ആണവായുധശേഷി ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ച് ചൈന; ഗുരുതര ആശങ്കയെന്ന് അമേരിക്ക

ആണവായുധശേഷി ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ച് ചൈന; ഗുരുതര ആശങ്കയെന്ന് അമേരിക്ക


വാഷിംഗ്ടണ്‍: പസഫിക് സമുദ്രത്തിന് മുകളിലൂടെ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ചൈന പരീക്ഷിച്ചതിനെതിരെ അമേരിക്ക രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ചൈനയുടെ അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും സുതാര്യമല്ലാത്തതുമായ ആണവായുധ പദ്ധതിയുടെ മറ്റൊരു തെളിവാണ് ഈ പരീക്ഷണമെന്ന് അമേരിക്ക ആരോപിച്ചു.

ഡമ്മി വാര്‍ഹെഡ് ഘടിപ്പിച്ച മിസൈല്‍ തിങ്കളാഴ്ച പതിവ് സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് വിക്ഷേപിച്ചതെന്ന് ചൈന അറിയിച്ചു. എന്നാല്‍ ഈ പരീക്ഷണം ഇന്‍ഡോ- പസഫിക് മേഖലയിലാകെ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. അമേരിക്കയ്ക്കു പുറമെ ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും വിക്ഷേപണത്തില്‍ ആശങ്ക രേഖപ്പെടുത്തി.

രണ്ട് വര്‍ഷത്തിനിടെ അന്താരാഷ്ട്ര സമുദ്രമേഖലയിലേക്ക് ഇത്തരത്തില്‍ ചൈന നടത്തുന്ന രണ്ടാമത്തെ പരീക്ഷണമാണിത്. 2024-ലെ പരീക്ഷണത്തിന് മുമ്പ് നാല് പതിറ്റാണ്ടിലേറെയായി ചൈന പസഫിക്കിലേക്ക് ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം പരസ്യമായി നടത്തിയിരുന്നില്ല.

ഈ പരീക്ഷണം ഏഷ്യയ്ക്ക് പുറത്തുള്ള ലക്ഷ്യങ്ങള്‍, പ്രത്യേകിച്ച് അമേരിക്കന്‍ ഭൂഖണ്ഡം വരെ ആക്രമിക്കാന്‍ ചൈനയുടെ ശേഷി വര്‍ധിച്ചുവരുന്നതിന്റെ സൂചനയാണെന്നാണ് സൈനിക വിദഗ്ധരുടെ വിലയിരുത്തല്‍.

ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നും ദക്ഷിണ പസഫിക്കിലെ സോളമന്‍ ദ്വീപുകള്‍ക്ക് സമീപമാണ് അത് പതിച്ചതെന്നും നിരീക്ഷകര്‍ സംശയിക്കുന്നു. ഇത് സ്ഥിരീകരിക്കപ്പെട്ടാല്‍ കടല്‍ അധിഷ്ഠിത ആണവ പ്രതിരോധ ശേഷിയില്‍ ചൈന കൈവരിച്ച വലിയ മുന്നേറ്റമായിരിക്കും.

മിസൈല്‍ പരീക്ഷണത്തോട് പ്രതികരിച്ച അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണവായുധ ശേഖരം വര്‍ധിപ്പിക്കുന്നതിനൊപ്പം ആയുധ നിയന്ത്രണ ചര്‍ച്ചകളില്‍ നിന്ന് ചൈന ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ചു.

ആണവായുധ വ്യാപനം തടയാന്‍ അമേരിക്ക മുമ്പെങ്ങുമില്ലാത്തവിധം ശ്രമിക്കുമ്പോള്‍ ചൈന അതിന് വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു.

ബീജിംഗിന്റെ അതിവേഗവും സുതാര്യമല്ലാത്തതുമായ ആണവായുധ വികസനം മേഖലയ്ക്കും ലോകത്തിനും വലിയ ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവിയിലെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനും ആയുധ നിയന്ത്രണ ചര്‍ച്ചകളിലേക്ക് മടങ്ങിവരാനും അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടു.

റഷ്യയുമായുള്ള ന്യൂ സ്റ്റാര്‍ട്ട് ആണവായുധ നിയന്ത്രണ കരാര്‍ ഈ വര്‍ഷം കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് ഭാവിയിലെ ഏത് പുതിയ കരാറിലും ചൈനയും ഉള്‍പ്പെടണമെന്നാണ് അമേരിക്കയുടെ നിലപാട്.

മിസൈല്‍ പരീക്ഷണത്തിന് മുമ്പ് അതുമായി ബന്ധപ്പെട്ട രാജ്യങ്ങളെ അറിയിച്ചിരുന്നുവെന്നാണ് ചൈനയുടെ വിശദീകരണം. പരീക്ഷണത്തിന് ഏകദേശം രണ്ട് മണിക്കൂര്‍ മുമ്പ് അറിയിപ്പ് ലഭിച്ചതായി ന്യൂസിലന്‍ഡ് സ്ഥിരീകരിച്ചു.

മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നുവെന്ന് അറിയിച്ച ജപ്പാന്‍ പരീക്ഷണത്തില്‍ ഗുരുതര ആശങ്ക രേഖപ്പെടുത്തുകയും ഇത്തരം നടപടികള്‍ പുനഃപരിശോധിക്കണമെന്ന് ബീജിംഗിനോട് ആവശ്യപ്പെടുകയും ചെയ്തു.

മേഖലയുടെ സ്ഥിരതയെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ് ഇതെന്ന് ഓസ്‌ട്രേലിയ പ്രതികരിച്ചു. അതേസമയം, മിസൈല്‍ പരീക്ഷണം നടന്ന ദിവസമാണ് ഓസ്‌ട്രേലിയയും ഫിജിയും പുതിയ പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചത്. ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ഇത്തരത്തിലുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് നടത്താറുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ അടുത്ത തന്ത്രപ്രധാന പങ്കാളിയായ റഷ്യ പരീക്ഷണത്തെ ന്യായീകരിച്ചു. മിസൈല്‍ പരീക്ഷണം ചൈനയുടെ പരമാധികാര അവകാശം ആണെന്നും ബീജിംഗ് ലോകത്തിലെ ഒരു രാജ്യത്തെയും ഭീഷണിപ്പെടുത്തുന്നില്ലെന്നും മോസ്‌കോ പ്രതികരിച്ചു.