വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക തീരുവ ഒഴിവാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയ്ക്കു മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നത്. ഇത് പിന്‍വലിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. റഷ്യന്‍ ഫെഡറേഷനില്‍ നിന്നുള്ള എണ്ണ നേരിട്ടോ പരോക്ഷമായോ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ന്യൂഡല്‍ഹി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള പുതിയ വ്യാപാര ധാരണ നടപ്പാക്കുന്നതിനുള്ള ആദ്യ നടപടിയായാണ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവ ഫെബ്രുവരി ആറിന് നീക്കം ചെയ്തത്. മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര സംഘര്‍ഷങ്ങളുണ്ടായിരുന്നു.
വെള്ളിയാഴ്ച ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ റഷ്യന്‍ ഫെഡറേഷനില്‍ നിന്നുള്ള എണ്ണ നേരിട്ടോ പരോക്ഷമായോ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമായിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു.
അതോടൊപ്പം, അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഗണ്യമായി വര്‍ധിപ്പിക്കാനും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പ്രതിരോധ സഹകരണം വിപുലപ്പെടുത്തുന്നതിന് അമേരിക്കയുമായി ഒരു ചട്ടക്കൂടില്‍ ഇന്ത്യ ഒപ്പുവച്ചതായും ഉത്തരവില്‍ പറയുന്നു.
ഫെബ്രുവരി 7 ശനിയാഴ്ച പുലര്‍ച്ചെ 12.01ന് തീരുവ ഇളവ് പ്രാബല്യത്തിലായി. ഇതോടെ അമേരിക്കന്‍ വിപണിയില്‍ ഉയര്‍ന്ന തീരുവകള്‍ നേരിട്ടിരുന്ന ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ആശ്വാസമാകും.
യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ക്രൂഡ് എണ്ണയുടെ വാങ്ങല്‍ തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകള്‍ മൂലം ബാധിച്ചിരുന്ന ഇന്ത്യ- അമേരിക്ക സാമ്പത്തിക ബന്ധങ്ങള്‍ പുനഃക്രമീകരിക്കാനുള്ള വിശാലമായ വ്യാപാര കരാര്‍ ഈ ആഴ്ച ആദ്യം ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.
അടിയന്തരമായ തീരുവ പിന്‍വലിക്കലിന് പുറമേ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന പരസ്പര തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാനും ധാരണയായിട്ടുണ്ട്. എന്നാല്‍ ഇത് നടപ്പാക്കുന്ന സമയക്രമം ഇതുവരെ അന്തിമമാക്കിയിട്ടില്ല.
വൈറ്റ് ഹൗസ് പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഊര്‍ജ്ജ ഉത്പന്നങ്ങള്‍, വിമാനങ്ങളും അവയുടെ ഭാഗങ്ങളും, വിലയേറിയ ലോഹങ്ങള്‍, സാങ്കേതിക ഉത്പന്നങ്ങള്‍, കല്‍ക്കരി എന്നിവ ഇന്്യ വാങ്ങും. ചില വിമാനങ്ങളും വ്യോമയാന ഭാഗങ്ങളും സംബന്ധിച്ച തീരുവകള്‍ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളും കരാറിലുണ്ട്.
പ്രസിഡന്റ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പായും ഈ നീക്കമെന്ന് കണക്കാക്കപ്പെടുന്നു.
