അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംഘർഷബാധിത പ്രദേശമായ സംഫാര സംസ്ഥാനത്ത് ആയുധധാരികൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. കൗര നമോദ മേഖലയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപമുള്ള താമസസ്ഥലത്ത് ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് ഏഴ് വിദ്യാർഥികളെ പിടിച്ചുകൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളിൽ ഒരാൾ രക്ഷപ്പെട്ട് സുരക്ഷിതമായി പൊലീസിന്റെ സംരക്ഷണത്തിലായിട്ടുണ്ട്. ശേഷിക്കുന്ന ആറു പേരെ കണ്ടെത്താനും രക്ഷപ്പെടുത്താനും സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചതായി പൊലീസ് വക്താവ് യാസിദ് അബൂബക്കർ അറിയിച്ചു. വിദ്യാർഥികളെ എവിടേക്കാണ് കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
മോചനദ്രവ്യം ലക്ഷ്യമിട്ട് ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സായുധ സംഘങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള പ്രദേശമാണ് സംഫാര. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നൈജീരിയയിൽ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്.
2014ൽ ബോർണോ സംസ്ഥാനത്തിലെ ചിബോക്കിൽ നിന്ന് 200ലധികം സ്‌കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയ സംഭവം ലോകശ്രദ്ധ നേടിയിരുന്നു. അതിനുശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 20ലധികം സ്‌കൂളുകളിൽ നിന്ന് കുറഞ്ഞത് 1,900 വിദ്യാർഥികളെയെങ്കിലും സായുധസംഘങ്ങൾ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തട്ടിക്കൊണ്ടപോയ വിദ്യാർഥികളെ എത്രയും വേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
നൈജീരിയയിൽ ആയുധധാരികൾ ഏഴ് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി
