ബെംഗളൂരു: അപാര്‍ട്ട്‌മെന്റിലെ തീപിടുത്തമെന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ 18കാരന്‍ അറസ്റ്റില്‍. അപാര്‍ട്ട്‌മെന്റില്‍ മരിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ 34കാരിയായ ശര്‍മിള കുശാലപ്പ കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഒരാഴ്ച മുമ്പാണ് ശര്‍മിളയുടെ മൃതദേഹം അവരുടെ അപാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയത്. വീട്ടിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടുത്തമുണ്ടായതാണ് മരണ കാരണമെന്നാണ് കരുതിയതെങ്കിലും വിശദമായ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ഫോറന്‍സിക് പരിശോധനയില്‍ ശര്‍മിളയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായും തെളിവുകള്‍ നശിപ്പിക്കുന്നതിന് തീ വെച്ചതായും വ്യക്തമായി. തുടര്‍ന്ന്, ശര്‍മിളയുടെ അയല്‍വാസിയായ കര്‍ണാല്‍ കുറൈ എന്ന യുവാവാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു.
സംഭവദിവസം രാത്രി ഏകദേശം ഒന്‍പത് മണിയോടെയാണ് അമ്മയോടൊപ്പം താമസിച്ചിരുന്ന പ്രതി സമീപത്തെ ഫ്‌ളാറ്റിലെ സ്ലൈഡിങ് ജനല്‍ വഴി ശര്‍മിളയുടെ വീട്ടിലേക്ക് കയറിയത്. തുടര്‍ന്ന് ഇയാള്‍ ശര്‍മിളയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയും അവര്‍ അത് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവം അപകടമായി തോന്നിക്കുന്നതിന് പ്രതി ഫ്‌ളാറ്റില്‍ തീ വെച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായും അധികൃതര്‍ അറിയിച്ചു.
