കഴിഞ്ഞ വര്‍ഷം ലോകത്ത് കൊല്ലപ്പെട്ടത് 83000 പെണ്‍കുട്ടികള്‍

കഴിഞ്ഞ വര്‍ഷം ലോകത്ത് കൊല്ലപ്പെട്ടത് 83000 പെണ്‍കുട്ടികള്‍


ജനീവ: ലോകത്ത് കഴിഞ്ഞ വര്‍ഷം മാത്രം 83000 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായി യുനൈറ്റഡ് നേഷന്‍സ് ഓഫിസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈം (യു എന്‍ ഒ ഡി സി) റിപ്പോര്‍ട്ട്. മറ്റൊരു റിപ്പോര്‍ട്ടില്‍ ലോകമെമ്പാടും ഓരോ പത്തു മിനിറ്റിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ കൊല്ലപ്പെടുന്നതായും വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട 83,000 പെണ്‍കുട്ടികളില്‍ 60 ശതമാനം പേരും അവരുടെ അടുത്ത പങ്കാളികളാലോ കുടുംബാംഗങ്ങളാലോ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. അരലക്ഷം പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. 

15 വയസിനു മുകളില്‍ പ്രായമുള്ള 263 ദശലക്ഷം സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി യൂണിസെഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ ആഗോള പ്രതിസന്ധിയാണെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ആഗോള തലത്തില്‍ ഏകദേശം 840 ദശലക്ഷം സ്ത്രീകള്‍ അക്രമമോ ലൈംഗിക അതിക്രമമോ നേരിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഓരോ അതിക്രമവും തുടര്‍ന്നുണ്ടാകുന്ന ഭീതിപ്പെടുത്തുന്ന ഫലങ്ങളും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. 14- 17 പ്രായത്തിലുള്ള കൗമാരക്കാര്‍ക്കെതിരെയാണ് ലൈംഗികാതിക്രമങ്ങള്‍ കൂടുതലും സംഭവിച്ചതെന്നു പറയുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ ലൈംഗിക അതിക്രമങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ ആവര്‍ത്തിച്ചുള്ള പീഡനത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്നുള്ള പഠനവുമുണ്ട്.