ധാക്ക : ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നതിനിടെ, ചിറ്റഗോംഗിലെ ഡഗന്‍ഭൂയാനില്‍ 28 വയസ്സുള്ള ഹിന്ദു ഓട്ടോ ഡ്രൈവറായ സമീര്‍ ദാസ് ഞായറാഴ്ച രാത്രി ക്രൂരമായി ആക്രമിക്കപ്പെട്ടു കൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം മര്‍ദനത്തിനും കുത്തേറ്റ പരിക്കുകള്‍ക്കും പിന്നാലെയാണ് സമീര്‍ ദാസ് മരിച്ചത്. ഡിസംബര്‍ 19ന് വിദ്യാര്‍ത്ഥി നേതാവ് ശരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമ തരംഗത്തില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ ഹിന്ദു വ്യക്തിയാണ് സമീര്‍.
ഡിസംബര്‍ 18ന് മൈമന്‍സിംഗില്‍ ദിപു ചന്ദ്ര ദാസിനെ ജനക്കൂട്ടം മര്‍ദിച്ച് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയതോടെയാണ് ഈ അക്രമ പരമ്പര ആരംഭിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 24ന് രാജ്ബാരിയില്‍ അമൃത് മണ്ഡല്‍ (സമ്രാട്) കൊല്ലപ്പെട്ടു. ഡിസംബര്‍ 28ന് മൈമന്‍സിംഗിലെ ഗാര്‍മെന്റ് ഫാക്ടറിയില്‍ സഹപ്രവര്‍ത്തകന്‍ വെടിവെച്ചതിനെ തുടര്‍ന്ന് ബിജേന്ദ്ര ബിസ്വാസ് മരിച്ചു. ഡിസംബര്‍ 31ന് ശരിയത്പൂരിലെ ഹിന്ദു വ്യാപാരി ഖോകന്‍ ചന്ദ്ര ദാസിനെ വെട്ടിയും തീകൊളുത്തിയും ആക്രമിച്ചു; അദ്ദേഹം ജനുവരി 3ന് ആശുപത്രിയില്‍ മരിച്ചു. അതേ ദിവസം തന്നെ ഝിനൈദഹ് ജില്ലയില്‍ ഒരു ഹിന്ദു സ്ത്രീയെ രണ്ട് പേര്‍ കൂട്ടബലാത്സംഗം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ജനുവരി 5ന് നര്‍സിംദിയില്‍ കട അടയ്ക്കുന്നതിനിടെ സാരത് ചക്രബര്‍ത്തി മണി എന്ന കടയുടമയെ വെട്ടിക്കൊലപ്പെടുത്തി. ജനുവരി 11ന് ഹിന്ദു രാഷ്ട്രീയസാംസ്‌കാരിക പ്രവര്‍ത്തകനായ പ്രളോയ് ചാക്കി കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ജഷോര്‍ ജില്ലയില്‍ ഹിന്ദു ഫാക്ടറി ഉടമയും പത്രത്തിന്റെ ആക്ടിംഗ് എഡിറ്ററുമായ രണ പ്രതാപ് ബൈരാഗിയും വെടിയേറ്റ് കൊല്ലപ്പെട്ടു.
2024ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മുഖ്യ നേതാവും 'ഇന്‍കിലാബ് മഞ്ച'യുടെ വക്താവുമായിരുന്ന ശരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകമാണ് പുതിയ അക്രമ തരംഗത്തിന് തീ കൊളുത്തിയത്. ഇന്ത്യ വിരുദ്ധവും ഹസീന വിരുദ്ധവുമായ നിലപാടുകളുള്ള ഹാദിയുടെ അനുയായികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ബംഗ്ലാദേശിലെ ഇന്ത്യന്‍ ദൗത്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രകടനം നടത്തുകയും ചെയ്തു. ഫെബ്രുവരിയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ചൂടിനിടയിലാണ് ഈ അക്രമങ്ങള്‍. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കെ, ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ നാട്ടിലെത്തി പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്.
ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തുമെന്നും എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്നും ആവര്‍ത്തിച്ചെങ്കിലും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ കഴിഞ്ഞ ഒരു മാസമായി ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ ആശങ്ക അറിയിച്ചിട്ടുണ്ടെങ്കിലും, അതിന് മറുപടിയായി ധാക്ക ഇന്ത്യയോട് സ്വന്തം രാജ്യത്തെ മതവിഭാഗീയ സംഘര്‍ഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍, ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കളുടെ സുരക്ഷ വീണ്ടും അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്.
ബംഗ്ലാദേശില്‍ ഹിന്ദുക്കളെ ലക്ഷ്യമാക്കി വീണ്ടും ആക്രമണം; ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തി; ഡിസംബര്‍ 18 മുതല്‍ ജനുവരി 11 വരെ ഏഴുപേര്‍ കൊല്ലപ്പെട്ടു
