ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സൈനികരെ പിന്‍വലിച്ചതിന് ശേഷം ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള തുടര്‍നടപടികള്‍ക്ക് ഇരുകക്ഷികളും തുടക്കം കുറിക്കുന്നു.
സമാധാന നടപടികള്‍ ഇന്ത്യയും ചൈനയും ചര്‍ച്ച ചെയ്യുകയും അതിര്‍ത്തി വിഷയത്തില്‍ പ്രത്യേക പ്രതിനിധികളുടെയും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെയും യോഗം ഉടന്‍ വിളിക്കാന്‍ പരസ്പരം സമ്മതിക്കുകയും ചെയ്തു.
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ കോവിഡ് കാലത്ത് നിറുത്തിയ നേരിട്ടുള്ള വിമാന സര്‍വീസും കൈലാസ് മാനസ സരോവര്‍ യാത്രയും പുനരാരംഭിക്കാനും നടപടികള്‍ ആരംഭിച്ചു.
ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ച ഇതേക്കുറിച്ചായിരുന്നു.
കിഴക്കന്‍ ലഡാക്കിലെ സേനാ പിന്‍മാറ്റവും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയും ഇരുവരും വിലയിരുത്തി.അതിര്‍ത്തി തര്‍ക്കം ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതോടെയാണ് നേരിട്ടുള്ള വിമാന സര്‍വീസും കൈലാസ് മാനസരോവര്‍ യാത്രയും പുനരാരംഭിക്കുന്നത് നീണ്ടത്.
റഷ്യയിലെ കസാനില്‍ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ബന്ധത്തില്‍ ഉണര്‍വുണ്ടായി.
അതിര്‍ത്തിയില്‍ സേനാ പിന്‍മാറ്റം നടന്നതിന് പിന്നാലെ ഉഭയകക്ഷി ബന്ധം വിപുലമാക്കാനുള്ള ചര്‍ച്ചകളും സജീവമായി.
സമാധാന ചര്‍ച്ചകളും ഉഭയകക്ഷി ബന്ധം വിപുലമാക്കാനുള്ള നടപടികളും ചര്‍ച്ച ചെയ്തെന്ന് സമൂഹമാദ്ധ്യമമായ എക്സില്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പങ്കിട്ട ജയശങ്കര്‍ പറഞ്ഞു. ഉഭയകക്ഷി ബന്ധത്തിന്റെ തുടര്‍ നടപടികളെക്കുറിച്ച് അഭിപ്രായങ്ങള്‍ കൈമാറിയെന്നും ആഗോള സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും ജയശങ്കര്‍ പറഞ്ഞു.
കോവിഡ് കാലത്ത് നിര്‍ത്തിവെച്ച ഇന്ത്യ-ചൈന വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണ; ഉഭയകക്ഷി ചര്‍ച്ചയ്ക്കും സമ്മതം