ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ടെഹ്‌റാനില്‍ പ്രതിഷേധം രൂക്ഷം

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ടെഹ്‌റാനില്‍ പ്രതിഷേധം രൂക്ഷം


വാഷിംഗ്ടണ്‍: ഇറാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഉത്തരവ് 'തല്‍ക്ഷണം പ്രാബല്യത്തില്‍' വരുന്നതാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാനിലെ ഭരണവിരുദ്ധ പ്രതിഷേധങ്ങള്‍ മൂന്നാം ആഴ്ചയിലേക്കു കടക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടി.

'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി ബിസിനസ് ചെയ്യുന്ന ഏതൊരു രാജ്യവും അമേരിക്കയുമായി നടത്തുന്ന എല്ലാ വ്യാപാരത്തിനും 25% തീരുവ നല്‍കേണ്ടിവരും. ഈ ഉത്തരവ് അന്തിമവും നിര്‍ണായകവുമാണ്' എന്നാണ് ട്രംപ് കുറിച്ചത്. എന്നാല്‍ 'ഇറാനുമായി ബിസിനസ്' എന്നതിന്റെ കൃത്യമായ നിര്‍വചനം എന്താണെന്നതടക്കം വിശദാംശങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.

ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണ്. ഇറാഖ്, യുഎഇ, തുര്‍ക്കി, ഇന്ത്യ എന്നിവരും പ്രധാന പങ്കാളികളാണ്. പുതിയ തീരുവ പ്രഖ്യാപനത്തോടെ ഏത് രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളെയാണ് കൂടുതല്‍ ബാധിക്കുക എന്നതും വ്യക്തമായിട്ടില്ല.

ഇതിനിടെ, പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടാല്‍ സൈനിക ഇടപെടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. വ്യോമാക്രമണങ്ങള്‍ അടക്കമുള്ള സൈനിക മാര്‍ഗങ്ങള്‍ ഇപ്പോഴും 'ടേബിളിലുണ്ട്' എന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിന്‍ ലെവിറ്റ് പറഞ്ഞു. ഞായറാഴ്ച, ഇറാന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്കായി ബന്ധപ്പെട്ടു എന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു; എന്നാല്‍ 'യോഗത്തിനു മുമ്പേ പ്രവര്‍ത്തിക്കേണ്ടി വന്നേക്കാം' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഡിസംബര്‍ അവസാനത്തോടെ ആരംഭിച്ച പ്രതിഷേധങ്ങള്‍ സുപ്രീം ലീഡര്‍ ആയത്തുല്ല അലി ഖാമനെയിയുടെ ഭരണത്തിന് കടുത്ത വെല്ലുവിളിയായി മാറിയിട്ടുണ്ട്. യുഎസ് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി (HRANA) പ്രകാരം ഇതുവരെ 500ലേറെ പ്രതിഷേധക്കാര്‍ക്കും 48 സുരക്ഷാ ജീവനക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. യഥാര്‍ത്ഥ മരണസംഖ്യ ഇതിലും കൂടുതലാകാമെന്നാണ് ബിബിസി ഉദ്ധരിക്കുന്ന സ്രോതസുകളുടെ വിലയിരുത്തല്‍. ആയിരങ്ങളെയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് മുതല്‍ നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് ബ്ലാക്കൗട്ട് വാര്‍ത്തകളുടെ സ്ഥിരീകരണം ദുഷ്‌കരമാക്കുകയാണ്. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ഇറാനിനുള്ളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാനാകുന്നില്ല.

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ദുര്‍വ്യവസ്ഥയും അഴിമതിയും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റിയാല്‍ റെക്കോര്‍ഡ് താഴ്ചയിലെത്തിയപ്പോള്‍, പണപ്പെരുപ്പം 40 ശതമാനത്തിലേറെയായി. പാചകഎണ്ണ, മാംസം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. ഡിസംബര്‍ 28ന് ഡോളറിനെതിരെ റിയാല്‍ വീണ്ടും ഇടിഞ്ഞതോടെ ടെഹ്‌റാനിലെ വ്യാപാരികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.