ടെല്‍ അവീവ്: ഇസ്രയേലിന് ഗാസയില്‍ ഉപയോഗിക്കാനുള്ള ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ച നടപടി തുടരുമെന്ന് ഫ്രാന്‍സ്. നടപടിയില്‍ മാറ്റമില്ലെന്നും കൂട്ടക്കുരുതിയെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നുമുള്ള നിലപാടിലാണ് ഫ്രാന്‍സ്. ഗാസയില്‍ ഉപയോഗിക്കാന്‍ ആയുധങ്ങള്‍ നല്‍കിയാല്‍ അത് ദുരുപയോഗത്തിനുള്ള അനുവാദം ആകുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.
എന്നാല്‍ ഫ്രാന്‍സിന്റെ ആയുധ നിരോധനം (എമ്പാര്‍ഗോ നടപടി)യെ വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്തെത്തി. നടപടി അനുചിത സന്ദേശം നല്‍കുന്നതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇത്തരക്കാരുടെ പിന്തുണ ഇല്ലാതെ വിജയം നേടുമെന്നും നെതാന്യാഹു പറഞ്ഞു.
ഇതിനിടെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ലെബനനില്‍ ആശുപത്രികള്‍ അടയ്ക്കുകയാണ്. നാല് ആശുപത്രികള്‍ ഇതിനോടകം അടച്ചു കഴിഞ്ഞു. ആശുപത്രി ജീവനക്കാര്‍ക്കെതിരെ ആക്രമണം വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലെബനന്‍ വ്യക്തമാക്കി. 24 മണിക്കൂറിനിടെ 11 ഓളം ആശുപത്രി ജീവനക്കാര്‍ കൊല്ലപ്പെട്ടുവെന്നും ലെബനന്‍ അറിയിച്ചു.
അതേസമയം ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനമാണെന്നിരിക്കെ കനത്ത ജാഗ്രതയിലാണ് ഇസ്രയേല്‍. ആക്രമണത്തിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലെന്നും എല്ലാ മേഖലകളിലും ജാഗ്രത തുടരുകയാണെന്നും ഇസ്രയേല്‍ പറഞ്ഞു.
ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ച നടപടി തുടരുമെന്ന് ഫ്രാന്‍സ്