' ഇറാനെതിരെ സൈനിക നടപടി സാധ്യത; 'എല്ലാ വഴികളും തുറന്നിരിക്കുകയാണ്' - ട്രംപ് ഭരണകൂടം

' ഇറാനെതിരെ സൈനിക നടപടി സാധ്യത; 'എല്ലാ വഴികളും തുറന്നിരിക്കുകയാണ്' - ട്രംപ് ഭരണകൂടം


വാഷിംഗ്ടണ്‍:  ഇറാനില്‍ രൂക്ഷമാകുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ള എല്ലാ വഴികളും അമേരിക്ക പരിഗണിക്കുന്നതായി വ്യക്തമാക്കി വൈറ്റ് ഹൗസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നയതന്ത്രത്തിന് മുന്‍ഗണന നല്‍കുന്നുവെങ്കിലും ആവശ്യമായാല്‍ വ്യോമാക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക നടപടികള്‍ സ്വീകരിക്കാന്‍  മടിക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലിവിറ്റ് അറിയിച്ചു. 'പ്രസിഡന്റിന് എല്ലാ ഓപ്ഷനുകളും എപ്പോഴും മേശപ്പുറത്തുണ്ട്. ഇതില്‍ നയതന്ത്രമാണ് ആദ്യ വഴി. എന്നാല്‍ ആവശ്യമായി വന്നാല്‍ സൈനിക നടപടി സ്വീകരിക്കാന്‍ ട്രംപ് ഭയപ്പെടുന്നില്ല - ഇത് ഇറാനേക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ലെന്ന് ലിവിറ്റ് പറഞ്ഞു.

ഇറാന്‍ നേതാക്കള്‍ പരസ്യമായി പറയുന്നതില്‍ നിന്ന് വ്യത്യസ്തമായ സന്ദേശങ്ങളാണ് സ്വകാര്യമായി വൈറ്റ് ഹൗസിലേക്ക് അയക്കുന്നതെന്നും, ചര്‍ച്ചയ്ക്കുള്ള താല്‍പര്യം അവര്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും ലിവിറ്റ് വ്യക്തമാക്കി. ഇതിനു മുന്‍പ് ട്രംപ് തന്നെ ഇറാന്‍ 'ചര്‍ച്ച ആവശ്യപ്പെട്ട് വിളിച്ചിട്ടുണ്ടെന്നും' കൂടിക്കാഴ്ച നിശ്ചയിക്കപ്പെടുകയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ചിലപ്പോള്‍ കൂടിക്കാഴ്ചയ്ക്കുമുമ്പ് തന്നെ അമേരിക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിലെ 'ധൈര്യശാലികളായ' ജനങ്ങള്‍ക്ക് പിന്തുണയുണ്ടെന്ന് പറഞ്ഞ ട്രംപ്, നാടുകടത്തപ്പെട്ട കിരീടാവകാശി റെസാ പഹ്‌ലവിയുടെ ആഹ്വാനങ്ങള്‍ക്കും അനുകൂലമായി പ്രതികരിച്ചു.

2025 ഡിസംബറില്‍ ഇറാനിലെ സാമ്പത്തിക തകര്‍ച്ചയെയും റിയാലിന്റെ മൂല്യത്തകര്‍ച്ചയെയും തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇന്ന് മതാധിപത്യ ഭരണത്തിനെതിരായ വ്യാപക കലാപമായി മാറിയിരിക്കുകയാണ്. വ്യാപാരികളും കടയുടമകളും ആരംഭിച്ച സമരം സുപ്രീം ലീഡര്‍ അലി ഖമേനിയുടെ പദവി ഒഴിയണമെന്ന ആവശ്യം വരെ ഉയര്‍ത്തി. ചിലയിടങ്ങളില്‍ മുന്‍ ഷായുടെ മകനായ റെസാ പഹ്‌ലവിക്ക് അനുകൂലമായ മുദ്രാവാക്യങ്ങളും മുഴങ്ങി. ഇറാനിന് പുറത്തും യുഎസ്, യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, തുര്‍ക്കി, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം ഉയര്‍ന്നിട്ടുണ്ട്.

ഈ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രായേലും ഉണ്ടെന്നാരോപിച്ച് ഇറാന്‍ ഭരണകൂടം കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളാണ് സ്വീകരിക്കുന്നത്. ഇന്റര്‍നെറ്റ് നിയന്ത്രണവും കൂട്ടത്തടങ്കലും നടപ്പാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മനുഷ്യാവകാശ സംഘടനയായ HRANAയുടെ കണക്കുപ്രകാരം സുരക്ഷാസേനാംഗങ്ങള്‍ ഉള്‍പ്പെടെ 500ലേറെ പേര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. 2022-23 കാലഘട്ടത്തില്‍ മഹ്‌സാ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ഇറാനില്‍ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷേഭമാണ് ഇപ്പോഴത്തേത്. ഇതിന് ഇടയിലാണ് ഇറാനെതിരെ അമേരിക്കയുടെ സൈനിക ഇടപെടല്‍ സാധ്യത അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയായി മാറുന്നത്.