വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനും ആവശ്യപ്പെട്ട് യുഎസ് പ്രതിനിധി സഭ പാസാക്കിയ പ്രമേയത്തെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള നിർണായക ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഈ നീക്കമെന്നും, ഇത് രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധവും ദേശസനേഹമില്ലാത്തതുമാണെന്നും ട്രംപ് ആരോപിച്ചു.
സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് പ്രതികരിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അവസാനഘട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് തന്റെ യുദ്ധാധികാരങ്ങൾ പരിമിതപ്പെടുത്തുന്ന തരത്തിൽ പ്രതിനിധി സഭ വോട്ടെടുപ്പ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിക്കെതിരെയും ട്രംപ് കടുത്ത വിമർശനം ഉന്നയിച്ചു. 'ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം' ബാധിച്ചവരാണ് ഡെമോക്രാറ്റുകളെന്നും, രാജ്യത്തിന്റെ വിജയത്തേക്കാൾ തന്റെ രാഷ്ട്രീയ പരാജയമാണ് അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രമേയത്തെ പിന്തുണച്ച നാല് റിപ്പബ്ലിക്കൻ അംഗങ്ങളെയും ട്രംപ് വിമർശിച്ച് 'ശ്രദ്ധ നേടാൻ ശ്രമിക്കുന്നവർ' എന്നാണ് വിശേഷിപ്പിച്ചത്.
ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 215-208 എന്ന ഭൂരിപക്ഷത്തിലാണ് പ്രമേയം പാസായത്. ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനും മേഖലയിൽ കൂടുതൽ സൈനിക നടപടികൾ ഒഴിവാക്കാനും ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. നിയമപരമായി വലിയ സ്വാധീനമില്ലാത്ത പ്രതീകാത്മക നീക്കമാണെങ്കിലും ട്രംപിന്റെ നയങ്ങൾക്ക് രാഷ്ട്രീയ തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്നാണ് പ്രമേയത്തെ പിന്തുണച്ചത്. കെന്റക്കിയിൽ നിന്നുള്ള തോമസ് മാസ്സി, മിഷിഗണിലെ ടോം ബാരറ്റ്, ഒഹായോയിലെ വാറൻ ഡേവിഡ്സൺ, പെൻസിൽവേനിയയിലെ ബ്രയാൻ ഫിറ്റ്സ്പാട്രിക് എന്നിവരാണ് പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമായി വോട്ട് ചെയ്തത്.
അതേസമയം, റിപ്പബ്ലിക്കൻ നേതാവും പ്രതിനിധി സഭാ സ്പീക്കറുമായ മൈക്ക് ജോൺസൺ ട്രംപിന്റെ ഇറാൻ നയത്തെ ശക്തമായി പിന്തുണച്ചു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഒരു രാജ്യത്തിന് ആണവായുധം ലഭിക്കുന്നത് തടയാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും രാജ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രസിഡന്റിന്റെ പ്രഥമ ഉത്തരവാദിത്തമെന്നും ജോൺസൺ പറഞ്ഞു.
ഇറാനുമായുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ഭിന്നതകൾക്ക് വഴിവെച്ച് ഈ വോട്ടെടുപ്പും ട്രംപിന്റെ പ്രതികരണവും ശ്രദ്ധ നേടുന്നത്.
ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കിടെ തിരിച്ചടി; യുഎസ് പ്രതിനിധി സഭയുടെ വോട്ടെടുപ്പിനെതിരെ ട്രംപ്
