കാന്‍ബെറ: പതിനാറ് വയസ്സില്‍ താഴെയുള്ളവരുടെ സമൂഹമാധ്യമ ഉപയോഗം വിലക്കി ഓസ്ട്രേലിയ. 19ന് എതിരെ 34 വോട്ടിനാണ് സെനറ്റ് വ്യാഴാഴ്ച ബില്‍ പാസ്സാക്കിയത്. പ്രതിനിധി സഭ 13ന് എതിരെ 102 എന്ന വന്‍ ഭൂരിപക്ഷത്തില്‍ ബുധനാഴ്ച ബില്‍ പാസ്സാക്കി.
ടിക് ടോക്, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയടക്കമുള്ളവ കുട്ടികള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. നിയമം ലംഘിച്ചാല്‍ അഞ്ചുകോടി ഓസ്ട്രേലിയന്‍ ഡോളര്‍ (274.5 കോടി രൂപ) പിഴ ഈടാക്കും.
അതേസമയം മെസേജ് അയക്കുന്നതിനും ഓണ്‍ലൈന്‍ ഗെയിമിങിനും ആരോഗ്യ - വിദ്യാഭ്യാസ സംബന്ധമായ സേവനങ്ങള്‍ക്കുമൊന്നും വിലക്കുണ്ടാവില്ല. യുവതലമുറയുടെ മാനസിക ആരോഗ്യ സംരക്ഷണം പോലുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ക്കും പഠന ആവശ്യങ്ങള്‍ക്കുള്ള ഗൂഗിളിന്റെ ആല്‍ഫബറ്റ് ക്ലാസ് റൂം, യുട്യൂബ് പോലുള്ളവയ്ക്കും വിലക്ക് ബാധകമാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.
സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കുട്ടികളില്‍ ഉണ്ടാക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍ പല രാജ്യങ്ങളും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം പരിമിതപ്പെടുത്താനുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അക്കൂട്ടത്തിലെ ഏറ്റവും ശക്തമായ നടപടിയായിരിക്കും ഓസ്‌ട്രേലിയയുടേത്.
ദക്ഷിണകൊറിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലും സമാന നിയമമുണ്ട്.