നേപ്പാള്‍ പ്രളയം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് രൂപപ്പെട്ട തടാകം കരകവിഞ്ഞേക്കുമെന്ന് ചൈന; വീണ്ടും പ്രളയഭീഷണി

നേപ്പാള്‍ പ്രളയം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് രൂപപ്പെട്ട തടാകം കരകവിഞ്ഞേക്കുമെന്ന് ചൈന; വീണ്ടും പ്രളയഭീഷണി


കാഠ്മണ്ഡു: ചൈന- നേപ്പാള്‍ അതിര്‍ത്തിയില്‍ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രൂപപ്പെട്ട കൃത്രിമ തടാകം കരകവിഞ്ഞൊഴുകാന്‍ 'ഉയര്‍ന്ന സാധ്യത'യുണ്ടെന്ന് ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തടാകത്തിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചാല്‍ താഴ്വര പ്രദേശങ്ങളില്‍ വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ദുരന്തത്തില്‍ കാണാതായ 1,400ലേറെ പേര്‍ക്കായുള്ള തിരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ തുടരുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പ്.

തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ പുതുതായി രൂപപ്പെട്ട തടാകത്തിലേക്ക് ഏകദേശം 30 ലക്ഷം ഘനമീറ്റര്‍ വെള്ളം ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

മഴ തുടരുന്നതിനാല്‍ തടാകത്തിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുമെന്നും ഇത് തടാകം കരകവിഞ്ഞൊഴുകാനുള്ള സാധ്യത ഉയര്‍ത്തുമെന്നും സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. തടാകം കരകവിഞ്ഞാല്‍ വെള്ളപ്പാച്ചില്‍ താഴ്വരയിലേക്ക് കുതിച്ചെത്തുകയും ഗ്യിറോങ് തുറമുഖം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യാമെന്നാണ് മുന്നറിയിപ്പ്.

നേപ്പാള്‍- ടിബറ്റ് അതിര്‍ത്തി മേഖലയിലുണ്ടായ ദുരന്തത്തില്‍ ഇതിനകം നൂറുകണക്കിന് ആളുകള്‍ മരിച്ചതിന് പിന്നാലെയാണ് പുതിയ പ്രളയഭീഷണി.

നേപ്പാളില്‍ കനത്ത ചെളിയിലും അവശിഷ്ടങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 392 ആയി ഉയര്‍ന്നു.

389 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. നേപ്പാളില്‍ മാത്രം 910 പേരുമായി ബന്ധപ്പെടാനാകുന്നില്ല. ഇതില്‍ 517 പേര്‍ വിദേശ വിനോദസഞ്ചാരികളാണ്.

പെട്ടെന്നുണ്ടായ ശക്തമായ വെള്ളപ്പാച്ചിലില്‍ മണ്ണും മഞ്ഞും ചെളിയും ഒന്നിച്ചെത്തി നിരവധി ജനവാസകേന്ദ്രങ്ങളും പാലങ്ങളും വാഹനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂര്‍ണമായും തകര്‍ന്നു.

ടിമുറെയില്‍ ഉയര്‍ന്ന പ്രദേശത്തേക്ക് രക്ഷപ്പെട്ട നേപ്പാളി കസ്റ്റംസ് ജീവനക്കാരനായ 35കാരന്‍ ഓംകര്‍ ജോഷി ദുരന്തത്തിന്റെ വ്യാപ്തി വിവരിച്ചത് 

'ഇത് ഒരു വലിയ ശ്മശാനമാണ്. മനുഷ്യരുടെ രക്തത്തില്‍ ചുവന്നുകുതിര്‍ന്ന മണലും കല്ലുകളും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്,' എന്നാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. 

ചൈനീസ് അതിര്‍ത്തിയിലും ദുരന്തം കനത്ത നാശം വിതച്ചു. ടിബറ്റിലെ ഗ്യിറോങ് തുറമുഖത്തുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചതായും 260 വിദേശികള്‍ ഉള്‍പ്പെടെ 558 പേരെ കാണാതായതായും ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 800 രക്ഷാപ്രവര്‍ത്തകരെ ചൈന പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച നായ്ക്കളെയും അതിവേഗ ബോട്ടുകളെയും രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് രൂപപ്പെട്ട തടാകം രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ അടിയന്തര സ്വഭാവം നല്‍കിയിട്ടുണ്ട്. നേപ്പാള്‍- ചൈന അതിര്‍ത്തിയിലെ നദിയുടെ മുകള്‍ഭാഗത്ത് വന്‍തോതില്‍ മണ്ണും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ടെന്നും ഇത് വീണ്ടും വലിയ വെള്ളപ്പാച്ചിലിന് കാരണമാകാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

കാഠ്മണ്ഡു ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്മെന്റിലെ കാലാവസ്ഥാ- പരിസ്ഥിതി അപകടസാധ്യത വിഭാഗം മേധാവി ക്വിയാങ്ഗോങ് ഷാങ്, മറ്റൊരു ശക്തമായ വെള്ളപ്പാച്ചിലിനുള്ള സാധ്യതയെക്കുറിച്ച് അധികൃതര്‍ നേരത്തെ തന്നെ ആശങ്കപ്പെട്ടിരുന്നതായി പറഞ്ഞു.

മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ക്ക് പിന്നില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന തടാകത്തെക്കുറിച്ച് നേപ്പാളിന്റെ പ്രളയ പ്രവചന വിഭാഗം പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു.

പ്രദേശത്തെ ബാധിച്ച പ്രളയത്തെ 'കരയിലെ സുനാമി'ക്ക് സമാനമായ ദുരന്തം എന്നാണ് വിശേഷിപ്പിക്കുന്നത്.

ആദ്യഘട്ടത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രതയുള്ള ഭൂചലനമാണ് ദുരന്തത്തിന് കാരണമായതെന്നായിരുന്നു യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് ഭൂകമ്പ രേഖകള്‍ വിശദമായി പരിശോധിച്ചതില്‍ ഇത് ഭൂചലനമല്ലെന്നും ഹിമാനി തകര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ മണ്ണും അവശിഷ്ടങ്ങളും കലര്‍ന്ന ശക്തമായ ഒഴുക്കാണ് ദുരന്തത്തിന് കാരണമായതെന്നും കണ്ടെത്തുകയായിരുന്നു.