ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി സംഘം ഇന്ത്യയില്‍; ബി ജെ പി- ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി സംഘം ഇന്ത്യയില്‍; ബി ജെ പി- ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച


ന്യൂഡല്‍ഹി: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്റര്‍നാഷണല്‍ ലിയേസണ്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ (ഐ എല്‍ ഡി) നിന്നുള്ള ആറംഗ പ്രതിനിധി സംഘം ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തി. ഉപമന്ത്രിയായ സണ്‍ ഹൈയാന്‍ നയിക്കുന്ന സംഘമാണ് ന്യൂഡല്‍ഹിയില്‍ ഉയര്‍ന്നതല പാര്‍ട്ടി ടു പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തുന്നത്. സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ ഭരണകക്ഷിയായ ബി ജെ പി നേതാക്കളുമായും ആര്‍ എസ് എസ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താനാണ് പരിപാടി.

മുന്‍കാലങ്ങളിലും ഇത്തരം പാര്‍ട്ടിതല സംഭാഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇന്ത്യ- ചൈന ബന്ധങ്ങളിലെ 'പുതിയ ഊഷ്മളത' ആരംഭിച്ചതിന് ശേഷമുള്ള ആദ്യ പാര്‍ട്ടി ടു പാര്‍ട്ടി സംവാദമാണിത്.

2000ത്തിന്റെ അവസാനഘട്ടം മുതല്‍ സി പി സിയും ബി ജെ പിയും തമ്മില്‍ ഇടയ്ക്കിടെ പാര്‍ട്ടിതല ബന്ധങ്ങള്‍ നിലനിന്നിരുന്നു. ബി ജെ പി പ്രതിനിധി സംഘങ്ങളുടെ ചൈന സന്ദര്‍ശനങ്ങളും അതിന് മറുപടിയായി ഇന്ത്യയില്‍ നടന്ന കൂടിക്കാഴ്ചകളും ഇതില്‍ ഉള്‍പ്പെടുന്നു. സി പി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് 1951ല്‍ രൂപീകരിക്കപ്പെട്ട ഐ എല്‍ ഡി പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ മറ്റ് കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായുള്ള ബന്ധങ്ങളിലായിരുന്നു ഐ എല്‍ ഡിയുടെ ശ്രദ്ധയെങ്കിലും 1980-കള്‍ക്ക് ശേഷം കമ്മ്യൂണിസ്റ്റ് അല്ലാത്ത രാഷ്ട്രീയ സംഘടനകള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിലേക്ക് അത് വികസിച്ചു.

ചൈനയുടെ വിദേശകാര്യ മന്ത്രാലയം നടത്തുന്ന രാജ്യാന്തര നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഐ എല്‍ ഡി പ്രവര്‍ത്തിക്കുന്നത്. ബീജിങ്ങിന്റെ വിദേശനയ ലക്ഷ്യങ്ങള്‍ മുന്നോട്ട് നയിക്കുന്നതിന്റെ ഭാഗമായാണ് ഈ പാര്‍ട്ടി നയതന്ത്രം.

2020ലെ ഗല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടല്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുത്ത സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ 2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ഔദ്യോഗിക ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയത് നിര്‍ണായക വഴിത്തിരിവായി. ഇതിനെ തുടര്‍ന്ന് യഥാര്‍ഥ നിയന്ത്രണ രേഖയിലുടനീളം ചില മേഖലകളില്‍ സൈനിക പിന്മാറ്റ കരാറുകളും തുടര്‍ ചര്‍ച്ചകളും നടന്നു.

അതിനുശേഷം, വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി ഇരുപക്ഷവും വ്യക്തമായ നടപടികള്‍ സ്വീകരിച്ചു. 2020 മുതല്‍ നിര്‍ത്തിവച്ചിരുന്ന കൈലാഷ് മാനസരോവര്‍ തീര്‍ഥാടനം 2025ല്‍ പുന:രാരംഭിക്കുകയും 2026ല്‍ കൂടുതല്‍ സംഘങ്ങളെ അനുവദിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതിനൊപ്പം വിനോദസഞ്ചാരികള്‍ക്കും വ്യാപാര യാത്രക്കാര്‍ക്കും ഉള്‍പ്പെടെ വിസ നടപടികള്‍ ലളിതമാക്കി.

2025ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിരവധി ഉയര്‍ന്നതല ഇടപെടലുകള്‍ നടന്നു. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് എ സി ഒ) യോഗങ്ങളും ഉച്ചകോടികളുമായി ബന്ധപ്പെട്ട് ചൈന സന്ദര്‍ശിച്ചിരുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പ്രധാന ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.