തൊഴിലാളികള്‍ക്ക് പീഡനം: 'ഹിന്ദുജ കുടുംബത്തിലെ' നാല് പേര്‍ക്ക് സ്വിറ്റ്‌സര്‍ലന്റില്‍ ജയില്‍ ശിക്ഷ

തൊഴിലാളികള്‍ക്ക് പീഡനം: 'ഹിന്ദുജ കുടുംബത്തിലെ' നാല് പേര്‍ക്ക് സ്വിറ്റ്‌സര്‍ലന്റില്‍ ജയില്‍ ശിക്ഷ


ജനീവ: തൊഴഇലാളികളെ വിദേശത്ത് എത്തിച്ച് ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളും ഇന്ത്യന്‍ വംശജരുമായ 'ഹിന്ദുജ കുടുംബത്തിലെ' നാല് പേര്‍ക്ക് സ്വിറ്റ്‌സര്‍ലന്റില്‍ ജയില്‍ ശിക്ഷ വിധിച്ചെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ അതിസമ്പന്ന കുടുംബമായ ഇവരുടെ സ്വിറ്റ്‌സര്‍ലന്റിലെ ബംഗ്ലാവില്‍ നടന്ന തൊഴില്‍ ചൂഷണങ്ങളുടെ പേരിലാണ് നടപടി. ഇന്ത്യയില്‍ നിന്ന് എത്തിച്ച തൊഴിലാളികളെ ചൂഷണം ചെയ്യുകയും അവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെയ്ക്കുകയും ചെയ്തതായി കോടതി കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദുജ ഗ്രൂപ്പ് സ്ഥാപകനായ പര്‍മാനന്ദ് ഹിന്ദുജയുടെ മകനായ പ്രകാശ് ഹിന്ദുജ, ഭാര്യ കമല്‍ ഹിന്ദുജ എന്നിവര്‍ക്ക് നാലര വര്‍ഷം തടവും പ്രകാശ് ഹിന്ദുജയുടെ മകന്‍ അജയ്, അജയുടെ ഭാര്യ നമ്രത എന്നിവര്‍ക്ക് നാല് വര്‍ഷം തടവുമാണ് ജനീവയിലെ കോടതി വിധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിധി പ്രസ്താവിക്കുമ്പോള്‍ പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല.  47 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തിയുള്ള ധനിക കുടുംബത്തിന്റെ ബംഗ്ലാവില്‍ ഗുരുതരമായ തൊഴിലാളി ചൂഷണം നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ കോടതി നടപടികളുടെ അടിസ്ഥാനത്തില്‍ പുറത്തുവന്നിരുന്നു.

ഇന്ത്യയില്‍ നിന്നെത്തിച്ച തൊഴിലാളികളെ ചൂഷണം ചെയ്തുവെന്നും അവര്‍ സ്വിസ്റ്റസര്‍ലന്റില്‍ എത്തിയ ശേഷം പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെച്ചെന്നും കേസ് രേഖകള്‍ പറയുന്നു. ജീവനക്കാര്‍ക്ക് വളരെ തുച്ഛമായ ശമ്പളം മാത്രമാണ് നല്‍കിയിരുന്നതെന്നും അവര്‍ക്ക് വീടുവിട്ട് പോകാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. പ്രകാശ് ഹിന്ദുജയ്ക്കും ഭാര്യയ്ക്കും അഞ്ചര വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. 78ഉം 75ഉം വയസുള്ള പ്രകാശ് ഹിന്ദുജയും ഭാര്യയും അനാരോഗ്യം കാരണം വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ആരോപണങ്ങളെല്ലാം ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകര്‍ നിഷേധിക്കുകയും ചെയ്തു.

ശക്തരായ തൊഴിലുടമകളും പാവപ്പെട്ട തൊഴിലാളികളും തമ്മിലുള്ള അന്തരം പ്രതികള്‍ ചൂഷണം ചെയ്തുവെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. തൊഴിലാളികള്‍ക്ക് മാസം 250 മുതല്‍ 450 വരെ ഡോളറാണ് ശമ്പളം നല്‍കിയിരുന്നത്. ഇത് സ്വിറ്റ്‌സര്‍ലന്റില്‍ അവര്‍ക്ക് ലഭിക്കേണ്ട പ്രതീക്ഷിത ശമ്പളത്തേക്കാള്‍ വളരെ കുറവായിരുന്നു. പാവങ്ങളുടെ ദുരിതത്തില്‍ നിന്ന് പ്രതികള്‍ ലാഭമുണ്ടാക്കുകയായിരുന്നു എന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളം നല്‍കിയിരുന്നുവെന്നും അവരെ തടങ്കലില്‍ വെച്ചിട്ടില്ലെന്നും അവര്‍ക്ക് പുറത്തുപോകാന്‍ അനുവാദമുണ്ടായിരുന്നെന്നും ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. പ്രോസിക്യൂഷന്‍ പ്രതിപാദിച്ചത് ജീവനക്കാര്‍ക്ക് പണമായി നല്‍കിയതിന് പുറമെയുള്ള ശമ്പളമായിരുന്നെന്നും ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട ചിലര്‍ക്ക് അത് നല്‍കിയിരുന്നുവെന്നും ഇവര്‍ പറഞ്ഞു. പരാതി നല്‍കിയ മൂന്ന് തൊഴിലാളികളുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

38 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷത്തിലധികം തൊഴിലാളികളാണ് ഹിന്ദുജ ഗ്രൂപ്പിനുള്ളത്. എണ്ണ, വാതകം, ബാങ്കിങ്, ആരോഗ്യം, വാഹന നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലകളിലായി വ്യാപിച്ച് കിടക്കുകയാണ് ഹിന്ദുജ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം.