വാഷിംഗ്ടണ്‍: വെനിസ്വേലയിലെ അപ്രതീക്ഷിത രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പിന്നാലെ അമേരിക്കയും പുതിയ ഭരണകൂടവും തമ്മിലുള്ള ബന്ധം പുതിയ വഴിത്തിരിവിലേക്കെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും അമേരിക്കന്‍ സൈന്യം പിടികൂടിയതിന് ആഴ്ചകള്‍ക്കകം, ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ ഡെല്‍സി റോഡ്രിഗസുമായി 'നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്' എന്ന് ട്രംപ് അറിയിച്ചു. ഫ്‌ലോറിഡയില്‍ നിന്ന് എയര്‍ ഫോഴ്‌സ് വണ്ണില്‍ മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് വെനിസ്വേലയെക്കുറിച്ചുള്ള പുതിയ നിലപാട് വ്യക്തമാക്കിയത്. റോഡ്രിഗസുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തിന് 'ഒരു ഘട്ടത്തില്‍ തീര്‍ച്ചയായും' എന്നാണ് ട്രംപിന്റെ മറുപടി.
2026 ആരംഭത്തില്‍ ട്രംപ് ഉത്തരവിട്ട 'ഓപ്പറേഷന്‍ ആബ്‌സല്യൂട്ട് റിസോള്‍വ്' എന്ന സൈനിക നീക്കത്തിലൂടെയാണ് മദുരോയും ഭാര്യയും കരാകസിലെ വസതിയില്‍ നിന്ന് പിടികൂടി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയത്. നാര്‍ക്കോ ടെററിസവും മയക്കുമരുന്ന് കടത്തും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. ഇരുവരും കുറ്റം നിഷേധിച്ചിരിക്കുകയാണ്. മഡുറോയെ പിടികൂടിയ നടപടിയെ അപലപിച്ചെങ്കിലും, ഡെല്‍സി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ചില രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും, അമേരിക്കയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കരാകസിലെ അമേരിക്കന്‍ എംബസി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങള്‍ തമ്മില്‍ സംവാദം പുരോഗമിക്കുകയാണ്.
ഇതിനിടെ, വെനിസ്വേലയിലെ തകര്‍ന്ന എണ്ണ വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനായി 100 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം ആകര്‍ഷിക്കാന്‍ അമേരിക്കയിലെ പ്രമുഖ എണ്ണക്കമ്പനികളുടെ തലവന്മാരുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. 'ഇത് പുതിയ വെനിസ്വേലയാണ്, പൂര്‍ണ സുരക്ഷയുള്ള രാജ്യം,' എന്ന് ട്രംപ് അവകാശപ്പെട്ടു. വെനിസ്വേലയുടെ എണ്ണസമ്പത്ത് അമേരിക്കയുടെ തന്ത്രപ്രധാന താല്‍പര്യങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന സൂചനയും ട്രംപിന്റെ വാക്കുകളില്‍ വ്യക്തമാണ്. മഡുറോയെ പുറത്താക്കിയ കടുത്ത നടപടിക്ക് പിന്നാലെ, റോഡ്രിഗസുമായുള്ള ഈ പുതിയ സൗഹൃദ സമീപനം വെനിസ്വേലയുടെ ഭാവിയെ എവിടേക്കാണ് നയിക്കുക എന്ന ചോദ്യം അന്താരാഷ്ട്ര സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
ട്രംപിന്റെ വെനിസ്വേല ട്വിസ്റ്റ്: മഡുറോയെ പിടികൂടിയതിന് പിന്നാലെ ഡെല്‍സി റോഡ്രിഗസുമായി 'നല്ല ബന്ധം'
