ലിയോൺ (ഫ്രാൻസ്): ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി ഇന്റർപോൾ. 'ഓപ്പറേഷൻ ലയൺഫിഷ്മയാഗ് 3' എന്ന പേരിൽ നടത്തിയ ആഗോള മയക്കുമരുന്ന് വേട്ടയിൽ 18 രാജ്യങ്ങളിൽ നിന്നായി 76 ടൺ സിന്തറ്റിക് മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. രണ്ടാഴ്ച നീണ്ടുനിന്ന ഈ ഓപ്പറേഷനിലൂടെ ഏകദേശം 54,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് അധികൃതർ പിടിച്ചെടുത്തത്. പിടിച്ചെടുത്തവയിൽ 297 ദശലക്ഷം മെത്താംഫെറ്റാമൈൻ ഗുളികകളും ഫെന്റനൈൽ, ഹെറോയിൻ, കൊക്കെയ്ൻ എന്നിവയും മയക്കുമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുമുണ്ട്.
സർഫ്‌ബോർഡുകൾ, ചായപ്പെട്ടികൾ, പൂച്ചക്കുള്ള ഭക്ഷണ പാക്കറ്റുകൾ, കോഫി മെഷീനുകൾ എന്നിവക്കുള്ളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 386 പേരെ ഈ ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഡാർക്ക്‌നെറ്റിൽ പ്രവർത്തിക്കുന്ന നിരവധി മയക്കുമരുന്ന് കടത്ത് സംഘങ്ങളെ പിടികൂടുകയും അവരുടെ പ്രവർത്തനങ്ങൾ തകർക്കുകയും ചെയ്തിട്ടുണ്ട്.
പിടികൂടിയ മയക്കുമരുന്നുകളിൽ ഫെന്റനൈലിന്റെ അളവാണ് ഏറ്റവുമധികം ഞെട്ടലുണ്ടാക്കുന്നത്. 151 ദശലക്ഷം ആളുകളെ കൊല്ലാൻ ശേഷിയുള്ള ഫെന്റനൈലാണ് 'ഓപ്പറേഷൻ ലയൺഫിഷ്മയാഗ് 3'ലൂടെ പിടിച്ചെടുത്തത്. ഏറ്റവും കൂടുതൽ ഫെന്റനൈൽ പിടിച്ചെടുത്തത് ഇന്ത്യയിൽ നിന്നാണെന്ന് ഇന്റർപോൾ വെളിപ്പെടുത്തി. മോർഫിനും ഹെറോയിനും സമാനമായ ഒരു സിന്തറ്റിക് ഓപിയോയ്ഡ് ആണ് ഫെന്റനൈൽ. ഇത് പൂർണമായും ലാബുകളിൽ നിർമിക്കുന്നതാണ്. ഇത് നിയമപരമായി വേദന സംഹാരിയായി ഉപയോഗിക്കുന്നുണ്ടെങ്കിലും ലോകവ്യാപകമായി നടക്കുന്ന മയക്കുമരുന്ന് ദുരുപയോഗത്തിൽ പിടികൂടുന്നത് അനധികൃതമായി നിർമിച്ച ഫെന്റനൈലാണ്. ഈ ഓപ്പറേഷനിൽ പിടികൂടിയ ഫെന്റനൈലിൽ ഭൂരിഭാഗവും ഇന്ത്യയിൽ അനധികൃതമായി നിർമിച്ചതാണെന്ന് ഇന്റർപോൾ കണ്ടെത്തി.
ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ അന്താരാഷ്ട്ര മയക്കുമരുന്ന് വേട്ടകളിലൊന്നാണ് ഇതെന്ന് ഇന്റർപോൾ വിശേഷിപ്പിച്ചു. സിന്തറ്റിക് മയക്കുമരുന്ന് കടത്തിന്റെ വ്യാപ്തിയും അതിർത്തി കടന്നുള്ള സഹകരണത്തിന്റെ അനിവാര്യതയും ഈ ഓപ്പറേഷൻ ചൂണ്ടിക്കാണിക്കുന്നുവെന്നും ഇന്റർപോൾ വ്യക്തമാക്കി.
ഇന്ത്യയടക്കം 18 രാജ്യങ്ങളിൽ നിന്ന് 76 ടൺ സിന്തറ്റിക് മയക്കുമരുന്നുകൾ പിടികൂടി ഇന്റർപോൾ
