യു എസിനും ജര്‍മ്മനിക്കും പിന്നാലെ കെജ്രിവാളിന്റെ അറസ്റ്റിനെതിരെ യു എന്നും

യു എസിനും ജര്‍മ്മനിക്കും പിന്നാലെ കെജ്രിവാളിന്റെ അറസ്റ്റിനെതിരെ യു എന്നും


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അറസ്റ്റിനെതിരെ യു എന്‍ പ്രതികരണം പുറത്തുവന്നു. 'എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന് നേരത്തെ കെജ്രിവാളിന്റെ അറസ്റ്റിനെതിരെ യു എസും ജര്‍മ്മനിയും പ്രതികരിച്ചിരുന്നു. 'നീതിയുള്ളതും സുതാര്യവും സമയോചിതവുമായ നിയമനടപടികളുണ്ടാവണം' എന്നാണ് ഐക്യരാഷ്ട്രസഭയുടെ വക്താവ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഇന്ത്യയില്‍ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

ഇന്ത്യയിലും, തെരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ, രാഷ്ട്രീയവും സിവില്‍ ഉള്‍പ്പെടെ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി വ്യാഴാഴ്ച ഒരു പത്രസമ്മേളനത്തില്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. എല്ലാവര്‍ക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ വോട്ടുചെയ്യാന്‍ അവകാശങ്ങളുണ്ടെന്നും കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ 'രാഷ്ട്രീയ അശാന്തി'യെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ദുജാറിക് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുടെയും നയതന്ത്രജ്ഞന്റെയും ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ, 'ഈ നടപടികള്‍ സൂക്ഷ്മമായി പിന്തുടരുന്നു' എന്നും 'ന്യായവും സുതാര്യവും സമയബന്ധിതമായ നിയമ നടപടികളെ പ്രോത്സാഹിപ്പിക്കുന്നു' എന്നും യു എസ് പറഞ്ഞു. 'ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഈ നടപടികള്‍ ഞങ്ങള്‍ സൂക്ഷ്മമായി പിന്തുടരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി പ്രചാരണം നടത്തുന്നതിന് വെല്ലുവിളിയുണ്ടാക്കുന്ന തരത്തില്‍ നികുതി അധികാരികള്‍ അവരുടെ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണങ്ങളും ഞങ്ങള്‍ക്കറിയാം. ഈ പ്രശ്നങ്ങള്‍ക്കെല്ലാം ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു,' യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.

വെള്ളിയാഴ്ച, ജര്‍മ്മനിയുടെ വിദേശകാര്യ ഓഫീസിന്റെ വക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍ പറഞ്ഞത് 'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും അടിസ്ഥാന ജനാധിപത്യ തത്വങ്ങളും ഈ കേസില്‍ പ്രയോഗിക്കപ്പെടുമെന്ന് ഞങ്ങള്‍ അനുമാനിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു' എന്നായിരുന്നു.

ഇരു രാജ്യങ്ങളുടെയും അഭിപ്രായങ്ങളോട് വിദേശകാര്യ മന്ത്രാലയം ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ആവര്‍ത്തിച്ചു. കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കാന്‍ ജര്‍മ്മന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ജോര്‍ജ്ജ് എന്‍സ്വീലറെ വിളിച്ചുവരുത്തി ദിവസങ്ങള്‍ക്ക് ശേഷം യു എസ് എംബസിയിലെ പൊതുകാര്യ വിഭാഗം മേധാവി ഗ്ലോറിയ ബെര്‍ബെനയെയും വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യ യു എസിനെതിരെ തിരിച്ചടിക്കുന്നത്. പൗരത്വ (ഭേദഗതി) നിയമത്തില്‍ (സി എ എ) വാഷിംഗ്ടണില്‍ നിന്നുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ചുകൊണ്ട് ഡല്‍ഹി മാര്‍ച്ച് 15ന് ഇത് 'ആഭ്യന്തര കാര്യമാണ്' എന്ന് പറഞ്ഞിരുന്നു.

മറുവശത്ത്, ഇന്ത്യന്‍ പ്രതിപക്ഷ നേതാക്കളുടെയും സിവില്‍ സമൂഹത്തിന്റെയും ജുഡീഷ്യല്‍ നടപടികളുടെ പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള മൂന്നാമത്തെ മുഖാമുഖമാണിത്.