ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായ അലി ഖമനയി കൊല്ലപ്പെട്ടെന്ന വാർത്തയ്ക്ക് പിന്നാലെ, ഇറാൻ രൂപപ്പെടുത്തിയിരുന്ന 'പ്രതിരോധ അച്ചുതണ്ട്' സഖ്യത്തിലെ സംഘടനകൾ കടുത്ത പ്രതികരണവുമായി രംഗത്തെത്തി. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ശക്തമായ മറുപടി നൽകുമെന്ന പ്രഖ്യാപനങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നുയർന്നത്.
ദശാബ്ദങ്ങളായി ഇസ്രായേലിനെയും അമേരിക്കയെയും എതിർക്കുന്ന നിലപാടിൽ ഒരുമിച്ച് പ്രവർത്തിച്ച സംഘടനകളുടെ കൂട്ടായ്മയാണ് ഈ അച്ചുതണ്ട്. ഇറാന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഈ സഖ്യത്തിൽ സിറിയയിലെ മുൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ ഭരണകൂടം, ലെബനനിലെ ഹിസ്ബുള്ള, ഇറാഖിലെ ഷിയാ സായുധസംഘങ്ങൾ, യെമനിലെ ഹൂത്തി പ്രസ്ഥാനം, പലസ്തീൻ വിഭാഗങ്ങളായ ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നിവ ഉൾപ്പെട്ടിരുന്നു.
ഖമനയിയുടെ വധത്തിന് പിന്നാലെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളെ നേരിടുമെന്ന് ലെബനനിലെ ഹിസ്ബുള്ള പ്രഖ്യാപിച്ചു. മുമ്പ് ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഉദ്യോഗസ്ഥർ ഹിസ്ബുള്ളയുടെ സൈനിക ശേഷി പുനർനിർമ്മിക്കാൻ നേതൃത്വം ഏറ്റെടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു.
പലസ്തീൻ സംഘടനയായ ഹമാസ് ഖമനയിയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് അതിനെ ക്രൂരമായ ആക്രമണമെന്നു വിശേഷിപ്പിച്ചു. ഇറാന്റെ പരമാധികാരത്തിനെതിരായ ഗുരുതരമായ ലംഘനമാണിതെന്നും അതിന്റെ പ്രതിഫലനം മേഖലയിലെ സുരക്ഷാ സാഹചര്യത്തെ ബാധിക്കുമെന്നും ഹമാസ് പ്രസ്താവിച്ചു.
യെമനിലെ ഹൂത്തി പ്രസ്ഥാനം ഖമനയിയുടെ മരണത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, അമേരിക്ക-ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഏതു സാഹചര്യത്തിനും തയ്യാറാണെന്ന് അവരുടെ നേതാവ് അബ്ദുൽ മലിക് അൽ ഹൂത്തി വ്യക്തമാക്കിയിരുന്നു. ഇറാൻ മുഴുവൻ ഇസ്ലാമിക ലോകത്തിനുവേണ്ടി പോരാട്ടം നയിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഖമനയിയുടെ മരണത്തിന് മുമ്പുതന്നെ ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂത്തി വിഭാഗവും അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരെ യുദ്ധം തുടങ്ങുകയാണെങ്കിൽ മുഴുവൻ മേഖലയും ആളിപ്പടരുമെന്ന് ഹിസ്ബുള്ള നേതാവ് നയിം ഖാസിം പറഞ്ഞിരുന്നു. ഇറാഖിലെ സായുധസംഘമായ കഥൈബ് ഹിസ്ബുള്ളയും സമ്പൂർണ യുദ്ധം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ചെങ്കടൽ വഴിയുള്ള കപ്പൽഗതാഗതത്തെ ലക്ഷ്യമിട്ട് പുതിയ ആക്രമണങ്ങൾ നടത്തുമെന്നും ഹൂത്തി വിഭാഗം ഭീഷണിപ്പെടുത്തിയിരുന്നു.
ഖമനയിയുടെ മരണത്തോടെ ഇറാന്റെ സഖ്യശക്തികളുടെ ഭാവി എന്തായിരിക്കുമെന്നത് ഇപ്പോൾ വലിയ ചോദ്യമാണ്. നേതൃത്വം മാറിയാലും ഈ അച്ചുതണ്ട് അതേ ശക്തിയോടെ തുടരുമോ, അതോ പുതിയ തന്ത്രങ്ങളിലേക്ക് മാറുമോ എന്നത് മേഖലയിലെ സുരക്ഷാ സാഹചര്യം നിർണ്ണയിക്കുന്ന പ്രധാന ഘടകമായിരിക്കുകയാണ്.
ഖമനയിയുടെ മരണത്തിന് പിന്നാലെ പ്രതികാര പ്രതിജ്ഞയുമായി പ്രതിരോധ സഖ്യം
