ധാക്ക: പുനഃസംഘടനയുടെ ഭാഗമായി ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളിലെ ഹൈക്കമ്മീഷണര്‍മാരെ തിരിച്ചു വിളിച്ചു. ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ മുസ്തഫിസുര്‍ റഹ്മാനോട് ഉടന്‍ ധാക്കയിലേക്ക് മടങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ന്യൂഡല്‍ഹിയും ധാക്കയും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലെ ബംഗ്ലാദേശ് പ്രതിനിധിയെ തിരിച്ചുവിളിച്ചത് എന്നത് ശ്രദ്ധേയമാണ്.
റഹ്മാനെ കൂടാതെ ബെല്‍ജിയത്തിലെ സ്ഥാനപതി മഹ്ബൂബ് ഹസന്‍ സാലിഹ്, ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി മുഹമ്മദ് അബ്ദുല്‍ മുഹിത്ത്, ഓസ്ട്രേലിയയിലെ ഹൈക്കമ്മീഷണര്‍ എം അല്ലാമ സിദ്ദിഖി, പോര്‍ച്ചുഗലിലെ അംബാസഡര്‍ റെസീന അഹമ്മദ് എന്നിവരെയും ധാക്ക തിരിച്ചുവിളിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയിലെ നയതന്ത്രജ്ഞരുടെ കരാര്‍ അവസാനിപ്പിക്കുന്നത് ഇത് ആദ്യ സംഭവമല്ല. ഓഗസ്റ്റില്‍ ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി (പ്രസ്സ്) ഷബാന്‍ മഹമൂദ്, കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് കോണ്‍സുലേറ്റിലെ ഫസ്റ്റ് സെക്രട്ടറി (പ്രസ്സ്) രഞ്ജന്‍ സെന്‍ എന്നിവരെയും അവരുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഓഗസ്റ്റില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്നാലെ പ്രധാമന്ത്രിയുടെ ഔദ്യോഗിക വസതി പിടിച്ചടക്കിയതോടെ ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്തഷെയ്ക്ക് ഹസീന വടക്കേ ഇന്ത്യന്‍ നഗരമായ ഗാസിയാബാദിലാണ് അഭയം തേടിയത്.
പ്രതിഷേധക്കാരുടെ മരണത്തില്‍ ഹസീനയ്ക്ക് പങ്കുണ്ടെന്ന് കാണിച്ച് കോടതിയില്‍ വിചാരണ നടത്തുന്നതിന് ഹസീനയെ കൈമാറണമെന്ന് ഇടക്കാല സര്‍ക്കാര്‍ ന്യൂഡല്‍ഹിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹസീനയെ കൈമാറാന്‍ ബംഗ്ലാദേശ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ മാസം രാജ്യത്തെ ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണലിന്റെ (ഐ സി ടി) പുതുതായി നിയമിതനായ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് തൈജുല്‍ വ്യക്തമാക്കിയിരുന്നു.