ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പുതിയ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തയ്യാറെടുക്കുന്നു. കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ പിന്തുണയ്ക്കാന്‍ ധാരണയായി.
പ്രമേയത്തിനുള്ള നോട്ടീസ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും കമ്മിഷണര്‍മാരും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ നീക്കം.
വോട്ടര്‍ പട്ടിക പരിഷ്‌കരണം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങള്‍ക്കും ഉത്തരവുകള്‍ക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടയില്‍ കുറഞ്ഞത് 14 തവണ ഔദ്യോഗികമായി എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപക്ഷം നേരത്തെ തന്നെ ആശങ്കകള്‍ ഉന്നയിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.
എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ വിവരങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും ഐകകണ്ഠ്യേനയാണ് വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനുള്ള തീരുമാനങ്ങളെല്ലാം കൈക്കൊണ്ടതെന്നും കമ്മിഷന്‍ അറിയിച്ചു.
ഗ്യാനേഷ് കുമാറിനെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ഇതാദ്യമല്ല. നിഷ്പക്ഷത പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ഷം ഏപ്രിലില്‍ പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കറും നോട്ടീസ് തള്ളി.
ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള അംഗ ബലം പ്രതിപക്ഷത്തിന് ഇല്ലെങ്കിലും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പദവിയില്‍ അദ്ദേഹം ഇരിക്കുന്നതില്‍ പ്രതിപക്ഷത്തിനുള്ള അവിശ്വാസം പ്രകടമാക്കാന്‍ ഇതിലൂടെ കഴിയും.
