ഗാസയില്‍ അടിമയാക്കിവെച്ചിരുന്ന യസീദി സ്ത്രീയെ പത്തുവര്‍ഷത്തിനുശേഷം മോചിപ്പിച്ചു

ഗാസയില്‍ അടിമയാക്കിവെച്ചിരുന്ന യസീദി സ്ത്രീയെ പത്തുവര്‍ഷത്തിനുശേഷം മോചിപ്പിച്ചു


ജറുസലേം: 2014ല്‍ വടക്കന്‍ ഇറാഖിലെ നീനെവെ സമതലത്തിലുടനീളം നടന്ന കലാപത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 11 കാരി ഫൗസിയ അമന്‍ സിഡോ എന്ന യാസിദി പെണ്‍കുട്ടിയെ 10 വര്‍ഷത്തിനുശേഷം 21 ാം വയസില്‍ ഗാസയിലെ അഭയകേന്ദ്രത്തില്‍ നിന്ന് ഇസ്രേയല്‍ പ്രതിരോധ സേന മോചിപ്പിച്ചു. പാലസ്തീനില്‍ ഹമാസ് നേതാവായ ഭര്‍ത്താവും അയാളുടെകുടുംബവും അടിമയെപോലെ ഉപയോഗിച്ചിരുന്ന അവള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഐഡിഎഫിന്റെ സഹായത്തോടെ രണ്ടു കുട്ടികള്‍ക്കൊപ്പം മോചിപ്പിക്കപ്പെട്ടത്.

ഗാസയില്‍ തടവിലായിരുന്ന ഫൗസിയയടെ മോചനത്തിനായി  അവളുടെ കുടുംബം ദീര്‍ഘകാലമായി ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദശകത്തില്‍ മിഡില്‍ ഈസ്റ്റിലെ പലരുടെയും ജീവിതത്തിന്റെ ഭീകരമായ യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുന്നതാണ് ഈ യുവതിയുടെ വേദനാജനകമായ കഥ. മേഖലയിലെ ഇസ്ലാമിക, ജിഹാദി സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ വളര്‍ച്ച നിരപരാധികളായ ജനങ്ങളെ എത്രത്തോളം നശിപ്പിച്ചുവെന്നും ഫൗസിയയുടെ ജീവിതാനുഭവങ്ങള്‍ കാണിക്കുന്നു.

2014ല്‍ വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ മേഖലയില്‍ പിടികൂടിയ ആയിരക്കണക്കിന് യസീദികളില്‍ 11കാരിയായ ഫൗസിയ സിഡോയും ഉള്‍പ്പെട്ടിരുന്നു. അവള്‍ കുടുംബത്തില്‍ നിന്ന് വേര്‍പെട്ട് അടിമയായി. ഇറാഖിന്റെയും സിറിയയുടെയും ചില ഭാഗങ്ങളില്‍ ഐസിസ് തങ്ങളുടെ ഖിലാഫത്ത് നിലനിര്‍ത്തിയ കാലയളവില്‍, ഗാസയില്‍ നിന്നുള്ള ഒരു ജിഹാദിയെ വിവാഹം കഴിക്കാന്‍ സംഘടന സിഡോയെ നിര്‍ബന്ധിച്ചു.  പ്രായമുള്ള ഈ മനുഷ്യന്‍ അവളുടെ ഇരുപതുകളില്‍ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് അവര്‍ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് കുട്ടികളെ പ്രസവിച്ചു.

2019ല്‍ യൂഫ്രട്ടീസ് നദീതടത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് അവസാനമായി നിലയുറപ്പിച്ചപ്പോള്‍ സിഡോയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടു. അവളും അവളുടെ കുട്ടികളും വടക്കന്‍ സിറിയയിലെ അല്‍-ഹോളിലെ വലിയ തടങ്കല്‍പ്പാളയത്തിലേക്ക് ഐസിസ് കുടുംബങ്ങള്‍ക്കൊപ്പം പലായനം ചെയ്തു. അമേരിക്കയുടെ സഹായത്തോടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് ആണ് ഈ തടങ്കല്‍ പാളയം പരിപാലിക്കുന്നത്. ഐസിസ് ജിഹാദികളുടെ ഭാര്യമാരും കുട്ടികളും ഉള്‍പ്പെടെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള 40,000-ത്തിലധികം പേരെ ക്യാമ്പില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

അല്‍-ഹോളിന്റെ ചുറ്റുമുള്ള മേഖല സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സാണ് നിയന്ത്രിക്കുന്നതെങ്കിലും എന്നാല്‍ കൂടാര ക്യാമ്പുകള്‍ക്കുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ തന്നെ ഭീകര ഭരണമാണ.് . അവര്‍ അവരുടേതായ വിദ്യാഭ്യാസ സമ്പ്രദായമാണ് നിലനിര്‍ത്തുന്നത്. അവര്‍ സ്വന്തമായി കോടതികളും നടത്തുന്നു, വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ പുറപ്പെടുവിക്കുന്നത് ഈ കോടതികളാണ്. അല്‍-ഹോളില്‍ നിന്ന് അന്തേവാസികള്‍ ഇടക്കിടെ രക്ഷപ്പെടുന്നത് പതിവാണ്. അത്തരമൊരു രക്ഷപ്പെടലില്‍ ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങള്‍ മിസ് സിഡോയെയും അവളുടെ മക്കളെയും ക്യാമ്പില്‍ നിന്ന് കൊണ്ടുപോയി. സിറിയയിലെ വടക്കന്‍ ഇഡ്‌ലിബ് പ്രവിശ്യയിലെ തുര്‍ക്കി പിന്തുണയുള്ള ഇസ്ലാമിക എന്‍ക്ലേവിലേക്കാണ് അവരെ കൊണ്ടുപോയത്.

അവിടെ നിന്ന്, ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഒരു ശൃംഖല  സിഡോയെയും അവളുടെ മക്കളെയും അതിര്‍ത്തി കടത്തി തുര്‍ക്കിയിലേക്ക് കൊണ്ടുപോയി, അവിടെ അവര്‍ ഗാസയില്‍ നിന്നുള്ള ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ജിഹാദി നെറ്റുവര്‍ക്കുകള്‍ ഉപയോഗിച്ച് അവള്‍ക്ക് ഈജിപ്തിലേക്ക് പറക്കാന്‍ ഒരു വ്യാജ ഈജിപ്ഷ്യന്‍ പാസ്‌പോര്‍ട്ട് നല്‍കപ്പെട്ടതോടെ അവിടെ നിന്ന്, അവളും അവളുടെ കുട്ടികളും ഗാസ മുനമ്പിലേക്ക് കടത്തപ്പെട്ടു. അവിടെ സെപ്റ്റംബര്‍ 30 ന് അവളെ രക്ഷപ്പെടുത്തുന്നതുവരെ ഭര്‍ത്താവിന്റെ കുടുംബം അവളെ തടവിലാക്കിവെച്ചിരിക്കുകയായിരുന്നു

കനേഡിയന്‍ ജൂത ബിസിനസുകാരനായ സ്റ്റീവ് മാമനും സിഡോയുടെ കുടുംബവുേ ചേര്‍ന്ന് നടത്തിയ പരിശ്രമങ്ങളിലൂടെ സിഡോ ഇപ്പോള്‍ സ്വതന്ത്ര ലോകത്ത് എത്തിയിരിക്കുകയാണ്.
ഗാസയില്‍ ഇസ്രായേല്‍ സുരക്ഷാ സേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ യുഎസ്. സര്‍ക്കാരും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.. ഒരു പതിറ്റാണ്ട് മുമ്പ് പിടിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്ത ഇറാഖിലെ സിന്‍ജാറിലെ സ്വന്തം കുടുംബത്തിലേക്ക് പത്തുവര്‍ഷത്തെ നരകയാതനകള്‍ക്കുശേഷം സിഡോ വീണ്ടും പോയി അവരുമായി ഒന്നിക്കുകയാണ്.