മനസ്സാണെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.  പ്രതിസന്ധിയിലായ സ്പിരിറ്റ് എയര്‍ലൈന്‍സിനെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

ലയനങ്ങളില്‍ തനിക്ക് അടിസ്ഥാനപരമായ എതിര്‍പ്പില്ലെന്നും സ്പിരിറ്റ് വലിയ പ്രതിസന്ധിയിലായതിനാല്‍ ആരെങ്കിലും അത് ഏറ്റെടുക്കാന്‍ മുന്നോട്ടുവരുന്നത് സ്വാഗതം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. 14,000 തൊഴിലുകളാണ് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നത്. ആവശ്യമായാല്‍ ഫെഡറല്‍ സര്‍ക്കാര്‍ സഹായം നല്‍കുകയും വേണംമെന്നും ട്രംപ് സി എന്‍ ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രണ്ടുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് സ്പിരിറ്റ് എയര്‍ലൈന്‍സ് നടപടികള്‍ നേരിടുന്നത്. കടുത്ത മത്സരം, ഉയര്‍ന്ന ചെലവുകള്‍, ജെറ്റ്ബ്ലൂ എയര്‍വേയ്‌സിന് കമ്പനിയെ വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടത്, ചില വിമാന എഞ്ചിനുകളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവ കമ്പനിയെ ബാധിച്ചിട്ടുണ്ട്. ഇറാനിലെ യുദ്ധത്തെ തുടര്‍ന്ന് ജെറ്റ് ഇന്ധന വില വര്‍ധിച്ചതും സ്പിരിറ്റിന്റെ പ്രതിസന്ധി രൂക്ഷമാക്കി.

സ്പിരിറ്റിനെ സഹായിക്കാന്‍ ട്രംപ് ഭരണകൂടം എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് ട്രംപ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മുന്‍കാലങ്ങളില്‍ 9/11 ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും കോവിഡ് മഹാമാരിക്കാലത്തും യു എസ് സര്‍ക്കാര്‍ എയര്‍ലൈന്‍ മേഖലക്ക് ധനസഹായം നല്‍കിയിട്ടുണ്ടെങ്കിലും അത്തരം സഹായങ്ങള്‍ നിയമപരമായ അനുമതിയോടെയായിരുന്നു.

ഫെബ്രുവരിയില്‍ യൂണൈറ്റഡിന്റെ സി ഇ ഒ സ്‌കോട്ട് കിര്‍ബി ലയന ആശയം ട്രംപുമായി പങ്കുവെച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. അത്തരമൊരു ലയനം ആഗോള തലത്തില്‍ വലിയ ശക്തിയായി മാറാന്‍ ഇടയാക്കുമായിരുന്നു ധാരണ. വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ഒന്നാമതും തുടര്‍ന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയുമാണ് വരുന്നത്. 

ഇരുവിഭാഗങ്ങളെയും തനിക്ക് നന്നായി അറിയാമെന്നും പ്രസ്തുത ലയനം തനിക്ക് ഇഷ്ടമല്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം, അമേരിക്കന്‍ എയര്‍ലൈന്‍സും ലയന സാധ്യത തള്ളിക്കളഞ്ഞു. യുണൈറ്റഡുമായി കരാറിന് ചര്‍ച്ച നടത്തുന്നതില്‍ താല്‍പര്യമില്ലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.