'അപൂര്‍വ വിഷവസ്തു' ഉപയോഗിച്ച് നാവല്‍നിയിയെ റഷ്യ കൊലപ്പെടുത്തിയെന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ ആരോപണം

'അപൂര്‍വ വിഷവസ്തു' ഉപയോഗിച്ച് നാവല്‍നിയിയെ റഷ്യ കൊലപ്പെടുത്തിയെന്ന്  യൂറോപ്യന്‍ രാജ്യങ്ങളുടെ ആരോപണം


മ്യൂണിക്: റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്‍ വിമര്‍ശകനുമായ അലക്‌സി നവല്‍നിയെ അപൂര്‍വ വിഷവസ്തു ഉപയോഗിച്ച് റഷ്യ കൊലപ്പെടുത്തിയതായി ആരോപണം. മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെ വേദിയില്‍ യു കെ, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. 2024-ല്‍ ജയിലില്‍ കഴിയുന്നതിനിടെ 

നാവല്‍നിയിയുടെ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ കണ്ടെത്തിയ എപിബാറ്റിഡിന്‍ എന്ന വിഷവസ്തുവിന് യുക്തിസഹമായ മറ്റൊരു വിശദീകരണവും ഇല്ലെന്ന് യു കെയുടെ വിദേശകാര്യ ഓഫീസ് അറിയിച്ചു.

47 വയസുകാരനായ നാവല്‍നി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായിരുന്നു. 19 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുമ്പോള്‍ 2024 ഫെബ്രുവരിയില്‍ സൈബീരിയയിലെ ശിക്ഷാ കോളനിയിലാണ് അദ്ദേഹം മരിച്ചത്.

യു കെ, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവ ഉള്‍പ്പെട്ട ഏജന്‍സി അന്വേഷണം മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് മരണത്തിന്റെ രണ്ടാം വാര്‍ഷികത്തിന് മുമ്പാണ് കണ്ടെത്തലുകള്‍ പുറത്തുവിട്ടത്.

ദക്ഷിണ അമേരിക്കയില്‍ കാണപ്പെടുന്ന ഡാര്‍ട്ട് ഫ്രോഗുകളുടെ ത്വക്കില്‍ കാണുന്ന എപിബാറ്റിഡിന്‍ എന്ന വിഷവസ്തു സാമ്പിളുകളില്‍ കണ്ടെത്തിയതും അദ്ദേഹത്തിന്റെ മരണത്തിന് സാധ്യതയുള്ള കാരണമായിരുന്നു എന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രസ്താവിച്ചു.

സൈബീരിയയിലെ റഷ്യന്‍ ശിക്ഷാ കോളനിയില്‍ തടവില്‍ കഴിയുമ്പോള്‍ നാവല്‍നിയില്‍ ഈ മാരക വിഷവസ്തു വിതറാന്‍ കഴിയുന്നതും താത്പര്യവും അസരവുമുള്ളതും റഷ്യക്കു മാത്രമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങള്‍ റഷ്യയെ ഉത്തരവാദിയാക്കുന്നുവെന്ന് യു കെ വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

നാവല്‍നിയിയുടെ ഭാര്യ യൂലിയ നാവല്‍നി പറയുന്നത് ക്രെംലിന്റെ വിമര്‍ശകനായ തന്റെ ഭര്‍ത്താവ് കൊലചെയ്യപ്പെട്ടതാണെന്ന് ഇപ്പോള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നാണ്.

തന്റെ ഭര്‍ത്താവിനെ കൊന്നത് വ്‌ളാദിമിര്‍ പുടിന്‍ തന്നെയാണെന്ന് രണ്ടുവര്‍ഷം മുമ്പ് താന്‍ പറഞ്ഞിരുന്നതായും അന്ന് അത് വെറും വാക്കുകളായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത് ശാസ്ത്രീയമായി തെളിയിച്ച സത്യങ്ങളായി മാറിയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കണ്ടെത്തലുകള്‍ ആഗോള രാസായുധ നിരീക്ഷണ ഏജന്‍സിയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓപ് കെമിക്കല്‍ വെപണ്‍സിനെ അറിയിച്ചതായും രാസായുധ നിരോധന കണ്‍വെന്‍ഷന്‍ ലംഘിച്ചതായി റഷ്യക്കെതിരെ സംശയമുണ്ടെന്നും രാജ്യങ്ങള്‍ വ്യക്തമാക്കി.

ഇതിനുമുമ്പ്, റഷ്യന്‍ അന്വേഷണ റിപ്പോര്‍ട്ട് നാവല്‍നി വിവിധ രോഗങ്ങളുടെ ഫലമായാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ കുടുംബവും അനുയായികളും ആ കണ്ടെത്തല്‍ തള്ളിക്കളഞ്ഞ് യഥാര്‍ഥ മരണകാരണം മറച്ചുവെക്കുകയാണെന്ന് അധികൃതരെ കുറ്റപ്പെടുത്തി.