ന്യൂയോര്‍ക്കില്‍ നഴ്‌സുമാര്‍ പണിമുടക്കി; മംദാനിപിന്തുണ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്കില്‍ നഴ്‌സുമാര്‍ പണിമുടക്കി; മംദാനിപിന്തുണ പ്രഖ്യാപിച്ചു


ന്യൂയോര്‍ക്ക്: സമയബന്ധിതമായി കരാര്‍ ചര്‍ച്ചകള്‍ അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തിലെ മൂന്ന് പ്രധാന ആശുപത്രി ശൃംഖലകളിലെ ആയിരക്കണക്കിന് നഴ്സുമാര്‍ പണിമുടക്കി. നഗരത്തില്‍ നഴ്‌സുമാര്‍ നടത്തിയ  ഏറ്റവും വലിയ പണിമുടക്കുകളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. പണിമുടക്ക് മൗണ്ട് സിനായി ആശുപത്രി, അവരുടെ രണ്ട് അനുബന്ധ ക്യാമ്പസുകള്‍, ന്യൂയോര്‍ക്ക്- പ്രിസ്ബിറ്റേറിയന്‍ ആശുപത്രി, ബ്രോങ്ക്‌സിലെ മോണ്‍റിയോഫോര്‍ മെഡിക്കല്‍ സെന്റര്‍ എന്നിവയെ ബാധിച്ചു. 

ഏകദേശം 15,000 നഴ്സുമാരാണ് പണിമുടക്കില്‍ പങ്കെടുത്തത്. ഉയര്‍ന്ന ശമ്പളം, മെച്ചപ്പെട്ട സ്റ്റാഫിംഗ്, സുരക്ഷാ വ്യവസ്ഥകളുടെ മെച്ചപ്പെടുത്തല്‍ എന്നിവയാണ് അവരുടെ പ്രധാന ആവശ്യങ്ങള്‍. നഴ്‌സുമാരുടെ പഴയ കരാര്‍ ഡിസംബര്‍ ഒടുവില്‍ അവസാനിച്ചിരുന്നു. 

കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഫ്‌ളു വര്‍ധിച്ച സമയമായതിനാല്‍ നഴ്‌സുമാരുടെ പണിമുടക്ക് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുകയും രോഗികളെയും ആംബുലന്‍സ് സേവനങ്ങളും മാറ്റിവെക്കാനും സാഹചര്യം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. അതോടെ സമീപത്തെ മറ്റു ആശുപത്രികളില്‍ സമ്മര്‍ദ്ദം വര്‍ധിക്കാനും ഇടയാക്കും.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്രാന്‍ മംദാനി നഴ്സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിന് അവര്‍ മാന്യമായ ശമ്പളവും ഗൗരവവും അര്‍ഹിക്കുന്നുണ്ടെന്ന് മേയര്‍ വ്യക്തമാക്കി. 

സ്റ്റാഫ് ക്ഷാമം കുറയ്ക്കുന്നതിന് ആശുപത്രികള്‍ താത്ക്കാലിക നഴ്സുമാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ഗവര്‍ണര്‍ കാതി ഹോചുള്‍ സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി പ്രഖ്യാപിച്ചു. ദീര്‍ഘകാല പണിമുടക്ക് രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കാമെന്നും ആയിരക്കണക്കിന് ന്യൂയോര്‍ക്ക്വാസികളെ ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.