ഒടുവില്‍ പുടിന്‍ സമ്മതിച്ചു; മോസ്‌കോ ആക്രമണത്തിന് പിന്നില്‍ തീവ്ര ഇസ്‌ലാമിസ്റ്റുകള്‍

ഒടുവില്‍ പുടിന്‍ സമ്മതിച്ചു; മോസ്‌കോ ആക്രമണത്തിന് പിന്നില്‍ തീവ്ര ഇസ്‌ലാമിസ്റ്റുകള്‍


മോസ്‌കോ: മോസ്‌കോയ്ക്ക് സമീപം നടന്ന ആക്രമണത്തിന് പിന്നില്‍ 'തീവ്ര ഇസ്ലാമിസ്റ്റുകള്‍' ആണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ആദ്യമായാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. എങ്കിലും സംഭവത്തില്‍ യുക്രെയ്‌നും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പുടിന്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 

മാര്‍ച്ച് 22ന് ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെയാണ് റഷ്യന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.

കുറ്റകൃത്യം ചെയ്തത് തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ കൈകളാണെന്ന് ഞങ്ങള്‍ക്കറിയാമെന്നും അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെ ഇസ്‌ലാമിക ലോകം തന്നെ നൂറ്റാണ്ടുകളായി പോരാടുന്നുണ്ടെന്നും 2014 മുതല്‍ നവ നാസി കീവ് ഭരണകൂടത്തിന്റെ കൈകളാല്‍ റഷ്യയുമായി യുദ്ധം ചെയ്യുന്നവരുടെ മുഴുവന്‍ ശ്രമങ്ങളുടെയും കണ്ണി മാത്രമായിരിക്കാമെന്നും അദ്ദേഹം യുക്രെയ്‌നെ പരാമര്‍ശിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് പുടിന്‍ ഊന്നിപ്പറഞ്ഞു.

കുറ്റകൃത്യത്തിന് ശേഷം തീവ്രവാദികള്‍ യുക്രെയ്‌നിലേക്ക് പോകാന്‍ ശ്രമിച്ചതെന്തിന് എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉത്തരം നല്‍കേണ്ടത് ആവശ്യമാണെന്നും അവിടെ ആരാണ് അവരെ കാത്തിരുന്നത്? എന്നും പുടിന്‍ ചോദിച്ചു.

ആസൂത്രിതമായ ഭീകരാക്രമണം പരിഭ്രാന്തി വിതയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാല്‍ ഈ തിന്മയെ നേരിടാന്‍ ഐക്യത്തോടെയും ദൃഢനിശ്ചയത്തോടെയും പെരുമാറിയതായും പുടിന്‍ ക്രെംലിന്‍ വെബ്സൈറ്റില്‍ പുറത്തിറക്കിയ ട്രാന്‍സ്‌ക്രിപ്റ്റ് പറയുന്നു.

മോസ്‌കോ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐസിസിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല.

'റഷ്യയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കുമെതിരെ ഈ ക്രൂരകൃത്യം നടത്താന്‍ ആരുടെ കൈകളാണ് ഉപയോഗിച്ചതെന്ന് ഞങ്ങള്‍ക്കറിയാം. ആരാണ് ഇതിന് ഉത്തരവിട്ടതെന്ന് ഞങ്ങള്‍ക്ക് അറിയണം' എന്നും പുടിന്‍ പറഞ്ഞു. 

ഖൊറാസാന്‍ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിന് പിന്നിലെന്ന് അവര്‍ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ഐസിസ് അനുബന്ധ മാധ്യമ ചാനലുകള്‍ ആക്രമണ സമയത്ത് തോക്കുധാരികളുടെ ഗ്രാഫിക് വീഡിയോകള്‍ പുറത്തുവിട്ടിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതിന് പിന്നാലെ യു എസ് ഇന്റലിജന്‍സും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 

എന്നാല്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് കുറ്റവാളികള്‍ ആരെന്ന് സ്ഥിരീകരിക്കാന്‍ വിസമ്മതിക്കുകയും റഷ്യയിലെ അന്വേഷണ ഫലങ്ങള്‍ക്കായി കാത്തിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണ സാധ്യതയെ കുറിച്ച് മാര്‍ച്ച് ഏഴിന് മോസ്‌കോയിലെ അധികാരികള്‍ക്ക് യു എസ് മുന്നറിയിപ്പ് നല്‍കിയെന്നും അന്വേഷണങ്ങള്‍ രഹസ്യമാണെന്നും പറഞ്ഞ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലും അദ്ദേഹം വിസമ്മതിച്ചു.