സ്‌പെയിനിന്റെ തീരങ്ങളെ ഉള്‍നാടന്‍ കടലാക്കി വെള്ളപ്പൊക്കം

സ്‌പെയിനിന്റെ തീരങ്ങളെ ഉള്‍നാടന്‍ കടലാക്കി വെള്ളപ്പൊക്കം


മാഡ്രിഡ്: കനത്ത മഴയെ തുടര്‍ന്ന് സ്‌പെയിനിലുണ്ടായ വെള്ളപ്പൊക്കത്തിന് പിന്നാലെ ബഹിരാകാശത്തു നിന്നുള്ള കാഴ്ച ഭയപ്പെടുത്തുന്നത്. രാജ്യത്തിന്റെ ഒരു ഭാഗം ഉള്‍നാടന്‍ കടല്‍ പോലെയാണ് ദൃശ്യങ്ങളില്‍ പ്രകടമാകുന്നത്. 

മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 205 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങളില്‍ അതിജീവിച്ചവരെ തിരയുന്നത് തുടരുകയാണ്. അതുകൊണ്ടുതന്നെ മരണ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഡസന്‍ കണക്കിന് ആളുകളെയാണ് കാണാതായത്. 

ഒക്ടോബര്‍ 29ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്പെയിനിന്റെ കിഴക്കന്‍- മധ്യ മേഖലയില്‍ ഒരു വര്‍ഷത്തെ മഴയാണ് പെയ്തത്. അതോടെ സ്ഥിതി നിയന്ത്രണാതീതമാവുകയും തെരുവുകളില്‍ വെള്ളപ്പൊക്കമുണ്ടായതിനോടൊപ്പം നദികള്‍ കവിഞ്ഞൊഴുകുകയും ചെയ്തു.

ആകാശ ദൃശ്യങ്ങളില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശം ബലേറിക് കടല്‍ വിപുലമായതു പോലെയാണ് കാണപ്പെടുന്നത്. ഒക്ടോബര്‍ 30ന് പകര്‍ത്തിയ ഒരു ഉപഗ്രഹ ചിത്രം സ്‌പെയിനിന്റെ കിഴക്കന്‍- മധ്യ മേഖല പൂര്‍ണ്ണമായും വെള്ളത്തിനടിയിലായതായി കാണിക്കുന്നു. ഇത് യഥാര്‍ഥത്തില്‍ ഒരു ഉള്‍നാടന്‍ കടലാണെന്ന പ്രതീതിയാണ് നല്‍കുന്നത്. 

നേരത്തെ വരണ്ടതും തവിട്ടു നിറത്തിലുമുള്ള പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നീല നിറത്തിലാണ് കാണുന്നത്. തീരപ്രദേശങ്ങള്‍ പലതും ചെറിയ ദ്വീപുകള്‍ പോലെയായിട്ടുണ്ട്.

തണുത്തതും ചൂടുള്ളതുമായ വായു കൂടിച്ചേരുകയും ശക്തമായ മഴമേഘങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന അപൂര്‍വമായ കാലാവസ്ഥാ പ്രതിഭാസമാണ് സ്‌പെയിനിലുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ദാന എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കൂടുതല്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.

കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നതനുസരിച്ച് ചൂടുള്ള മെഡിറ്ററേനിയന്‍ വെള്ളത്തിന് മുകളില്‍ തണുത്ത വായു വീശുന്നതോടെ ശക്തമായ കൊടുങ്കാറ്റ് സൃഷ്ടിക്കപ്പെടുകയും അത് ഇടതൂര്‍ന്ന മേഘങ്ങളില്‍ നിന്ന് ചൂടുള്ള വായു ഉയരാന്‍ കാരണമാവുകയും അത് ചിലപ്പോള്‍ കനത്ത കൊടുങ്കാറ്റുകളിലേക്കും ചുഴലിക്കാറ്റുകളായും സ്‌നോബോള്‍ ആയി മാറുകയും ചെയ്യുന്നു. 

വിദഗ്ധരുടെ അഭിപ്രായത്തില്‍ കിഴക്കന്‍, തെക്കന്‍ സ്‌പെയിനിലെ പ്രദേശങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനും മെഡിറ്ററേനിയന്‍ കടലിനും ഇടയിലായതിനാല്‍ ഡാന പ്രതിഭാസത്തിന് കൂടുതല്‍ ഇരയാകുന്നു.