ബംഗാളില്‍ ഭരണം പിടിക്കാന്‍ ബി ജെ പി ചെലവഴിച്ചത് 286 കോടി രൂപ

ബംഗാളില്‍ ഭരണം പിടിക്കാന്‍ ബി ജെ പി ചെലവഴിച്ചത് 286 കോടി രൂപ


ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ബി ജെ പി 529.38 കോടി രൂപ ചെലവഴിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇതില്‍ 54 ശതമാനത്തോളം തുക (286 കോടി രൂപ) പശ്ചിമ ബംഗാളിനുവേണ്ടി മാത്രമാണ് ചെലവഴിച്ചത്.

അസം, തമിഴ്‌നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുടെ വിശദാംശങ്ങളാണ് ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.

പശ്ചിമ ബംഗാള്‍ 286 കോടി, അസം 96.26 കോടി, കേരളം 82.67 കോടി, തമിഴ്‌നാട്: 51.56 കോടി, പുതുച്ചേരി 11.89 കോടി എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍.

തെരഞ്ഞെടുപ്പ് കാലയളവില്‍ ബി ജെ പിക്ക് ആകെ 1,494 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ബംഗാളില്‍ പാര്‍ട്ടിയുടെ പൊതു പ്രചാരണങ്ങള്‍ക്കായി 217.16 കോടിയും സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ക്കായി 69.83 കോടിയുമാണ് ചെലവാക്കിയത്. ഇതില്‍ 58.80 കോടി രൂപ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് കൈമാറിയതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ പാര്‍ട്ടിയുടെ കൈവശം 7,689.06 കോടി രൂപയാണ് ബാക്കിയുള്ളത്.

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും യാത്രാച്ചെലവുകള്‍, പൊതുസമ്മേളനങ്ങള്‍, റാലികള്‍, പരസ്യങ്ങള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവയുടെ വിശദമായ സാമ്പത്തിക വിവരങ്ങള്‍ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതുപ്രകാരമുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ചെലവ് പരിധിയുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവുകള്‍ക്ക് പരമാവധി തുകയുടെ പരിധിയില്ല.