വാഷിംഗ്ടണ്‍: കഴിഞ്ഞ മാസം നടന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയതിന് പിന്നാലെ ഇറാനിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ മറികടക്കാന്‍ സഹായിക്കുന്നതിന് യു എസ് ഭരണകൂടം ആയിരക്കണക്കിന് സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ രഹസ്യമായി ഇറാനിലേക്ക് അയച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭരണകൂട വിരുദ്ധ പ്രവര്‍ത്തകരെ ഓണ്‍ലൈനില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ജനുവരിയില്‍ പ്രതിഷേധങ്ങളെ ഇറാന്‍ ഭരണകൂടം ശക്തമായി അടിച്ചമര്‍ത്തുകയും ആയിരങ്ങള്‍ കൊല്ലപ്പെടുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഏകദേശം ആറായിരം സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കിറ്റുകള്‍ യു എസ് ഇറാനിലേക്ക് കടത്തിവിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതാദ്യമായാണ് യു എസ് നേരിട്ട് സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ ഇറാനിലേക്ക് അയക്കുന്നത്.
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍ മാസങ്ങളില്‍ ഏകദേശം ഏഴായിരം സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ വാങ്ങിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവയില്‍ ഭൂരിഭാഗവും ജനുവരിയിലാണ് വാങ്ങിയത്. ഭരണകൂട വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് ഇന്റര്‍നെറ്റ് തടസങ്ങള്‍ മറികടക്കാന്‍ സഹായിക്കാനായിരുന്നു നീക്കം. മറ്റ് 'ഇന്റര്‍നെറ്റ് സ്വാതന്ത്ര്യ' പദ്ധതികളില്‍ നിന്നുള്ള ചില ഫണ്ടുകള്‍ സ്റ്റാര്‍ലിങ്ക് വാങ്ങലിലേക്ക് മാറ്റിവെച്ചതായും റിപ്പോര്‍ട്ടുണ്ട്.
യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ഈ നീക്കത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ പദ്ധതി നേരിട്ട് അദ്ദേഹം അംഗീകരിച്ചോയെന്നത് വ്യക്തമല്ല.
ഇറാനിലെ ഭരണകൂടം രാജ്യത്തെ ജനപ്രക്ഷോഭങ്ങള്‍ക്ക് യു എസ് പ്രേരണയായതായി പലവട്ടം ആരോപിച്ചിരുന്നു. സാമ്പത്തിക ദുര്‍വ്യവസ്ഥ, മൂല്യത്തകര്‍ച്ച, കര്‍ശന ഭരണരീതി എന്നിവയ്‌ക്കെതിരെയാണ് 90 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ പ്രക്ഷോഭങ്ങളുമായി യു എസ് എയ്ക്ക് ബന്ധമില്ലെന്നാണ്് വാഷിംഗ്ടണ്‍ പറഞ്ഞത്.
പ്രക്ഷോഭങ്ങള്‍ വ്യാപിച്ചപ്പോള്‍ ട്രംപ് ഇറാനികളെ തെരുവിലിറങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയും 'സഹായം വരുന്നു' എന്ന സന്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യു എസ് സൈനിക ഇടപെടല്‍ ഉണ്ടായില്ല. തുടര്‍ന്ന് ഇറാന്റെ ആണവ പരിപാടിയെക്കുറിച്ച് യു എസ്- ഇറാന്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുകയാണ്. ഇറാന്‍ ആണവ സമ്പുഷ്ടീകരണം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയപ്പോള്‍ ആണവായുധ നിര്‍മ്മാണത്തിന് വഴിയൊരുക്കുന്ന സാധ്യതകള്‍ അവസാനിപ്പിക്കണമെന്നാണ് യു എസ് നിലപാട്.
ബെഞ്ചമിന്‍ നെതന്യാഹുവുമായി ട്രംപ് വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 'ഡിപ്ലോമാറ്റിക്' മാര്‍ഗത്തില്‍ പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്നതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ രേഖപ്പെടുത്തി.
ഇറാനില്‍ സ്റ്റാര്‍ലിങ്ക് ടെര്‍മിനല്‍ കൈവശം വെക്കുന്നത് നിയമവിരുദ്ധവും വര്‍ഷങ്ങളുടെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. എങ്കിലും പതിനായിരക്കണക്കിന് ഇറാകള്‍ ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറികടന്ന് വിവരവിനിമയം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീടുകളിലും മേല്‍ക്കൂരകളിലും പരിശോധന നടത്തി സ്റ്റാര്‍ലിങ്ക് ഉപയോഗം കണ്ടെത്താന്‍ ഇറാന്‍ അധികൃതര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ജനുവരിയില്‍ ട്രംപും എലോണ്‍ മസ്‌കും ഇറാനികള്‍ക്ക് സ്റ്റാര്‍ലിങ്ക് ഉപയോഗിച്ച് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരുന്നു.
സ്റ്റാര്‍ലിങ്ക് സംവിധാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം ഭരണകൂടത്തിനുള്ളില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ചില ഉദ്യോഗസ്ഥര്‍ വി പി എന്‍ സേവനങ്ങള്‍ കൂടുതല്‍ സുരക്ഷിതവും വ്യാപകമായ ഉപയോഗത്തിനും അനുയോജ്യവുമാണെന്ന് വാദിച്ചു. 2022ലെ പ്രതിഷേധകാലത്ത് യു എസ് പിന്തുണയുള്ള വി പി എന്‍ സേവനങ്ങള്‍ ഏകദേശം മൂന്നു കോടി ഇറാനികള്‍ ഉപയോഗിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നു.
യു എസ് സര്‍ക്കാരിന്റെ ധനസഹായം ലഭിക്കുന്ന വി പി എന്‍ കമ്പനിയായ സിഫോണ്‍ 2024ല്‍ ലഭിച്ച 18.5 മില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവില്‍ 5.9 മില്യണ്‍ ഡോളര്‍ മാത്രമാണ് ലഭിക്കുന്നതെന്ന് അറിയിച്ചു. കമ്പനിയുടെ പ്രസിഡന്റ് മൈക്കല്‍ ഹള്‍, സേവനം നിലനിര്‍ത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് വ്യക്തമാക്കി.
യു എസ് ഏജന്‍സി ഫോര്‍ ഗ്ലോബല്‍ മീഡിയയുടെ ഡെപ്യൂട്ടി സി ഇ ഒ കാരി ലേക്ക് സ്റ്റാര്‍ലിങ്കിന് കൂടുതല്‍ പിന്തുണ നല്‍കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇറാനിലെ ജനങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലാത്ത വിവരങ്ങള്‍ എത്തിക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്റ്റാര്‍ലിങ്ക് ഇറാനിലേക്ക് കടത്തിവിടുന്നതിന്റെ സുരക്ഷാ ഭീഷണികള്‍ക്കിടയിലും പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില അമേരിക്കന്‍ സിവില്‍ സൊസൈറ്റി സംഘടനകളും ഇറാനികള്‍ക്ക് സ്റ്റാര്‍ലിങ്ക് ലഭ്യമാക്കുന്നതില്‍ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
