ബെയ്‌റൂത്ത്: ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായി നിയമിതനായതിന് തൊട്ടുപിന്നാലെ നെയിം ഖാസിം
തന്റെ ആദ്യ പ്രസംഗത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസന്‍ നസ്രല്ലയുടെ പാതയില്‍ തുടരുമെന്നും അറിയിച്ചു.
തങ്ങളുടെ നേതാവ് സയ്യിദ് ഹസന്‍ നസ്റല്ലയുടെ പ്രവര്‍ത്തന പരിപാടിയുടെ തുടര്‍ച്ചയാണ് തന്റെ പ്രവര്‍ത്തന പരിപാടിയെന്ന് ഖാസിം പ്രഖ്യാപിച്ചു.
സയണിസ്റ്റ് ഭരണകൂടം ലെബനനെതിരെ 39,000 ലംഘനങ്ങള്‍ നടത്തിയെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
തെക്കന്‍ ലെബനനില്‍ വാസസ്ഥലങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ഗാസയിലും ലെബനനിലും ഇസ്രായേല്‍ നടത്തിയ വംശഹത്യ കുറ്റകൃത്യങ്ങളില്‍ യു എസും യൂറോപ്യന്‍ യൂണിയനും പങ്കാളികളാണെന്ന് ഖാസിം അവകാശപ്പെട്ടു.
ലെബനന്‍ പിടിച്ചടക്കാനും അറബ് രാജ്യത്ത് വാസസ്ഥലങ്ങള്‍ നിര്‍മ്മിക്കാനും ഇസ്രായേല്‍ പദ്ധതിയിടുന്നു. എന്നാല്‍ ഹിസ്ബുള്ള ഇസ്രായേല്‍ ഭരണകൂടത്തിന്റെ വഴിയില്‍ നില്‍ക്കുന്നു, ഖാസിം പറഞ്ഞു.
ലെബനന്‍ മണ്ണില്‍ നിന്ന് സൈന്യം അടിയന്തരമായി പിന്‍വാങ്ങിയില്ലെങ്കില്‍ യഹൂദ രാഷ്ട്രം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഹിസ്ബുള്ള നേതാവ് മുന്നറിയിപ്പ് നല്‍കി.
നഷ്ടം കുറയ്ക്കാന്‍ ഞങ്ങളുടെ ഭൂമിയില്‍ നിന്ന് പുറത്തുകടക്കുക. നിങ്ങള്‍ താമസിച്ചാല്‍, നിങ്ങളുടെ ജീവിതത്തില്‍ ഇതുവരെ നല്‍കിയതിലും കൂടുതല്‍ വില നല്‍കും, മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത പ്രസംഗത്തില്‍ ഖാസിം പറഞ്ഞു.