തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ട്രംപിന്റെ നീക്കത്തെ തടഞ്ഞ് ഫെഡറല്‍ ജഡ്ജ്

തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ട്രംപിന്റെ നീക്കത്തെ തടഞ്ഞ് ഫെഡറല്‍ ജഡ്ജ്


സിയാറ്റില്‍: തെരഞ്ഞെടുപ്പു ചട്ടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വരാനുള്ള പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കത്തെ സിയാറ്റിലെ ഫെഡറല്‍ ജഡ്ജി ജോണ്‍ എച്ച് ചുന്‍ തടഞ്ഞു. വാഷിങ്ടണ്‍, ഓറിഗണ്‍ സംസ്ഥാനങ്ങളില്‍ ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പിലാക്കുന്നതാണ് കോടതി തടഞ്ഞത്. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം പ്രസിഡന്റിനല്ലെന്നും  സംസ്ഥാനങ്ങള്‍ക്കും കോണ്‍ഗ്രസിനുമാണെന്നും കോടതി നിരീക്ഷിച്ചു.

വോട്ട് ചെയ്യുന്നതിന് പൗരത്വ തെളിവുകള്‍ നിര്‍ബന്ധമാക്കുകയും തപാല്‍ വോട്ടുകള്‍ തെരഞ്ഞെടുപ്പു ദിവസം തന്നെ ലഭിക്കണം എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നതായിരുന്നു  ട്രംപിന്റെ ഉത്തരവ്. ഇത് പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ ഫണ്ട് നല്‍കില്ലെന്നും ഉത്തരവില്‍ മുന്നറിയിപ്പുണ്ടായിരുന്നു. പ്രസിഡന്റിന്റെ ഉത്തരവ് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അധികാര പരിധിക്കു പുറത്താണെന്ന് ജഡ്ജി ജോണ്‍ എച്ച് .ചുന്‍ കണ്ടെത്തി. സമാനമായ രീതിയില്‍ മസാച്യൂസെറ്റ്‌സിലും വാഷിങ്ടണ്‍ ഡി സിയിലും നേരത്തെ കോടതികള്‍ ട്രംപിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.

തെരഞ്ഞെടുപ്പ് നിഷേധിക്കുന്ന ചീഫിനല്ല സംസ്ഥാനങ്ങള്‍ക്കും കോണ്‍ഗ്രസിനുമാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ അവകാശം എന്ന് കോടതി തെളിയിച്ചു എന്ന് വാഷിങ്ടണ്‍ അറ്റോര്‍ണി ജനറല്‍ നിക്ക് ബ്രൗണ്‍ പ്രതികരിച്ചു. വോട്ടര്‍മാരുടെയും നിയമവാഴ്ചയുടെയും വന്‍ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ട് ബൈ മെയില്‍ രീതി പിന്തുടരുന്ന വാഷിങ്ടണ്‍, ഓറിഗണ്‍ എന്നീ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിനു വോട്ടര്‍മാര്‍ക്ക് ഈ വിധി വലിയ ആശ്വാസമാണ്. പൗരത്വ രേഖകള്‍ ഹാജരാക്കാന്‍ ബുദ്ധിമുട്ടുന്ന വോട്ടര്‍മാരുടെയും നിയമവാഴ്ചയുടെയും വന്‍ വിജയമാണ് ഇതെന്നും ദരിദ്ര വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വോട്ടവകാശം നിഷേധിക്കപ്പെടുമെന്ന ആശങ്ക ഇതോടെ താത്ക്കാലികമായി ഒഴിവായി.