വാഷിംഗ്ടണ്‍: ഇറാനില്‍ രാജ്യവ്യാപകമായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ രൂക്ഷമാകുന്നതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൈനിക ഭീഷണിയും നയതന്ത്ര വാതിലും ഒരുപോലെ തുറന്നുവെച്ച് ലോകശ്രദ്ധ ആകര്‍ഷിച്ചു. ജനുവരി 11ന് മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, ഇറാന്‍ നേതൃത്വം അമേരിക്കയെ സമീപിച്ച് 'ചര്‍ച്ചയ്ക്ക് താല്‍പര്യമുണ്ടെന്ന്' അറിയിച്ചതായി വെളിപ്പെടുത്തി. 'അവര്‍ വിളിച്ചു, ഒരു കൂടിക്കാഴ്ച ഒരുക്കുന്നു. അവര്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആ കൂടിക്കാഴ്ചയ്ക്ക് മുന്‍പ് തന്നെ ചില ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം,' എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇറാനിലെ മരണസംഖ്യയും സൈനിക ഇടപെടലിന്റെ സാധ്യതയും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, 'നാം ഇത് വളരെ ഗൗരവമായി കാണുന്നു. സൈന്യം ശക്തമായ ഓപ്ഷനുകള്‍ പരിശോധിക്കുന്നു,' എന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ പ്രതിഷേധങ്ങള്‍ ഡിസംബര്‍ മുതല്‍ ശക്തമാകുകയും, സാമ്പത്തിക തകര്‍ച്ചയും ഭരണകൂടത്തിനെതിരായ രോഷവും തെരുവുകളില്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ട്രംപിന്റെ കടുത്ത നിലപാടുകള്‍. ജനുവരി 2ന് തന്നെ, 'സമാധാനപരമായ പ്രതിഷേധക്കാരെ ഇറാന്‍ കൊലപ്പെടുത്തുകയാണെങ്കില്‍ അമേരിക്ക രക്ഷയ്ക്ക് എത്തും' എന്ന പ്രഖ്യാപനത്തോടെ ട്രംപ് 'ലോക്ക്ഡ് ആന്‍ഡ് ലോഡഡ്' എന്ന വാക്കുകള്‍ ഉപയോഗിച്ച് ഭീഷണി മുഴക്കിയിരുന്നു. ജനുവരി 8 നും 9നും പ്രതിഷേധം പുകയുമ്പോള്‍, 'നിങ്ങള്‍ വെടിവെക്കാന്‍ തുടങ്ങരുത്; അല്ലെങ്കില്‍ ഞങ്ങളും വെടിവെക്കും' എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. പിന്നാലെ, ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് 'നിങ്ങള്‍ ധൈര്യമുള്ള ജനമാണ്; നിങ്ങളുടെ രാജ്യത്ത് സംഭവിച്ചത് ദുഃഖകരമാണ്' എന്ന സന്ദേശവും അദ്ദേഹം നല്‍കി.
ജനുവരി 10ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്, 'ഇറാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം സ്വാതന്ത്ര്യത്തിലേക്കാണ് നോക്കുന്നത്; അമേരിക്ക സഹായിക്കാന്‍ സജ്ജമാണ് ' എന്നായിരുന്നു. എന്നാല്‍ ജനുവരി 11ന് സൈനിക ഇടപെടല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, 'ഇത് കരസേനയെന്ന് അര്‍ത്ഥമല്ല; പക്ഷേ വേദനിക്കുന്നിടത്ത് വളരെ ശക്തമായി അടിക്കും' എന്ന കടുത്ത മുന്നറിയിപ്പും കൂട്ടിച്ചേര്‍ത്തു. യുഎസ് താവളങ്ങളെ ഇറാന്‍ ആക്രമിച്ചാല്‍ 'ഇതുവരെ കണ്ടിട്ടില്ലാത്ത തോതില്‍ തിരിച്ചടി ഉണ്ടാകും' എന്നും ട്രംപ് വ്യക്തമാക്കി.
ഇതിനിടെ, ഇറാനില്‍ ഭരണകൂടത്തിനെതിരെ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ സുപ്രീം ലീഡറെ മാറ്റണമെന്ന ആവശ്യത്തിലേക്കും നീങ്ങുകയാണ്. വിദേശത്തുള്ള കിരീടാവകാശിയായ റേസ പഹ്ലവി മടങ്ങിവരാനുള്ള സൂചനകള്‍ നല്‍കിയതോടെ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതല്‍ കടുപ്പം പിടിച്ചു. ഒരു വശത്ത് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ഇറാന്‍ സന്ദേശവും മറുവശത്ത് ശക്തമായ സൈനിക ഓപ്ഷനുകള്‍ തുറന്നുവെക്കുന്ന ട്രംപിന്റെ നിലപാടും തമ്മില്‍, തെഹ്‌റാന്റെ ഭാവിയെ നിര്‍ണയിക്കുന്ന നിര്‍ണായക ഘട്ടത്തിലൂടെയാണ് മിഡില്‍ ഈസ്റ്റ് ഇപ്പോള്‍ കടന്നുപോകുന്നത്.
'വെടിവെച്ചാല്‍ തിരിച്ചടിക്കും' മുതല്‍ 'അവര്‍ ചര്‍ച്ചക്ക് തയ്യാറാണ്' വരെ: ഇറാന്‍ പ്രതിസന്ധിയില്‍ ട്രംപിന്റെ കടുത്ത മുന്നറിയിപ്പും തുറന്ന വാതിലും
