യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ ഏഴ് ദിവസത്തെ പദ്ധതി; ഹോർമുസ് കടലിടുക്ക് തുറക്കാനും ആണവ ചർച്ച പുനരാരംഭിക്കാനും നിർദേശം

യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ ഏഴ് ദിവസത്തെ പദ്ധതി; ഹോർമുസ് കടലിടുക്ക് തുറക്കാനും ആണവ ചർച്ച പുനരാരംഭിക്കാനും നിർദേശം


അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഏഴ് ദിവസത്തെ സമാധാന പദ്ധതി മുന്നോട്ടുവച്ച് ഇറാൻ. ന്യൂയോർക്കിൽ യുഎൻ പൊതുസഭയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

ഇടനിലക്കാർ മുഖേന പദ്ധതി അമേരിക്കയ്ക്ക് കൈമാറിയതായി അറാഖ്ചി പറഞ്ഞു. നിർദേശിച്ച വ്യവസ്ഥകൾ അമേരിക്ക അംഗീകരിച്ചാൽ ഉടൻ പദ്ധതി നടപ്പാക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി പ്രകാരം ആദ്യ ഏഴ് ദിവസങ്ങളിൽ ഇറാനും അമേരിക്കയും തമ്മിലുള്ള എല്ലാ ശത്രുതാപരമായ നടപടികളും നിർത്തിവയ്ക്കണം. ലെബനനിലെ പോരാട്ടവും ഇതിൽ ഉൾപ്പെടും. ഇറാന്റെ മരവിപ്പിച്ചിരിക്കുന്ന 12 ബില്യൺ ഡോളറിലധികം വരുന്ന ആസ്തികൾ വിട്ടുനൽകുക, ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധത്തിൽ ഇളവ് നൽകുക, ഇറാനെതിരായ യുഎസ് നാവിക ഉപരോധം പിൻവലിക്കുക എന്നിവയാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന വ്യവസ്ഥകൾ.

ഏഴാം ദിവസം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും അറാഖ്ചി പറഞ്ഞു. അതിന് പിന്നാലെ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സമഗ്ര ചർച്ചകൾ ഉടൻ ആരംഭിക്കണമെന്നും ഇറാൻ നിർദേശിക്കുന്നു.

ലോകത്തിലെ പ്രധാനപ്പെട്ട എണ്ണവാതക ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ആഗോള ഊർജവിപണിക്കും കപ്പൽ ഗതാഗതത്തിനും നിർണായകമാണ്. അതിനാൽ തന്നെ കടലിടുക്കിന്റെ തുറക്കൽ യുഎസ്ഇറാൻ നയതന്ത്ര ചർച്ചകളിലെ പ്രധാന വിഷയമായി മാറിയിട്ടുണ്ട്.

യുഎൻ പൊതുസഭയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പരസ്പരവിരുദ്ധമായ നിലപാടുകളാണ് അവതരിപ്പിച്ചത്. ആണവ കരാറിലെത്താത്ത പക്ഷം ഇറാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയപ്പോൾ, അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് പെസെഷ്‌കിയാൻ വ്യക്തമാക്കി.

അതേസമയം, ഇടനിലക്കാരുടെ സഹായത്തോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. ഖത്തറിന്റെ മധ്യസ്ഥതയിൽ യുഎസ്ഇറാൻ പ്രതിനിധികൾ നടത്തിയ ഏദേശം മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ നിർണായക ധാരണയിലെത്താനായില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. എന്നാൽ ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്നും ആശയവിനിമയം തുടരുകയാണെന്നും അറാഖ്ചി പറഞ്ഞു.

ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നുണ്ട്. ഉയർന്ന പണപ്പെരുപ്പം, അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, മരുന്നുകളുടെ ലഭ്യതക്കുറവ്, വ്യാപാര തടസ്സങ്ങൾ എന്നിവ ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നയതന്ത്ര നീക്കം.

ഹോർമുസ് കടലിടുക്ക് തുറക്കൽ, ഉപരോധ ഇളവ്, മരവിപ്പിച്ച ആസ്തികളുടെ മോചനം, ആണവ ചർച്ചകളുടെ പുനരാരംഭം എന്നിവയെ ഒരൊറ്റ ഘട്ടംഘട്ടമായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇറാൻ പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്. അമേരിക്കയുടെ പ്രതികരണമാണ് പദ്ധതിയുടെ തുടർഗതിയെ നിർണയിക്കുക.