ന്യൂയോര്‍ക്ക്: ബാര്‍ക്ക്ഷയര്‍ ഹാതവേയുടെ സി ഇ ഒയായുള്ള അവസാന അഭിമുഖത്തില്‍ പ്രമുഖ നിക്ഷേപകനായ വാറന്‍ ബഫറ്റ് ഈ ഹോള്‍ഡിംഗ് കമ്പനി അടുത്ത ഒരു നൂറ്റാണ്ട് കൂടി നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. 2025 ഡിസംബര്‍ 31ന് അദ്ദേഹം ഔദ്യോഗികമായി സിഇഒ സ്ഥാനം ഒഴിഞ്ഞു, ഉത്തരവാദിത്തം തന്റെ പിന്‍ഗാമിയായ ഗ്രെഗ് ഏബലിന് കൈമാറി.
60 വര്‍ഷത്തോളം നീണ്ട നേതൃത്വത്തിന് ശേഷം തകര്‍ച്ചയിലായിരുന്ന വസ്ത്ര നിര്‍മ്മാണ സ്ഥാപനത്തെ ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ബഹുരാഷ്ട്ര കോണ്‍ഗ്ലൊമറേറ്റായി മാറ്റിയ ശേഷമാണ് ബഫറ്റ് പദവി ഒഴിഞ്ഞത്. ഇന്‍ഷുറന്‍സ്, റെയില്‍വേ, ഊര്‍ജ്ജം, ഉപഭോക്തൃ ബ്രാന്‍ഡുകള്‍ തുടങ്ങിയ മേഖലകളിലായി നിരവധി കമ്പനികളില്‍ ബര്‍ക്ക്ഷയര്‍ ഇപ്പോള്‍ ഉടമസ്ഥതയോ ഓഹരി പങ്കാളിത്തമോ വഹിക്കുന്നു.
ബഫറ്റ് സ്ഥാനമൊഴിയുമ്പോള്‍ ബര്‍ക്ക്ഷയറിന് 300 ബില്യണ്‍ ഡോളറിലധികം ധനശേഖരമുണ്ട്. ''ഇനി 100 വര്‍ഷങ്ങള്‍ക്കിപ്പുറവും നിലനില്‍ക്കാനുള്ള സാധ്യത എനിക്ക് അറിയാവുന്ന ഏതൊരു കമ്പനിയിലും കൂടുതലാണ് ഇതിനുള്ളത്,'' അദ്ദേഹം സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പിന്‍ഗാമിയായ ഗ്രെഗ് ഏബലിന്റെ തീരുമാനക്ഷമതയെയും വിവേകത്തെയും ബഫറ്റ് പ്രശംസിച്ചു. ''അവസാന തീരുമാനങ്ങള്‍ എടുക്കുന്നത് ഗ്രെഗായിരിക്കും. അമേരിക്കയിലെ മികച്ച നിക്ഷേപ ഉപദേശകരെയോ മുന്‍നിര സിഇഒമാരെയോക്കാള്‍ തന്റെ പണം കൈകാര്യം ചെയ്യാന്‍ ഗ്രെഗിനെയാണ് വിശ്വസിക്കുക''യെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മേയില്‍ ബഫറ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചില നിക്ഷേപകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബര്‍ക്ക്ഷയറിന്റെ ബിസിനസുകളും നിക്ഷേപ പോര്‍ട്ട്‌ഫോളിയോയുമെല്ലാം ഏബലിന് കാര്യക്ഷമമായി കൈകാര്യം ചെയ്യാനാകുമോയെന്നും കമ്പനിയുടെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയം നിലനിര്‍ത്താനാകുമോയെന്നും അവര്‍ ചോദിച്ചിരുന്നു.
ഈ ആശങ്കകള്‍ തള്ളിക്കളഞ്ഞ ബഫറ്റ്, ഏബലിനെ 'ഭൂമിയില്‍ ഉറച്ചുനില്‍ക്കുന്ന, വിവേകമുള്ള നേതാവ്' എന്നാണ് വിശേഷിപ്പിച്ചത്. ശ്രദ്ധാകേന്ദ്രങ്ങളില്‍ നിന്ന് അകന്ന് ലളിതമായ ജീവിതമാണ് ഏബല്‍ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ട ഒരാളല്ലെന്ന് ബഫറ്റ് പറഞ്ഞു. ഏബലിന്റെ അയല്‍വാസികള്‍ക്ക് അദ്ദേഹം ആരാണെന്ന് അറിയില്ലെങ്കില്‍, ഏകദേശം നാല് ലക്ഷം ജീവനക്കാരുള്ള ഒരു കമ്പനിയുടെ നേതാവാകാന്‍ പോകുന്നയാളാണെന്ന് അവര്‍ക്ക് ഊഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തില്‍, പൊതുജന വേദികളിലെ തന്റെ സാന്നിധ്യം കുറയുമെന്ന് ബഫറ്റ് സൂചിപ്പിച്ചു. ഈ വര്‍ഷം ബര്‍ക്ക്ഷയറിന്റെ വാര്‍ഷിക ഓഹരിയുടമകളുടെ യോഗത്തില്‍ സംസാരിക്കില്ലെങ്കിലും യോഗത്തില്‍ പങ്കെടുക്കുമെന്നും ബോര്‍ഡ് അംഗങ്ങളോടൊപ്പം ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം മുമ്പുപോലെ തന്നെ തുടരുമെന്നും ബഫറ്റ് വ്യക്തമാക്കി.
95-ാം വയസ്സില്‍ സി ഇ ഒ സ്ഥാനത്ത് നിന്ന് പിന്മാറുന്ന ബഫറ്റ്, ബര്‍ക്ക്ഷയര്‍ ഹാതവേയുടെ ചെയര്‍മാനായി തുടരും. പൊതുപ്രദര്‍ശനങ്ങള്‍ കുറവായ, ഉപദേശകവും മേല്‍നോട്ടവുമായ ചുമതലയായിരിക്കും ഇനി അദ്ദേഹത്തിനുള്ളത്.
ഇനി ബര്‍ക്ക്ഷയറിന്റെ പ്രതിദിന നേതൃത്വം പുതിയ സിഇഒയായ ഗ്രെഗ് ഏബലിന് കൈമാറും. വിവിധ കമ്പനികളിലെ പ്രവര്‍ത്തനങ്ങളും മൂലധന വിനിയോഗവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളും ഏബലിന്റെ കൈയിലായിരിക്കും.
വര്‍ഷങ്ങളായി ഈ സ്ഥാനത്തിനായി തയ്യാറാക്കിയ ഏബല്‍, ഇതുവരെ ബര്‍ക്ക്ഷയറിന്റെ ഇന്‍ഷുറന്‍സ് അല്ലാത്ത ബിസിനസുകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. അപ്രതീക്ഷിതമായ മാറ്റമല്ല, വ്യക്തവും ആസൂത്രിതവുമായ അധികാര കൈമാറ്റമാണിതെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
