ചരിത്രത്തിലാദ്യമായി സൗദി അറേബ്യ മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നു

ചരിത്രത്തിലാദ്യമായി സൗദി അറേബ്യ മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നു


റിയാദ്: ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ കടുത്ത ഇസ്ലാമിക നിയമങ്ങളുമായി പോയിരുന്ന സൗദി അറേബ്യ അടുത്ത കാലത്തായി കാലികവും അതിവേഗത്തിലുമുള്ള മാറ്റങ്ങളുടെയും പരിഷ്‌കാരങ്ങളുടെയും പാതയിലേക്ക് വഴിമാറിയിരിക്കുകയാണ്.  
കിരീടവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തിയതോടെയാണ് പരിഷ്‌കാരങ്ങള്‍ക്ക് വേഗമേറിയത്. വനിതകള്‍ക്ക് വാഹനങ്ങളോടിക്കാന്‍ അനുമതി നല്‍കിയതും രാജ്യത്ത് സിനിമാ ശാലകള്‍ ആരംഭിച്ചതും മുതല്‍ വിദേശികളായ നയതന്ത്രജ്ഞര്‍ക്ക് മദ്യം ലഭിക്കുന്നത് വരെ എത്തിയിരിക്കുന്നു സൗദിയിലെ മാറ്റങ്ങള്‍.

സൗദി അറേബ്യ ലോക സൗന്ദര്യ മല്‍സരത്തിന് ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്ത. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സൗദി ലോക സുന്ദരി മല്‍സരത്തില്‍ ഭാഗമാകുന്നത്. മിസ് യൂണിവേഴ്സ് മല്‍സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിക്കുക റുമി അല്‍ ഖഹ്താനിയായിരിക്കും. ഇതോടെ ഈ യുവതിയെ കുറിച്ച് ഗൂഗിളില്‍ തിരയുന്നവരുടെ എണ്ണം വര്‍ധിച്ചു.

ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയില്‍ അടുത്ത കാലം വരെ മത നിയമങ്ങള്‍ ശക്തമായ രീതിയില്‍ നിലനിന്നിരുന്നു. എന്നാല്‍ സമീപ കാലത്താണ് ചില ഇളവുകള്‍ വരുത്തിയത്. സിനിമാ ചിത്രീകരണം, സിനിമാ പ്രദര്‍ശനം, രാത്രി ആഘോഷങ്ങള്‍ എന്നിവയെല്ലാം ഇപ്പോള്‍ സൗദി അറേബ്യയില്‍ നടക്കുന്നുണ്ട്. 35 വര്‍ഷം നിലനിന്ന സിനിമാ പ്രദര്‍ശന നിരോധനമാണ് സൗദി ഏതാനും വര്‍ഷം മുമ്പ് എടുത്തുമാറ്റിയത്.

എണ്ണ വരുമാനത്തിന് പുറമെ മറ്റു ആദായ മാര്‍ഗങ്ങളും സൗദി അറേബ്യ പരീക്ഷിക്കുന്നുണ്ട്. ഇതില്‍ പ്രധാനമാണ് ടൂറിസം മേഖല. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ സൗദി നടപ്പാക്കുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തും സൗദി അറേബ്യ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. നിയോം സിറ്റി ഉള്‍പ്പെടെയുള്ള അത്ഭുത നഗരങ്ങള്‍ സൗദിയില്‍ വരികയാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് റുമി അല്‍ ഖഹ്താനി. 27കാരിയായ ഇവര്‍ തന്നെയാണ് ലോക സുന്ദരി മല്‍സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സൗദിയെ പ്രതിനിധീകരിക്കുന്ന ആദ്യ മല്‍സരാര്‍ഥി താനാകുമെന്നാണ് റുമി പറഞ്ഞത്. സൗദി ആദ്യമായിട്ടാണ് സുന്ദരി മല്‍സരത്തില്‍ പങ്കെടുക്കുന്നതെന്നും അവര്‍ കുറിച്ചു.

ഖലീജ് ടൈംസ്, എബിസി ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സൗദിയുമായി ബന്ധപ്പെട്ട ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദി അറേബ്യക്കാരിയാണ് റുമി. റിയാദാണ് സ്വദേശം. നേരത്തെ അവര്‍ പല സൗന്ദര്യ മല്‍സരത്തിലും പങ്കെടുത്തിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് മലേഷ്യയില്‍ നടന്ന മിസ് ആന്റ് മിസിസ് ഗ്ലോബല്‍ ഏഷ്യന്‍ മല്‍സരത്തിലും അവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അതൊന്നും സൗദി അറേബ്യയെ പ്രതിനിധീകരിച്ചായിരുന്നില്ല.