സൗദിയിലെ അൽ ജുബൈൽ വ്യവസായ മേഖലയിൽ തീപിടിത്തം; ഇറാൻ മിസൈൽ ആക്രമണം, 7 മിസൈലുകൾ പ്രതിരോധിച്ചു തകർത്തു

സൗദിയിലെ അൽ ജുബൈൽ വ്യവസായ മേഖലയിൽ തീപിടിത്തം; ഇറാൻ മിസൈൽ ആക്രമണം,  7 മിസൈലുകൾ പ്രതിരോധിച്ചു തകർത്തു


ജുബൈൽ: സൗദി അറേബ്യയിലെ പ്രധാന വ്യവസായ കേന്ദ്രമായ അൽ ജുബൈൽ മേഖലയിൽ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സംഭവം ഉണ്ടായത്.
പെട്രോകെമിക്കൽ, എണ്ണ ശുദ്ധീകരണം, സ്റ്റീൽ ഉത്പാദനം തുടങ്ങിയ മേഖലകളിൽ നിർണായക കേന്ദ്രമാണ് മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വ്യവസായ ഹബ്ബായ അൽ ജുബൈൽ. രാജ്യത്തിന്റെ ജിഡിപിയിൽ 7 ശതമാനത്തിലധികം സംഭാവന ചെയ്യുന്ന മേഖലയാണിത്.
കിഴക്കൻ മേഖലയെ  ലക്ഷ്യമാക്കി വന്ന ഏഴ് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു, . മിസൈൽ അവശിഷ്ടങ്ങൾ ചില ഊർജ കേന്ദ്രങ്ങൾക്കടുത്ത് വീണതായും, നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഇറാനും അമേരിക്കയും തമ്മിലെ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സംഭവം.  ഹോർമുസ് കടലിടുക്ക് ഉപരോധം അവസാനിപ്പിക്കാൻ ഇറാൻ തയ്യാറാകില്ലെങ്കിൽ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ, കഴിഞ്ഞ ആഴ്ച അമേരിക്ക ഇറാനിലെ പ്രധാന പാലമായ ബി 1 ബ്രിഡ്ജ് ഉൾപ്പെടെ നിരവധി അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ച് നാശം വിതച്ചിരുന്നു. ആണവ നിലയങ്ങളും ഡീസലിനേഷൻ പ്ലാന്റുകളും ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് അൽ ജുബൈൽ സംഭവവും റിപ്പോർട്ട് ചെയ്യുന്നത്.
മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതീവ ജാഗ്രത തുടരുകയാണ്.