വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് പുറത്തിറക്കിയ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണവും വിജയകരമായി. ഇതോടെ ലോകത്തെ ഏറ്റവും ശക്തവും വലിപ്പമേറിയതുമായ റോക്കറ്റ് സംവിധാനമായി സ്റ്റാര്‍ഷിപ്പ് ബഹിരാകാശരംഗത്ത് പുതിയ നേട്ടങ്ങള്‍ കുറിച്ചിരിക്കുകയാണ്. സ്പേസ് എക്സിന്റെ വടക്കന്‍ ടെക്സസിലെ സ്റ്റാര്‍ബേസ് ഫെസിറ്റിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30-ഓടുകൂടിയാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം കാണാനായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അടുത്ത സുഹൃത്ത് ഇലോണ്‍ മസ്‌കിനൊപ്പം എത്തിയിരുന്നു.
ഭാവിദൗത്യങ്ങള്‍ക്ക് നിര്‍ണായകമായ പരീക്ഷണമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതും അത്യന്തം സങ്കീര്‍ണമായ ദൗത്യമായിരുന്നു ഇത്. താപപ്രതിരോധസംവിധാനവും തിരിച്ച് ഭൂമിയിലേക്ക് ഇറങ്ങുന്നതിനുള്ള പുതിയ ആശയങ്ങളും ദൗത്യത്തില്‍ പരീക്ഷിച്ചു
പൂര്‍ണമായും പുനരുപയോഗം ചെയ്യാനാവുന്ന റോക്കറ്റാണ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷം സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ബൂസ്റ്റര്‍ ഭാഗത്തെ തിരികെയിറക്കും. അതോടൊപ്പം ബഹിരാകാശത്ത് വച്ച് സ്റ്റാര്‍ഷിപ്പിന്റെ ആറ് റാപ്ടര്‍ എഞ്ചിനുകളില്‍ ഒന്ന് ജ്വലിപ്പിക്കുക ലക്ഷ്യവുമുണ്ട്. സ്റ്റാര്‍ഷിപ്പിലെ എന്‍വെലപ് വികസിപ്പിക്കാനും ബൂസ്റ്റര്‍ ശേഷി കൂട്ടാനും സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിനെ പുനരുപയോഗം ചെയ്യുന്നത് പൂര്‍ണമായും ഓണ്‍ലൈനായി നിയന്ത്രിക്കാനും അപ്പര്‍ സ്റ്റേജില്‍ ഹീറ്റ്ഷീല്‍ഡ് പരീക്ഷണങ്ങള്‍ നടത്താനും ആറാം പരീക്ഷണഘട്ടത്തില്‍ സ്‌പേസ് എക്സ് ലക്ഷ്യമിടുന്നു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് നടന്ന സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണത്തില്‍ റോക്കറ്റിന്റെ പടുകൂറ്റന്‍ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഭാഗത്തെ ഭൂമിയിലെ ലോഞ്ച് പാഡില്‍ തന്നെ വിജയകരമായി തിരിച്ചിറക്കാന്‍ സ്‌പേസ് എക്സിന് കഴിഞ്ഞിരുന്നു. ഏകദേശം 400 അടി (121 മീറ്റര്‍) വലിപ്പമുള്ള എക്കാലത്തെയും വലുതും ഭാരമേറിയതും കരുത്തേറിയതുമായ ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്.
ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സസ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണവും വിജയം; ട്രംപും സാക്ഷിയായി