യുദ്ധത്തിന് മുമ്പും ശേഷവും ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന് ചൈനയില്‍നിന്ന് 1,300 ചരക്കുനീക്കങ്ങള്‍ നടന്നെന്ന് റിപ്പോര്‍ട്ട്

യുദ്ധത്തിന് മുമ്പും ശേഷവും ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന് ചൈനയില്‍നിന്ന് 1,300 ചരക്കുനീക്കങ്ങള്‍ നടന്നെന്ന് റിപ്പോര്‍ട്ട്


വാഷിംഗ്ടണ്‍: 2026ന്റെ ആദ്യ പകുതിയില്‍ ഇറാന്റെ പ്രതിരോധ മന്ത്രാലയത്തിന് ചൈനീസ് വിതരണക്കാര്‍ ഇരട്ട ഉപയോഗത്തിനുള്ള (സൈനിക, സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന) ഘടകങ്ങള്‍ അടങ്ങിയ ഏകദേശം 1,300 ചരക്കുനീക്കങ്ങള്‍ നടത്തിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ഇറാന്റെ ആയുധ പദ്ധതികള്‍ക്ക് ഇവ സഹായകമായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇറാന്റെ കസ്റ്റംസ് രേഖകള്‍ പരിശോധിച്ചാണ് പത്രം ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഡ്രോണുകളിലും മറ്റ് സൈനിക സംവിധാനങ്ങളിലും ഉപയോഗിക്കാവുന്ന ഘടകങ്ങള്‍ ചരക്കുകളില്‍ ഉള്‍പ്പെട്ടിരുന്നു. ജൂണ്‍ 17ന് ഒരു ചരക്ക് ഇറാനിലെത്തി. അന്നാണ് വാഷിംഗ്ടണും തെഹ്റാനും 60 ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായത്. രണ്ടു ദിവസത്തിനുശേഷം 12ലധികം ചരക്കുനീക്കങ്ങള്‍ കൂടി നടന്നു. ഡ്രോണുകളില്‍ ഉപയോഗിക്കാവുന്ന ആറു ദശലക്ഷം ഡോളറിലധികം വിലവരുന്ന ഘടകങ്ങളാണ് അവയിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും വാഷിംഗ്ടണില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇറാനുള്ള ചൈനയുടെ പിന്തുണയും ചര്‍ച്ചകളില്‍ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരം, നിര്‍മിതബുദ്ധിയുടെ സുരക്ഷ, തായ്വാന്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചകളുടെ പരിഗണനയിലുണ്ട്.

ഷിയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ട്രംപ് സഹായികളോട് പറഞ്ഞതായി ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇംപോര്‍ട്ട് ജീനിയസ് നല്‍കിയ 2025 ജനുവരി മുതല്‍ 2026 ജൂണ്‍ വരെയുള്ള രേഖകളില്‍ ഇറാനിയന്‍ കമ്പനികളിലേക്കും പ്രതിരോധ മന്ത്രാലയത്തിലേക്കുമായി നടന്ന ആയിരക്കണക്കിന് ചരക്കുനീക്കങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജി പി എസ് ഉപകരണങ്ങള്‍, മോട്ടോറുകള്‍, വിമാന എന്‍ജിന്‍ ഭാഗങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ചില ചരക്കുനീക്കങ്ങളില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഇറക്കുമതികള്‍ക്ക് തീരുവ ഇളവ് അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 119 പരാമര്‍ശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

യുദ്ധത്തിന് മുമ്പ് രാസസംയുക്തങ്ങളും എത്തിച്ചു

ഫെബ്രുവരി 28ന് യുദ്ധം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഇറാന്റെ പ്രതിരോധ മന്ത്രാലയത്തിന് ചൈന ഏകദേശം 300 ടണ്‍ രാസസംയുക്തങ്ങളും കൈമാറിയതായി റിപ്പോര്‍ട്ട് പറയുന്നു.

സംഘര്‍ഷം ആരംഭിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ആദ്യം കുത്തനെ കുറഞ്ഞു. എന്നാല്‍ ഏപ്രിലില്‍ അമേരിക്കന്‍ നാവിക ഉപരോധം ചരക്കുവിതരണത്തെ കൂടുതല്‍ നിയന്ത്രിച്ചതോടെ ചൈനയുമായുള്ള വ്യോമബന്ധങ്ങള്‍ ഇറാന്‍ വിപുലീകരിച്ചു.

അമേരിക്കയുടെ ഉപരോധപ്പട്ടികയിലുള്ള മഹാന്‍ എയര്‍ ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ഷു എന്നിവിടങ്ങളില്‍നിന്ന് തെഹ്റാനിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് ആദ്യത്തില്‍ ആഴ്ചയില്‍ നാലെണ്ണമായിരുന്നത് ഏപ്രില്‍ അവസാനത്തോടെ ഏകദേശം 27 ആയി വര്‍ധിപ്പിച്ചതായി ഫ്‌ളൈറ്റ്റഡാര്‍24 വിവരങ്ങള്‍ ഉദ്ധരിച്ച് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.