മെഡികെയര്‍, മെഡിക്കെയ്ഡ് അഡ്മിനിസ്‌ട്രേറ്ററായി ഡോ. മെഹ്‌മെറ്റ് ഓസിനെ നാമനിര്‍ദ്ദേശം ചെയ്യുമെന്ന് ട്രംപ്

മെഡികെയര്‍, മെഡിക്കെയ്ഡ് അഡ്മിനിസ്‌ട്രേറ്ററായി ഡോ. മെഹ്‌മെറ്റ് ഓസിനെ നാമനിര്‍ദ്ദേശം ചെയ്യുമെന്ന് ട്രംപ്




വാഷിംഗ്ടണ്‍: 150 ദശലക്ഷത്തിലധികം അമേരിക്കക്കാരെ ഉള്‍ക്കൊള്ളുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ശക്തമായ ഏജന്‍സിയായ സെന്റര്‍സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡിക്എയ്ഡ് സര്‍വീസസിന്റെ അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിക്കാന്‍ എഴുത്തുകാരനും മുന്‍ ടെലിവിഷന്‍ അവതാരകനുമായ ഡോ മെഹ്‌മെറ്റ് ഓസിനെ നാമനിര്‍ദ്ദേശം ചെയ്യുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ജെ. ട്രംപ് അറിയിച്ചു.

മുന്‍ ടെലിവിഷന്‍ അവതാരകനും സെനറ്റില്‍ പെന്‍സില്‍വാനിയയെ പ്രതിനിധീകരിക്കാനുള്ള മത്സരത്തില്‍ 2022 ല്‍ ജോണ്‍ ഫെറ്റര്‍മാനോട് പരാജയപ്പെട്ടവ്യക്തിയുമായ ഡോ. ഓസിനെ  അദ്ദേഹത്തിന് തികച്ചും അപരിചിതമായ വകുപ്പിന്റെ ചുമതലയേല്‍പ്പിക്കാനുള്ള ട്രംപിന്റെ നീക്കം ചോദ്യങ്ങളുയര്‍ത്തിയിട്ടുണ്ട്.

പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ നയിക്കുന്ന ആരോഗ്യ വകുപ്പില്‍ പോലും ഡോ. ഓസിന്റെ നിയമനം വലിയ ആശ്ചര്യമായി കാണാന്‍ സാധ്യതയുണ്ട്. ഫെഡറല്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തിനായി ട്രംപ് ടെലിവിഷന്‍ വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കുന്ന പ്രവണത തുടരുകയാണെന്നും ഡോ. ഓസിന്റെ നിയമനം വ്യക്തമാക്കുന്നു. പ്രതിരോധ, ഗതാഗത വകുപ്പുകളുടെ തലപ്പത്തേക്ക് ട്രംപ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികള്‍ നിലവില്‍ ഫോക്‌സ് ന്യൂസ്, ഫോക്‌സ് ബിസിനസ് എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നവരാണ്.

 150 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പരിപാടികളുടെ മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സിയാണ് സെന്റര്‍സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡിക്എയ്ഡ് സര്‍വീസസ്. അവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിയന്ത്രിക്കുകയും ഡോക്ടര്‍മാര്‍, ആശുപത്രികള്‍, മരുന്ന് കമ്പനികള്‍ എന്നിവയ്ക്ക് പല മെഡിക്കല്‍ സേവനങ്ങള്‍ക്കും നല്‍കുന്ന വിലയെ നയിക്കുന്ന പോളിസി നിശ്ചയിക്കുകയും ചെയ്യുന്നു. ഫെഡറല്‍ ചെലവുകളുടെ നാലിലൊന്നും ഈ സെന്ററുകളിലൂടെയാണ് ചെലവഴിക്കുന്നത്.